നീലക്കുറിഞ്ഞി ഉദ്യാനത്തിലെ മരം മുറിക്കെതിരേ വനംവകുപ്പ്
തൊടുപുഴ: നീലക്കുറിഞ്ഞി ഉദ്യാനം ഉള്‍പ്പെടുന്ന അഞ്ചുനാട് വില്ലേജിലെ മരം മുറിക്കാനുള്ള റവന്യൂ വകുപ്പിന്റെ ഉത്തരവിനെതിരെ വനംവകുപ്പ് രംഗത്ത്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ മരം മുറിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദേവികുളം സബ് കലക്ടര്‍ ഡോ. രേണുരാജ് മൂന്നാര്‍ ഡിവൈ.എസ്.പിക്ക് കത്തുനല്‍കി.
നീലക്കുറിഞ്ഞി സെറ്റില്‍മെന്റ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ മേഖലയിലെ മരം മുറിക്കുന്നത് ഈ നടപടികളെ ദുര്‍ബലപ്പെടുത്തും എന്നാണ് കത്ത്്. വട്ടവട, കൊട്ടാക്കമ്പൂര്‍ മേഖലകള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ നിന്ന് കോടികള്‍ വില വരുന്ന യൂക്കാലി, ഗ്രാന്റീസ് മരങ്ങളാണ് മുറിച്ച് കടത്താന്‍ നീക്കം നടക്കുന്നത്. മരം മുറിക്കാന്‍ അനുമതി നല്‍കിയുള്ള റവന്യൂ വകുപ്പിന്റെ നീക്കം കൈയേറ്റക്കാരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണെന്ന് ആക്ഷേപം ശക്തമാണ്. അതേസമയം വകുപ്പിലെ തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥ ഇതിനെതിരെ രംഗത്തെത്തിയെന്ന അപൂര്‍വതയും ഇതിനുണ്ട്.
ഫെബ്രുവരി 12നാണ് നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതം ഉള്‍പ്പെടുന്ന അഞ്ചുനാട് മേഖലയിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഭേദഗതി വരുത്തി ലാന്റ് ആന്‍ഡ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു വീണ്ടും ഉത്തരവിറക്കിയത്. കേരള വന ഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം മേഖലയില്‍ നിന്ന് മരം മുറിച്ചു നീക്കുന്നത് വന്‍തോതിലുള്ള മണ്ണൊലിപ്പിനും മരം പിഴുതുമാറ്റാന്‍ മണ്ണുമാന്തി യന്ത്രം എത്തിക്കുന്നത് വലിയ പരിസ്ഥിതി നാശത്തിനും ഇടയാക്കുമെന്നും അതിനാല്‍ മരങ്ങള്‍ പിഴുത് മാറ്റുന്നതിന് പകരം മുറിച്ചുനീക്കുകയാണ് വേണ്ടതെന്നും ജനങ്ങളുടെ ക്ഷേമത്തിനാണ് ഇതെന്നും ഉത്തരവില്‍ പറയുന്നു. അവശേഷിക്കുന്ന ഭാഗങ്ങള്‍ കത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജലക്ഷാമം രൂക്ഷമാണെന്ന പേര് പറഞ്ഞാണ് മരങ്ങള്‍ വേരോടെ പിഴുത് മാറ്റാന്‍ സര്‍ക്കാര്‍ ആദ്യം ഉത്തരവിറക്കിയത്.
കഴിഞ്ഞ 25നാണ് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സബ് കലക്ടര്‍ക്കും ജില്ലാ കലക്ടര്‍ക്കും മരം മുറി തടയണമെന്ന് കാട്ടി കത്ത് നല്‍കിയത്. 6.10.2006 ഉത്തരവ് പ്രകാരം 3200 ഹെക്ടര്‍ ഭൂമി നിര്‍ദ്ദിഷ്ട നീലക്കുറിഞ്ഞി സങ്കേതത്തിനായി വിജ്ഞാപനം ഇറങ്ങിയിട്ടുള്ളതാണ്. ഇത് പ്രകാരം 2007 ഡിസംബര്‍ 12ന് ദേവികുളം സബ് കലക്ടറെ ഇതിന്റെ സെറ്റില്‍മെന്റ് ഓഫീസറായി നിയമിക്കുകയും ചെയ്തു.
സെന്റില്‍മെന്റ് നടപടികളുടെ ഭാഗമായി 452 അപേക്ഷകള്‍ പരിഗണിച്ച് വരികയാണ്. പരിശോധന പുരോഗമിക്കുന്ന സാഹചര്യത്തില്‍ മരം മുറിക്കാന്‍ അനുമതി നല്‍കുന്നത് നടപടികളെ ദുര്‍ബലപ്പെടുത്തുമെന്നും ഇത് പൂര്‍ത്തിയാകുന്നതുവരെ മരംമുറിക്കുന്നത് തടയണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
പിന്നാലെ 26ന് ആണ് മരം മുറി തടയണമെന്ന് ആവശ്യപ്പെട്ട് സബ് കലക്ടര്‍ മൂന്നാര്‍ ഡിവൈഎസ്പിക്ക് കത്ത് നല്‍കിയത്. മാര്‍ച്ച് നാലിന് വട്ടവടയ്ക്ക് സമീപത്തെ ചിലന്തിയാര്‍ ഭാഗത്ത് വന്‍തോതില്‍ മരംമുറിക്കാന്‍ പ്രദേശവാസികള്‍ പദ്ധതിയിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും പട്രോളിങ് നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ സംരക്ഷിക്കണമെന്നും ആരെങ്കിലും മരം മുറിക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. അതേ സമയം ആരൊക്ക എതിര്‍ത്താലും മരം മുറിച്ച് നീക്കുമെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്റ് രാമരാജും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."