പോസ്റ്റുമാന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
പള്ളുരുത്തി: റോഡരികില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. പോസ്റ്റുമാനായി വിരമിച്ച കുരിശിങ്കല്‍ വീട്ടില്‍ ജോസഫിനെ (63) ആണ് വഴിയില്‍ മരിച്ചു കിടക്കുന്ന നിലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ നിന്നും പോയ ജോസഫിനെ അന്വേഷിച്ച് ഒരു സംഘം വീട്ടില്‍ എത്തിയിരുന്നതായും വീട്ടുകാര്‍ പറയുന്നു. ജോസഫ് വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ഭാര്യ സ്ഥലം പഞ്ചായത്ത് അംഗത്തോട് വിവരം പറഞ്ഞിരുന്നു.
മാളാട്ട് ബേക്കറിക്കു സമീപം ജോസഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു കൂടി കാര്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട് കൊല്ലശ്ശാണി തോമാസ് വാള്ഡ്രിന്റെ കുടുംബവുമായി ഏറെ നാളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. സ്ഥലം വിട്ടു നല്കാന് ജോസഫ് ഒരുക്കമല്ലായിരുന്നു.
ഇതേ തുടര്‍ന്ന് ഇയാള്‍ക്ക് നിരന്തര ഭീഷണിയുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇവിടുത്തെ പഞ്ചായത്ത് അംഗത്തോട് തന്നെ കൊലപ്പെടുത്താന്‍ എതിര് ഭാഗം ഭീഷണിയുയര്‍ത്തുന്നതായും ജോസഫ് നേരത്തെ പരാതി പറഞ്ഞിരുന്നു.
വ്യാഴാഴ്ച വൈകിട്ട് തോമസിന്റെ വീട്ടിലെത്തി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ജോസഫിന് മര്‍ദനമേറ്റിരുന്നതായും ജീവരക്ഷാര്‍ഥം ഓടിയ ഇയാളെ പിന്തുടര്ന്ന് ഒരു സംഘം ഉപദ്രവിച്ചതായും പറയുന്നു. അതേസമയം സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാതെ പൊലിസ് സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടത്തുകയായിരുന്നുവെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തിരക്കുപിടിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി ഹൃദയാഘാതമാണ് മരണകാരണമെന്ന് വരുത്തി തീര്‍ക്കുകയായിരുന്നുവെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."