കോഴിക്കോട് സമ്പൂര്‍ണ ഗ്രീന്‍ അംബാസഡര്‍ ജില്ലയായി
വടകര: ജില്ലയിലെ മുഴുവന്‍ ക്ലാസ് മുറികളിലും പരിസ്ഥിതി, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഗ്രീന്‍ അംബാസിഡര്‍മാര്‍ സജ്ജരായതോടെ സമ്പൂര്‍ണ് ഗ്രീന്‍ അംബാസഡര്‍ ജില്ലയായി കോഴിക്കോട് മാറി. ഹരിത കേരള മിഷന്റെ ഭാഗമായി ജില്ലാഭരണകൂടത്തിന്റെ സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതി ജില്ലയിലെ സ്‌കൂളുകളില്‍ നടപ്പാക്കാന്‍ രൂപീകരിക്കപ്പെട്ട ഗ്രീന്‍ അംബാസഡര്‍മാര്‍ ശില്‍പശാലയുടെ സമാപനവും സമ്പൂര്‍ണ ഗ്രീന്‍ അംബാസിഡര്‍ വിദ്യാലയ പ്രഖ്യാപനവും വടകര ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.
ജില്ലയിലെ മുഴുവന്‍ വീടുകളിലും ഗ്രീന്‍ അംബാസഡര്‍മാരെ ഉണ്ടാക്കുന്നതിന്റെ മുന്നോടിയായി വിദ്യാലയങ്ങളില്‍ ഗ്രീന്‍ അംബാസഡര്‍മാരെ സൃഷ്ടിക്കുന്നതിനുള്ള ദൗത്യം ജില്ലയില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ് ഏറ്റെടുക്കുകയായിരുന്നു. ഇതിനായി ആറ്് അധ്യാപക ശില്‍പശാലകളും പതിനേഴ് വിദ്യാര്‍ഥി ശില്‍പശാലകളും സംഘടിപ്പിച്ചു.
മുഴുവന്‍ സ്‌കൂളുകളിലും ശില്‍പശാല നടന്നു. ഇതിലൂടെ മുഴുവന്‍ ക്ലാസ് മുറികളിലും ഗ്രീന്‍ അംബാസിഡര്‍മാരെ സജ്ജരാക്കി. 5469 ഗ്രീന്‍ അംബാസഡര്‍മാരാണ് ഉള്ളത്.
ഇവരുടെ നേതൃത്വത്തില്‍ ബുധനാഴ്ച തോറും ഹരിത ദിനമായി സ്‌കൂളുകളില്‍ ആചരിക്കും. വിവിധ പരിസ്ഥിതി ശുചിത്വ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. സ്‌കൂളിലെ ജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ ഇവര്‍ നേതൃത്വം നല്‍കും. അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സ്‌കൂളുകളില്‍ ഉണ്ടാക്കിയിരിക്കുന്ന മിനി എം.ആര്‍.എഫില്‍ സൂക്ഷിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് സംസ്‌കരിക്കാനായി കൈമാറും. പ്ലാസ്റ്റിക് വിരുദ്ധ കാംപസുകള്‍ ആയി സ്‌കൂളുകളെ പ്രഖ്യാപിക്കും.
ഗ്രീന്‍ അംബാസഡര്‍ ശില്‍പശാലകളുടെ സമാപനം ഡി.ഇ. ഒ.സി മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ അംബാസിഡര്‍ ടി. ഷഹാന അധ്യക്ഷയായി. ഗ്രീന്‍ അംബാസഡര്‍മാരായ അനാമിക അനില്‍, ഒ.എം അവിഷ്ണ എന്നിവര്‍ ചേര്‍ന്ന് സമ്പൂര്‍ണ ഗ്രീന്‍ അംബാസിഡര്‍ വിദ്യാലയ പ്രഖ്യാപനം നടത്തി. സേവ് ജില്ലാ കോഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു. ശില്‍പശാലകള്‍ കൈകാര്യം ചെയ്ത ഷൗക്കത്ത് അലി എരോത്തിനെ ആദരിച്ചു. കെ.കെ ദിയ, എം.കെ ഷഫീഖ്, ഐ.വി സജിത്ത്, ടി. നാസര്‍, ടി. എന്‍. കെ നിഷ, സി.കെ രാജലക്ഷ്മി, ടി വേണുഗോപാല്‍, യു.വി അശോകന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."