ഉരുള്‍പൊട്ടല്‍: പുനരധിവാസത്തിന് സ്ഥലം കണ്ടെത്താന്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു
ഇരിട്ടി: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകളായ 15 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാംപില്‍ നിന്ന് മാറി. പായം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയ 13 വാടക വീടുകളിലേക്കാണ് കുടുംബങ്ങള്‍ താമസം മാറിയത്. കിളിയന്തറ, പേരട്ട, കൂട്ടുപുഴ എന്നിവിടങ്ങളിലാണ് വാടക വീടൊരുക്കിയത്. രണ്ടു കുടുംബങ്ങള്‍ ബന്ധുവീടുകളില്‍ താല്‍ക്കാലികമായി താമസിക്കും. രണ്ടു കുടുംബങ്ങളുടെ വീടുകള്‍ മഴവെള്ള പാച്ചിലില്‍ മാലിന്യവും ചെളിയും നിറഞ്ഞതിനെ തുടര്‍ന്നാണ് ക്യാംപിലേക്ക് മാറ്റിയത്. ഇവരുടെ വീടുകള്‍ പഞ്ചായത്ത്-റവന്യു അധികൃതര്‍ വൃത്തിയാക്കി താമസയോഗ്യമാക്കിയിട്ടുണ്ട്.
ക്യാംപ് പ്രവര്‍ത്തിക്കുന്ന കിളിയന്തറ സ്‌കൂളില്‍ അധ്യയനം തടസപ്പെടുമെന്നതിനാലാണ് പെട്ടന്നുതന്നെ വാടക വീടുകള്‍ കണ്ടെത്തിയത്. വീട് നഷ്ടപ്പെട്ട 15 കുടുംബങ്ങളുടെ പുനരധിവാസത്തിന് ജനകീയ സഹകരണത്തോടെ സ്ഥലം കണ്ടെത്താന്‍ പായം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശ്രമങ്ങളാരംഭിച്ചു.
കിളിയന്തറയിലും പരിസര പ്രദേശങ്ങളിലുമുള്ള ചില സ്ഥലങ്ങള്‍ ഇതിനായി അധികൃതര്‍ കണ്ടെത്തി ഭൂവുടമകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. സ്ഥലം കണ്ടെത്തിയാല്‍ സര്‍ക്കാറിന്റെ ഭവന നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിക്കാമെന്ന് മന്ത്രിമാര്‍ ക്യാം പിലെത്തിയപ്പോള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. സ്ഥലത്തിനായുള്ള പണം സ്വരൂപിക്കുന്നതിനായി കിളിയന്തറ സ്‌കൂളില്‍ സാമൂഹ്യ രാഷ്ട്രീയ സന്നദ്ധ സംഘടനാ പ്രതിനിധികളുടെ യോഗം ചേര്‍ന്നു. സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന്‍, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, തഹസില്‍ദാര്‍ കെ.കെ ദിവാകരന്‍, എ.എസ്.ഐ പ്രഭാകരന്‍, ഫാ. തോമസ് തയ്യില്‍, ലത്തീഫ് സഅദി, ആര്‍.പി ഹുസൈന്‍, ഫാ. മാത്യു പോത്തനാംമല, അബൂബക്കര്‍ ഹാജി കീത്തടത്ത്, അഡ്വ. ബിനോയ് കുര്യന്‍, ചാത്തോത്ത് ബാലന്‍, എം.പി അബ്ദുറഹ്മാന്‍, എന്‍.പി സുരേഷ്, കെ.പി സ്വപ്‌ന, ബാബു ജോസഫ് സംസാരിച്ചു. സണ്ണി ജോസഫ് എം.എല്‍.എ രക്ഷാധികാരിയും എന്‍. അശോകന്‍ ചെയര്‍മാനും ബാബുജോസഫ് കണ്‍വീനറുമായാണ് കമ്മിറ്റി രൂപീകരിച്ചത്. കാന്തപുരം സുന്നി സംഘടനകള്‍ പത്ത് സെന്റ് സ്ഥലം വാഗ്ദാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."