ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു
മനാമ: ഗള്‍ഫ് രാഷ്ട്രങ്ങളിലെങ്ങും ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു. കേരളത്തോടൊപ്പം ഒമാനടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളിലും കഴിഞ്ഞ ദിവസമായിരുന്നു ചെറിയപെരുന്നാള്‍. സ്‌നേഹവും സൗഹൃദവും ഉദ്‌ഘോഷിക്കുന്ന പെരുന്നാള്‍ സുദിനത്തില്‍ പ്രവാസികള്‍ പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തു കൂടി സന്തോഷം പങ്കുവച്ചു.
ചാവേര്‍ ആക്രമണങ്ങുണ്ടായ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാണ് സഊദി അറേബ്യയിലെ പ്രധാന മസ്ജിദുകളിലെല്ലാം പെരുന്നാള്‍ നിസ്‌കാരങ്ങള്‍ നടന്നത്.
മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് ഇമാം ശൈഖ് സാലിഹ് അല്‍ ഹുമൈദ് നേതൃത്വം നല്‍കി. വളര്‍ന്നുവരുന്ന തീവ്രവാദ ചിന്തകളെ നേരിടാന്‍ സമൂഹം ഒന്നിക്കണമെന്നും ലോകത്തിന് ഭീഷണിയായി മാറിയ തീവ്രവാദ ശക്തികളെ ഒറ്റപ്പെടുത്തണമെന്നും മക്ക ഇമാം ഉദ്‌ബോധിപ്പിച്ചു.
മദീനയിലെ മസ്ജിദുന്നബവിയില്‍ ഇമാം ശൈഖ് ഹുദൈഫി നേതൃത്വം നല്‍കി.
തീവ്രവാദ ചിന്തകളെയും പ്രവര്‍ത്തനങ്ങനെയും ഒറ്റക്കെട്ടായി നേരിടണമെന്ന് വിവിധ പള്ളികളിലെ ഇമാമുമാര്‍ പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു. വിശുദ്ധ റമദാന്റെ അവസാന ദിനങ്ങളില്‍ മദീനയില്‍ നടന്ന ചാവേര്‍ ആക്രമണങ്ങളെ അപലപിച്ച ഇമാമുമാര്‍ ഇത്തരം നീചകൃത്യത്തിനെതിനെതിരേ വളരെ ശക്തമായാണ് പൊട്ടിത്തെറിച്ചത്.
സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസും തീവ്രവാദത്തിനെതിരെ പെരുന്നാള്‍ സന്ദേശത്തില്‍ മുന്നറിയിപ്പു നല്‍കി. രാജ്യത്തിന്റെ സമ്പത്തായ യുവാക്കളില്‍ തീവ്രവാദ ചിന്തകള്‍ കുത്തിവച്ച് വഴിതിരിച്ചു വിടുന്നവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് സല്‍മാന്‍ രാജാവ് മുന്നറിയിപ്പു നല്‍കി. ഭരണാധികാരി സല്‍മാന്‍ രാജാവ് അടക്കമുള്ള പ്രമുഖര്‍ മക്കയില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുത്തു.
കുവൈത്തില്‍ ഔഖാഫ് മന്ത്രാലയത്തിന് കീഴില് 80 ഓളം പള്ളികളിലും വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ 20 ഓളം പള്ളികളിലും അതിരാവിലെ ഈദ് നമസ്‌കാരങ്ങള്‍ നടന്നു. എന്നാല്‍ 30 ഓളം ഈദ് ഗാഹുകള്‍ മലയാളി സംഘടനകള്‍ ഒരുക്കിയിരുന്നുവെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ ഇവയ്ക്ക് വിലക്കേര്‍പ്പെടുത്തിയത് മലയാളികളെ നിരാശരാക്കി.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സഅബീല്‍ പള്ളിയിലും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ഷൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിലും പ്രാര്‍ഥന നിര്‍വ്വഹിച്ചു.
ഖത്തറില്‍ അമീറിന്റെ സ്ഥാനാരോഹണം നടന്നതിന്റെ മൂന്നാംവാര്‍ഷിക പൊലിമയിലാണ് ഈദാഘോഷം നടന്നത്. ഒമാനിലാവട്ടെ മുഴുവന്‍ ജിസിസി രാഷ്ട്രങ്ങള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം പെരുന്നാള്‍ ദിനം എത്തിയ സന്തോഷത്തിലാണ് പ്രവാസികളടക്കമുള്ളവര്‍ പെരുന്നാള്‍ ആഘോഷ പരിപാടികള്‍ നടത്തിയത്.
ബഹ്‌റൈനില്‍ രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ സാഖിര്‍ കൊട്ടാരത്തിലെ പള്ളിയിലാണ് പെരുന്നാള്‍ നമസ്‌ക്കാരം നിര്‍വഹിച്ചത്. കിരീടവകാശിയും സുപ്രീം ഡെപ്യൂട്ടി കമാന്‍ഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും രാജാവിന്റെ മക്കളും രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും, പാര്‍ലമെന്റ് സ്പീക്കര്‍, ശൂറാ കൗണ്‍സില്‍ ചെയര്‍മാന്‍, മന്ത്രിമാര്‍ തുടങ്ങിയവരും ഇവിടെ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു. നമസ്‌കാരശേഷം രാജാവ് ജനങ്ങള്‍ക്ക് പെരുന്നാള്‍ ആശംസ നേര്‍ന്നു.
ജുഫൈര്‍ ഗ്രാന്റ് മോസ്‌ക്ക്, മനാമ ഫാറൂഖ് മസ്ജിദ്, ഗുദൈബിയ പാലസ് മസ്ജിദ്, ഹിദ്ദിലെ ഉര്‍വ്വത് ഉബ്‌നു സുബേര്‍ മസ്ജിദ്, മുഹര്‍റഖ് കാനൂ മസ്ജിദ്, ആലി മൗല ജുമുഅ മസ്ജിദ് തുടങ്ങിയ പള്ളികളിലും നടന്ന പെരുന്നാള്‍ നമസ്‌ക്കാരത്തിന് അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.
വിവിധ ഇസ്‌ലാമികകാര്യ മന്ത്രാലയത്തിനു കീഴിലായി നിരവധി ഈദ് മുസ്വല്ലകള്‍ സംഘടിപ്പിച്ചിരുന്നു.
ബഹ്‌റൈനില്‍ നിലവില്‍ പ്രാര്‍ഥനാ സൗകര്യമില്ലാത്ത ജിദ്ഹഫ്‌സിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ക്കായി പതിവുപോലെ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഘടകത്തിനു കീഴില്‍ ജിദ്ഹഫ്‌സ് ഏരിയ കമ്മിറ്റി അല്‍ ശബാബ് ഇന്റോര്‍ സ്റ്റേഡിയത്തില്‍ ഈദ് മുസ്വല്ല സംഘടിപ്പിച്ചു. മലയാളികള്‍ക്കു പുറമെ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് രാജ്യങ്ങളില്‍ നിന്നുള്ളവരടക്കം നിരവധി വിശ്വാസികള്‍ തടിച്ചു കൂടിയ പെരുന്നാള്‍ നിസ്‌കാരത്തിനും ഖുതുബക്കും സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി.
ചടങ്ങിനോടനുബന്ധിച്ച് തങ്ങള്‍ ഹിന്ദിയില്‍ നല്‍കിയ പെരുന്നാള്‍ സന്ദേശം ശ്രദ്ധേയമായി. പരസ്പരം സ്‌നേഹവും സന്തോഷവും പരത്തണമെന്നും അതിലൂടെ മാത്രമേ വളര്‍ന്നു വരുന്ന വിധ്വംസക പ്രവര്‍!ത്തനങ്ങളെ തടയാനും ശാന്തിയും സമാധാനവും നിലനിര്‍ത്താനും കഴിയൂവെന്നും വ്യക്തമാക്കിയ തങ്ങള്‍ വിശ്വാസികള്‍ പരസ്പരം സലാം പറയുന്നത് വ്യാപകമാക്കണമെന്നും ആഹ്വാനം ചെയ്തു.
ലോകത്ത് ശാന്തിയും സമാധാനവും പ്രചരിപ്പിക്കാനെത്തിയ പ്രവാചകന്മാരുടെ ആസ്ഥാനങ്ങള്‍ പോലും ആക്രമിക്കപ്പെടുന്ന പ്രവണതയെ തീവ്രവാദമെന്നല്ല, മൃഗീയതയെന്നാണ് പറയേണ്ടതെന്നും പവിത്രമായ ഇത്തരം സ്ഥലങ്ങളെ മൃഗീയതകള്‍ കൊണ്ട് മലിനപ്പെടുത്തുന്നവരെ ജാതിയും മതവും തിരിച്ചു കാണാന്‍ സാധ്യമല്ലെന്നും അവര്‍ക്ക് ജാതിയോ മതമോ ഇല്ലെന്നും ഫഖ്‌റുദ്ദീന്‍ തങ്ങള്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
മിക്ക ഗള്‍ഫ് രാഷ്ട്രങ്ങളിലും മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളിലായി ഈദ് ഗാഹുകളും സംഘടിപ്പിച്ചിരുന്നു.
ബഹ്‌റൈനില്‍ സുന്നീ ഔഖാഫിന്റെ അംഗീകാരത്തോടെ ദാറുല്‍ ഈമാന്‍ മലയാള വിഭാഗം ക്യാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് നടത്തിയ ഈദ് ഗാഹ് ഈസാടൗണിലെ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. നിരവധി വിശ്വാസികള്‍ ഈദ് ഗാഹില്‍ പങ്കെടുത്തു. ചടങ്ങുകള്‍ക്ക് സഈദ് റമദാന്‍ നദ് വി നേതൃത്വം നല്‍കി.
ബഹ്‌റൈന്‍ സുന്നി ഔഖാഫിന്റെ നേതൃത്വത്തില്‍ അല്‍ അന്‍സര്‍ സെന്റര്‍ നടത്തിയ ഈദ്ഗാഹ് ഹൂറ ഉമ്മു അയ്മന്‍ ഗേള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. സമീര്‍ മുണ്ടേരി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. ലോകത്ത് ഇന്ന് ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പിറകില്‍ അപക്വ മനസ്സുകളോ, ഇസ്‌ലാമിനെ കരിവാരി തേക്കാനുള്ള കുല്‍സിത ശ്രമങ്ങളോ മാത്രമാണെന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.
ഉമ്മുല്‍ ഹസം സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന പ്രാര്‍ഥനകള്‍ക്ക് ദഅവ സമിതി സെക്രട്ടറി ദുല്‍ഖര്‍ ഷാന്‍ നേതൃത്വം നല്‍കി. സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച ഈദ് ഗാഹ് മനാമ പാകിസ്ഥാന്‍ ക്ലബ് ഗ്രൗണ്ടില്‍ നടന്നു. ജൗഹര്‍ ഫാറൂഖി നേതൃത്വം നല്‍കി.
റിഫ ഇസ്ലാമിക് ദഅവാ സെന്റര്‍ മലയാളികള്‍ക്ക് മാത്രമായി വര്‍ഷങ്ങളായി നടത്തി വരുന്ന ഈദ് ഗാഹ് റിഫ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പിന്‍വശത്തുള്ള സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. ഹാരിസുദ്ദീന്‍ പറളി നേതൃത്വം നല്‍കി. ഈദ് ഗാഹുകളിലേക്കെല്ലാം വിവിധ ഭാഗങ്ങളില്‍ നിന്നായി വാഹനസൗകര്യങ്ങളും ഒരുക്കിയിരുന്നു.
പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഗള്‍ഫ് നാടുകളിലെല്ലാം വൈവിധ്യമാര്‍ന്ന പരിപാടികള്‍ ബുധനാഴ്ച മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഗള്‍ഫില്‍ വാരാന്ത്യ ഒഴിവു ദിനം വെള്ളിയാഴ്ച ആയതിനാല്‍ നാളെയും വിവിധ മലയാളി സംഘടനകളുടെ കീഴില്‍ നിരവധി ഈദ്പരിപാടികള്‍ സംഘടിപ്പിപ്പിച്ചിട്ടുണ്ട്. വിവിധ ചടങ്ങുകളില്‍ സ്വദേശത്തും വിദേശത്തുമുള്ള പ്രമുഖരും വിശിഷ്ടാതിഥികളായി പങ്കെടുക്കും.
സമസ്‌ത ബഹ്റൈന്‍ - ജിദ്‌ഹഫ്‌സിലെ അല്‍ ശബാബ് ഇന്റോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പെരുന്നാള്‍ നിസ്കാരത്തിന് സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ തേങ്ങാപട്ടണം നേതൃത്വം നല്‍കിയപ്പോള്‍..
ഫോട്ടോ-ശിഹാബ് പരപ്പനങ്ങാടി
വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെ പെരുന്നാള്‍ നിസ്കാരങ്ങളില്‍ നിന്ന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."