ഉമ്മന്‍ചാണ്ടി പ്രസിഡന്റായ കശുവണ്ടിത്തൊഴിലാളി കോണ്‍ഗ്രസ് പിളരുന്നു
കൊല്ലം: വി സത്യശീലന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന ജനറല്‍ സെക്രട്ടറി സ്ഥാനത്തെച്ചൊല്ലി ഉമ്മന്‍ചാണ്ടി പ്രസിഡന്റായ കേരളാ കശുവണ്ടിത്തൊഴിലാളി കോണ്‍ഗ്രസില്‍ തമ്മിലടി. ഐ.എന്‍.ടി.യു.സി നേതൃത്വത്തിലുള്ള കശുവണ്ടി തൊഴിലാളികള്‍ക്കിടയില്‍ ഗണ്യമായ സ്വാധീനമുള്ള സംഘടനയാണ് കശുവണ്ടിത്തൊഴിലാളി കോണ്‍ഗ്രസ്. ഐ.എന്‍.ടി.യു.സിയില്‍ അഫിലിയേറ്റു ചെയ്തിട്ടുള്ള കശുവണ്ടി യൂനിയനുകളില്‍ എ ഗ്രൂപ്പിന്റെ ശക്തമായ സംഘടനയുമാണ് ഇത്. സെക്രട്ടറിയായിരുന്ന സത്യശീലന്റെ മരണത്തോടെ ഒഴിവു വന്ന സ്ഥാനത്ത് മകന്‍ സവിന്‍ സത്യനെ പകരം നിയമിച്ചതാണ് സംഘടനയെ പ്രതിസന്ധിയിലാക്കിയത്.
ഭാരവാഹികളെ നിശ്ചയിക്കാന്‍ അജണ്ട വച്ച് യോഗം ചേരാതെ പുതുതായി വര്‍ക്കിങ് പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും തെരഞ്ഞെടുത്തത് അംഗീകരിക്കില്ലെന്ന് കഴിഞ്ഞ ഇരുപത് വര്‍ഷമായി സംഘടനയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന വി.ഡി സുദര്‍ശനന്‍ പറഞ്ഞു. സത്യശീലന്റെ ഒഴിവില്‍ നിലവിലെ ഭാരവാഹികളായവരെയാണ് നിയോഗിക്കേണ്ടത്. അനുസ്മരണത്തിനു മാത്രമായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഒപ്പുശേഖണം നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും സുദര്‍ശനന്‍ പറഞ്ഞു.
കുടുംബവാഴ്ചയുടെ അടിസ്ഥാനത്തില്‍ ഭാരവാഹികളെ പ്രഖ്യപിക്കുന്നത് ട്രേഡ് യൂനിയന്‍ സംസ്‌ക്കാരമല്ല. സംഘടനയെ പിറകില്‍നിന്നും നയിക്കുന്ന ചിലരാണ് ഈ നീക്കത്തിനു പിന്നില്‍. സത്യശീലന്റെ നേതൃത്വത്തില്‍ ദീര്‍ഘകാലമായി ചിട്ടയായും കാര്യക്ഷമമായിട്ടുമായിരുന്നു സംഘടന പ്രവര്‍ത്തിച്ചിരുന്നുത്. എന്നാല്‍ സവിന്‍ സത്യനോട് വിരോധമില്ലെങ്കിലും തെരഞ്ഞെടുത്ത രീതിയെയാണ് എതിര്‍ക്കുന്നതെന്നും ഇതിനെതിരേ സംഘടനയിലെ സമാനമനസ്‌ക്കരുമായി ആലോചിച്ച് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും സുദര്‍ശനന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഘടനാ ഭാരവാഹികളായ ടി.ആര്‍ ഗോപകുമാര്‍, എം ചന്ദ്രന്‍പിള്ള, പി അബ്ദുല്‍ഖാദര്‍, കെ രമണന്‍പിള്ള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."