മാര്‍ച്ചിനകം രണ്ടര കോടി തൊഴില്‍ ദിനങ്ങള്‍ കൂടി സൃഷ്ടിക്കും: മന്ത്രി
അയ്മനം: സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് നവകേരള നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നതെന്നും ഇതിന്റെ ഭാഗമായി തൊഴില്‍ മേഖലയില്‍ മാര്‍ച്ചിനകം രണ്ടര കോടി കൂടി സൃഷ്ടിച്ച് പത്ത് കോടി തൊഴില്‍ ദിനങ്ങളാക്കുമെന്ന് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. അയ്മനം ഗ്രാമ പഞ്ചായത്തില്‍ ലൈഫ് പാര്‍പ്പിട പദ്ധതിയില്‍ പൂര്‍ത്തീകരിച്ച 27 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴരക്കോടി തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ ഇതു വരെ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.
ലൈഫ് പദ്ധതിയുടെ ആരംഭ ഘട്ടത്തില്‍ അഞ്ച് ലക്ഷത്തോളം ഭവന രഹിതരായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ വിവിധ പദ്ധതികള്‍ വഴി വായ്പകള്‍ ലഭിച്ചിട്ടും വീടുപണി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരെയും രണ്ടാം ഘട്ടത്തില്‍ ഭൂമിയുണ്ടായിട്ടും വീടില്ലാത്തവരെയും മൂന്നാം ഘട്ടത്തില്‍ ഭൂരഹിതരായവരെയുമാണ് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. മൂന്നാം ഘട്ട പദ്ധതിയില്‍ സ്ഥല ദൗര്‍ലഭ്യം കാരണം ഫ്‌ളാറ്റ് നിര്‍മാണത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. ഈ വര്‍ഷമവസാനത്തോടെ ഓരോ ജില്ലകളിലും ഒരു ഫ്‌ളാറ്റെങ്കിലും നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
36 ലക്ഷം ക്ഷേമ പെന്‍ഷനുകള്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 51 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നുണ്ട്. പാചകത്തൊഴിലാളികള്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവരുടെ ശമ്പളം വര്‍ധിപ്പിച്ചിട്ടുണ്ട്. സ്ത്രികളുടെ ഉന്നമനം ലക്ഷ്യം വെച്ച് ഈ ബഡ്ജറ്റില്‍ കുടുംബശ്രീക്കായി ആയിരം കോടി രൂപയാണ് നീക്കി വച്ചത്. കുടുംബശ്രീ ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുന്നതിനായി ആമസോണുമായി കരാറിലേര്‍പ്പെട്ടിരിക്കുകയാണ്. സമൂഹത്തില്‍ ഏറ്റവും താഴെക്കിടയില്‍ നില്‍ക്കുന്നവരിലേക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എത്തിക്കു എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
പത്താം വാര്‍ഡില്‍ പുതുതായി പണി കഴിപ്പിച്ച അങ്കണവാടിയുടെ ഉദ്ഘാടനവും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനോദ്ഘാടനവും ചടങ്ങില്‍ നടന്നു. മികച്ച സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അയ്മനം പഞ്ചായത്ത് സെക്രട്ടറി എന്‍ അരുണ്‍കുമാറിനേയും പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മികവു പുലര്‍ത്തിയവരെയും ചടങ്ങില്‍ ആദരിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന ബിനു അദ്ധ്യക്ഷയായിരുന്നു. മുന്‍ എം.എല്‍ എ വി.എന്‍ വാസവന്‍, അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ആലിച്ചന്‍, വൈസ് പ്രസിഡന്റ് സാലി ജയചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ജയേഷ് മോഹന്‍, മഹേഷ് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഉഷാ ബാലചന്ദ്രന്‍, അരുണ്‍ എം.എസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷറഫ് പി ഹംസ, കുടമാളൂര്‍ സെബാസ്റ്റ്യന്‍, മിനിമോള്‍ മനോജ്, വിജി രാജേഷ്, സി.എന്‍ സുഭാഷ്, കെ.എന്‍ വേണുഗോപാല്‍, ബിനു ബോസ്, കെ.ജി.ജയചന്ദ്രന്‍, ജയ്‌മോന്‍ കരീം, കെ.സി കുഞ്ഞുമോന്‍ മുളയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."