മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍; ആഘോഷമാക്കി യാത്രക്കാരും ജീവനക്കാരും
കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി മോട്രോ ജീവനക്കാാരും യാത്രക്കാരും. 'ഹാപ്പി ബര്‍ത്ത് ഡേ കൊച്ചി മെട്രോ' എന്നെഴുതിയ ഭീമന്‍ കേക്ക് മുറിച്ചായിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഇന്നലെ രാവിലെ ഇടപ്പള്ളി മെട്രോ സ്‌റ്റേഷനുള്ളില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു കേരളത്തിന്റെ സ്വപ്ന പദ്ധതി സാക്ഷാത്കരിച്ചിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായത്.
കൊച്ചിയിലെ ജനപ്രതിനിധികളും കെ.എം.ആര്‍.എല്‍ അധികൃതരും ചേര്‍ന്നാണ് കേക്ക് മുറിച്ച് പിറന്നാള്‍ മധുരം പങ്കുവച്ചത്. പ്രൊഫ.കെ.വി തോമസ് എം.പി, കെ.എം.ആര്‍.എല്‍ എം.ഡി മുഹമ്മദ് ഹനീഷ്, അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുന്‍ കെ.എം.ആര്‍.എല്‍ എം.ഡിയുമായ ടോം ജോസ്, എം.എല്‍.എമാരായ ഹൈബി ഈഡന്‍, എം സ്വരാജ്, അന്‍വര്‍ സാദത്ത്, വി.കെ ഇബ്രാഹിംകുഞ്ഞ്, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ്, കൊച്ചിന്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി സാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍, കളമശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് കൊച്ചി മെട്രോയുടെ ലോഗോ ആലേഖനം ചെയ്ത കേക്ക് മുറിച്ചത്.
കെ.എം.ആര്‍.എല്‍ ജീവനക്കാരും യാത്രക്കാരുമൊക്കെ കേക്ക് മുറിയില്‍ പങ്കാളികളായി. തുടര്‍ന്ന് ഇടപ്പള്ളി മെട്രോ സ്‌റ്റേഷനില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച ടൈം ട്രാവലര്‍മാജിക് മെട്രോ എന്ന മാജിക് ഷോയും അരങ്ങേറി. രാവിലെ തന്നെ കൊച്ചി മെട്രോ ട്രെയിനില്‍ കയറിയ മുതുകാട് ചില മാജിക് നമ്പറുകളുമായി യാത്രക്കാരെ കൈയിലെടുത്തിരുന്നു. തുടര്‍ന്ന് മെട്രൊയുടെ യാത്ര സുഗമമാക്കാന്‍ ഒരുമിച്ചുനിന്ന കുടുംബശ്രീ, കൊച്ചി മെട്രൊ പൊലിസ് തുടങ്ങിയവരെ ആദരിച്ചു. വാര്‍ഷികദിനത്തില്‍ ഒരു മണിക്കൂര്‍ നേരത്തേ സര്‍വീസ് ആരംഭിച്ചാണ് കെ.എം.ആര്‍.എല്‍ ആഘോഷമാരംഭിച്ചത്. തിങ്കളാഴ്ച വരെ യാത്രക്കാര്‍ക്ക് ടിക്കറ്റിനൊപ്പം നല്‍കുന്ന കൂപ്പണിലൂടെ സമ്മാനം നേടാനും അവസരമുണ്ട്്.
ഔദ്യോഗികമായി മെട്രോ ഓടിതുടങ്ങിയതിന്റെ ഓര്‍മപുതുക്കി യാത്രക്കാര്‍ക്ക് നാളെ സൗജന്യയാത്രയും കെ.എം.ആര്‍.എല്‍ ഒരുക്കിയിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി ഈ മാസം 30 വരെ കൊച്ചി വണ്‍ കാര്‍ഡ് എടുക്കുന്നവര്‍ക്ക് ഇഷ്യൂ ഫീസായ 237 രൂപ ഒഴിവാക്കിയിട്ടുണ്ട്. മെട്രോയില്‍ പ്രതിമാസപ്രതിദിന പാസുകളും ഒരു മാസത്തിനുള്ളില്‍ നിലവില്‍ വരും.
പേട്ട വരെയുള്ള സര്‍വീസിന്റെ ആദ്യഘട്ടം ഒരു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കുമെന്നും കാക്കനാട്, നെടുമ്പാശേരി എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള എക്സ്റ്റന്‍ഷനും അധികം വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്നും കെ.എം.ആര്‍.എല്‍ എംഡി വ്യക്തമാക്കി. ഇതോടെ മെട്രോ ലാഭത്തിലേക്കെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."