ചെളികുണ്ടായി ഓട്ടുപാറ ബസ് സ്റ്റാന്‍ഡ്; മിണ്ടാതെ നഗരസഭ
വടക്കാഞ്ചേരി: മഴ കനത്തതോടെ ചെളിക്കുണ്ടായി ഓട്ടുപാറ ബസ്സ്റ്റാന്റ്. കുള സമാനമായി കിടക്കുന്ന ബസ്സ്റ്റാന്റിനുള്‍ വശം യാത്രക്കാര്‍ക്കു സമ്മാനിക്കുന്നത് കനത്ത ദുരിതപര്‍വ്വമാണ്.
സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിനു യാത്രക്കാരാണു പ്രതിദിനം ഈ ബസ്സ്റ്റാന്റിലെത്തുന്നത്. നിരവധി ബസുകളും സ്റ്റാന്റില്‍ കയറിയിറങ്ങുന്നു. ടാറിങ് ആകെ തകര്‍ന്നതോടെ സ്റ്റാന്റ് മുഴുവന്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്. മെറ്റലുകള്‍ അടര്‍ന്നു അപകടകരമായ സ്ഥിതിയിലാണ്. യാത്രക്കാര്‍ക്കു ബസ് കാത്തു നില്‍ക്കാന്‍ സുക്ഷിതമായ സ്ഥലങ്ങളില്ല എന്നതുകൊണ്ടു തന്നെ ദുരിതവും ഇരട്ടിയാണ്. കാത്തിരിപ്പു സ്ഥലങ്ങളെല്ലാം ഏതാനും വ്യാപാരികള്‍ കയ്യടക്കിയിരിക്കുകയാണ്. കച്ചവട സാമഗ്രികള്‍ വരാന്തകളില്‍ കയറ്റി വച്ചിരിക്കുന്നതിനാല്‍ യാത്രക്കാര്‍ സ്റ്റാന്റിനുള്ളില്‍ കയറി നില്‍ക്കേണ്ട അവസ്ഥയിലാണ്. ബസുകള്‍ സ്റ്റാന്റിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ ചെളിവെള്ളം യാത്രക്കാരുടെ വസ്ത്രങ്ങളിലേക്കു തെറിയ്ക്കുന്നതുണ്ടാക്കുന്ന പ്രതിഷേധവും ചില്ലറയല്ല. സ്റ്റാന്റിനുള്ളില്‍ ഉണ്ടായിരുന്ന കംഫര്‍ട്ട് സ്‌റ്റേഷന്‍ പൊളിച്ച് നീക്കിയിട്ടു വര്‍ഷം രണ്ടായിട്ടും പുതിയ സ്റ്റേഷന്‍ നിര്‍മിക്കുന്നതിനും നടപടിയുണ്ടായിട്ടില്ല. ഇതുമൂലം സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന പ്രയാസങ്ങളും പറഞ്ഞറിയിക്കാനാകാത്തതാണ്. നഗരസഭ ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. അധികാരികളുടെ തികഞ്ഞ ഭരണപരാജയത്തിന്റെ കേന്ദ്രമാവുകയാണ് പട്ടണ ഹൃദയത്തിലെ ഈ ബസ് സ്റ്റാന്റ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."