മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ട് ആദിവാസി കുടുംബങ്ങള്‍
അരീക്കോട്: മലവെള്ളപ്പാച്ചിലില്‍ ദുരിതം നേരിട്ട് ആദിവാസികള്‍. ഓടക്കയം, കുരീരി ആദിവാസി കോളനിയിലെ അഞ്ച് കുടുംബങ്ങള്‍ വീടിന് മുന്നിലൂടെ കുതിച്ചൊഴുകുന്ന മലവെള്ളപ്പാച്ചിലിന് മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ ഒറ്റപ്പെട്ടു കിടക്കുകയാണ്. മുപ്പാലി ലീല, ബാബു രാജന്, വാസന്തി, രാധാമണി, ജയന്തി എന്നിവരുടെ കുടുംബങ്ങളാണ് ഭീതിയില്‍ കഴിയുന്നത്. പ്രധാന റോഡിന് 100 മീറ്റര്‍ മാറി ഉയരത്തിലാണിവരുടെ വീടുകള്‍.
കുറഞ്ഞ ദൂരമേ പ്രധാന റോഡിലേക്ക് വീടുകളില്‍ നിന്നുമു ള്ളൂ. എങ്കിലും വീടിനും റോഡിനും നടുവിലൂടെയാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രോഗികള്‍ക്കും മഴ ശാന്തമാകുമ്പോളല്ലാതെ റോഡിലേക്ക് കടക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
കഴിഞ്ഞ ദിവസം എടവണ്ണയിലെ ചാത്തല്ലൂരും ഊര്‍ങ്ങാട്ടിരിയിലെ വിവിധ ഭാഗങ്ങളിലും ഉരുള്‍ പൊട്ടലുണ്ടായതോടെ ഇവര്‍ ഭീതിയിലാണ്. ഈ കുടുംബങ്ങള്‍ക്ക് റോഡില്‍ നിന്നും വീട്ടിലേക്കുള്ള വഴി വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇവര്‍ക്ക് വഴി അനുവദിച്ചു നല്‍കണമെന്ന് പട്ടികജാതി-വര്‍ഗ ഗോത്ര കമ്മിഷന് ഐ.ടി.ഡി.പിക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഐ.ടി.ഡി.പി അധികൃതര്‍ തികഞ്ഞ നിസഹകരണമാണ് കാണിച്ചതെന്ന് ആദിവാസികള്‍ പറയുന്നു. ഒരു ദുരന്തത്തിന് കാത്തു നില്‍ക്കാതെ മലവെള്ളപ്പാച്ചില്‍ മുറിച്ചു കടക്കേണ്ടി വരുന്ന ഈ ആദിവാസി കുടുംബങ്ങളുടെ പ്രയാസം ദൂരീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അധ്യകൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."