മിഷന്‍ ഇന്ദ്രധനുസ്സിന്റെ രണ്ടാം ഘട്ടത്തിന് ജില്ലയില്‍ തുടക്കം
കൊച്ചി: ദേശീയ രോഗപ്രതിരോധ തീവ്രയജ്ഞ പരിപാടിയായ മിഷന്‍ ഇന്ദ്രധനുസ്സിന്റെ രണ്ടാം ഘട്ടത്തിന് ജില്ലയില്‍ തുടക്കമായി. മിഷന്‍ ഇന്ദ്രധനുസ്സിന്റെ ജില്ലാതല ഉദ്ഘാടനം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രന്‍ നിര്‍വഹിച്ചു. പകര്‍ച്ചവ്യാധികളില്‍ പലതും ഇന്നില്ലാത്തത് രോഗപ്രതിരോധ കുത്തിവെപ്പ് ഉള്‍പ്പെടെയുള്ള ആരോഗ്യരംഗത്തെ മുന്നേറ്റങ്ങള്‍ വഴിയാണെന്നും, ആ നേട്ടം നിലനിര്‍ത്തുവാന്‍ എല്ലാവരും കൂട്ടായി ശ്രമിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എ അബ്ദുല്‍ മുത്തലിബ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ കുട്ടപ്പന്‍ ചടങ്ങില്‍ മുഘ്യപ്രഭാഷണം നടത്തി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചര്‍, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി സണ്ണി, എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, ബ്ലോക്ക് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്വപ്ന ഉണ്ണി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രാജു മാത്താറ, എടത്തല ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ജിനിത റഹിം, ജോളി ബേബി, റംല അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ അസീസ്, മറിയാമ്മ ജോണ്‍, രശ്മി പി.പി, ഡോ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മലയിടംതുരുത്ത് ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. അനിലകുമാരി സ്വാഗതവും, ജില്ലാ മാസ് മീഡിയ ഓഫീസര്‍ സഗീര്‍ സുധീന്ദ്രന്‍ നന്ദിയും പറഞ്ഞു.
ചടങ്ങിന് മുന്നോടിയായി വാഴക്കുളത്ത് നടത്തിയ ബോധവല്‍കരണ റാലി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ കുട്ടപ്പന്‍ സന്ദേശം നല്‍കി. സമരിറ്റന്‍ കോളേജ് ഓഫ് നഴ്‌സിങ്ങിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ബോധവല്‍ക്കരണ നാടകം ചടങ്ങില്‍ ശ്രദ്ധേയമായി.
അജ്ഞത, മിഥ്യാധാരണ, വാക്‌സിന്‍ വിരുദ്ധ പ്രചാരണം, തുടങ്ങിയ കാരണങ്ങളാല്‍ കുഞ്ഞുങ്ങള്‍ക്ക് രോഗപ്രതിരോധ വാക്‌സിനുകള്‍ നല്‍കാതിരിക്കുന്ന മാതാപിതാക്കളെ കണ്ടെത്തി, രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി എല്ലാ കുട്ടികള്‍ക്കും രോഗപ്രതിരോധ കുത്തിവെപ്പ് ഉറപ്പ് വരുത്തുകയാണ് മിഷന്‍ ഇന്ദ്രധനുസ്സിന്റെ ലക്ഷ്യം. ജനപ്രതിനിധികളുടെയും, മത, സാമൂഹ്യ, സാംസ്‌കാരിക നേതാക്കളുടെയും നേതൃത്വത്തില്‍ ഓരോ പ്രദേശത്തുമുള്ള അഞ്ചു വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ദേശീയ രോഗപ്രതിരോധ കുത്തിവെപ്പ് പട്ടിക പ്രകാരമുള്ള കുത്തിവെപ്പുകളെല്ലാം ലഭിക്കുന്നുവെന്ന് പരിപാടിയുടെ ഭാഗമായി ഉറപ്പു വരുത്തും.
ഇതിനായി ഏപ്രില്‍, മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഏഴ് ദിവസം എല്ലായിടത്തും പ്രത്യേക രോഗപ്രതിരോധ കുത്തിവെപ്പ് പരിപാടികള്‍ സംഘടിപ്പിക്കും. ഇതിന് പ്രചാരം നല്‍കുവാന്‍ ആരോഗ്യഉപകേന്ദ്രങ്ങളുടെയും, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും ആഭിമുഖ്യത്തില്‍ ഭവന സന്ദര്‍ശനങ്ങളും, രോഗപ്രതിരോധ കുത്തിവെപ്പുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണക്ലാസ്സുകളും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."