പ്രഖ്യാപനം വാക്കിലൊതുങ്ങി; അഗളിയില്‍ ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി വരില്ലെന്ന് സൂചന
ബഷീര്‍ മാടാല
അഗളി : അട്ടപ്പാടി മേഖലയിലെ ആദിവാസികള്‍ ഉള്‍പ്പടെയുള്ളവരുടെ ചികിത്സാ സൗകര്യത്തിനായി രണ്ടുവര്‍ഷം മുമ്പ് പ്രഖ്യാപിച്ച നൂറുകിടക്കകളുള്ള ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി യാഥാര്‍ത്ഥ്യമാകാനിടയില്ലെന്ന് സൂചന. അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രി 100 കിടക്കകളുള്ള അത്യാധുനീക സൗകര്യങ്ങളുള്ള ആശുപത്രിയാക്കി കോട്ടത്തറ ആശുപത്രിയെ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വര്‍ഷം രണ്ടുകഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടികളൊ ഉത്തരവുകളൊ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
അതുകൊണ്ടുതന്നെ ആശുപത്രിയുടെ വികസനകാര്യങ്ങളെ ഗുരുതരമായി ബാധിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും മികച്ച സര്‍ക്കാര്‍ ആശുപത്രിയായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും അവാര്‍ഡ് നല്കുകയുമൊക്കെ ചെയ്‌തെങ്കിലും ഇപ്പോഴും 54 രോഗികളെ കിടത്തി ചികിത്സിക്കാനെ ഇവിടെ സൗകര്യമുള്ളൂ. ജില്ലാ ആശുപത്രിയോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍ കോട്ടത്തറ ആശുപത്രിയില്‍ ഉണ്ടെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക സഹായം അപര്യാപ്തമായതുകൊണ്ട് താലൂക്ക് ആശുപത്രിയില്‍ ലഭിക്കുന്നതിനേക്കാള്‍ മോശം ചികിത്സയാണ് രോഗികള്‍ക്ക് ലഭിക്കുന്നത്.
ദിനംപ്രതി 750 ഓളം രോഗികളാണ് കോട്ടത്തറ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നത്. ആദിവാസികളുടെ ആരോഗ്യസംരക്ഷണത്തില്‍ നിര്‍ണായക പങ്ക് വഹിക്കേണ്ടുന്ന ഈ ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരുമില്ല. ഇക്കാര്യത്തില്‍ ആവശ്യത്തിന് തസ്തിക സൃഷ്ടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
മാത്രമല്ല ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണ അര്‍ത്ഥത്തില്‍ ഉപയോഗപ്പെടണമെങ്കില്‍ വൈദ്യുതി ലൈന്‍ ലോ ടെന്‍ഷനില്‍ നിന്നും ഹൈ ടെന്‍ഷന്‍ ആക്കി ഉയര്‍ത്തേണ്ടതുണ്ട്. പുതിയ കെട്ടിടത്തില്‍ ലിഫ്റ്റ് സൗകര്യം, കാന്‍സര്‍ ചികിത്സാ കേന്ദ്രം, ഫയര്‍ ആന്റ് സേഫ്റ്റി സൗകര്യം എന്നിവയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് നിരവധി തവണ കത്തയച്ചിട്ടും ബന്ധപ്പെട്ടവരില്‍ നിന്നും യാതൊരു പ്രതികരണവുമില്ലെന്ന് ആശുപത്രി വികസനവുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു.
സംസ്ഥാനത്തെ മികച്ച ആശുപത്രിയായി സര്‍ക്കാര്‍ തെരഞ്ഞെടുത്തിട്ടും മുന്‍ പ്രഖ്യാപനങ്ങള്‍ പാലിക്കാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."