മുത്തങ്ങ സംഭവം: സി.ബി.ഐ കോടതിയിലെ രണ്ടു കേസ് വയനാട്ടിലേക്ക് മാറ്റി
കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയ്ഞ്ചില്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ 2003 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടന്ന ഭൂസമരവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ സി.ബി.ഐ കോടതിയിലുള്ള മൂന്ന് കേസുകളില്‍ രണ്ടെണ്ണം വയനാട്ടിലേക്ക് മാറ്റി.
2004ല്‍ കുറ്റപത്രം സമര്‍പ്പിച്ചതില്‍ ആറ്, എഴ് നമ്പര്‍ സെഷന്‍സ് കേസുകളാണ് വയനാട് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. സി.ബി.ഐ കോടതി നിര്‍ദേശിച്ചതനുസരിച്ച് രജിസ്ട്രാര്‍ മുഖേന ആദിവാസി ഗോത്രമഹാസഭ നല്‍കിയ അപേക്ഷ പരിഗണിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് രണ്ട് കേസുകള്‍ വയനാട്ടിലേക്ക് മാറ്റി ഉത്തരവായത്. ഭൂസമരത്തിനിടെ വനത്തിലുണ്ടായ തീപിടിത്തവും ആദിവാസികള്‍ വനപാലകരെ ബന്ദികളാക്കിയതും സംബന്ധിച്ച കേസ് കൊച്ചിയില്‍ തുടരും.
വനം കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പോലീസുകാരെ ആക്രമിച്ച് പരിക്കേല്‍പിച്ചുവെന്ന കുറ്റമാണ് സെഷന്‍സ് കേസ് ആറില്‍ ഗോത്രമഹാസഭ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 12 സ്ത്രീകളടക്കം 74 പ്രതികളാണ് ഈ കേസില്‍. ഗോത്രമഹാസഭ അധ്യക്ഷ സി.കെ.ജാനുവാണ് ഒന്നാം പ്രതി. കോ ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍ രണ്ടാം പ്രതിയും. പ്രതികളില്‍ 12 പേര്‍ ഇതിനകം മരിച്ചു. സമരക്കാരെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ച ഫെബ്രുവരി 19ന് പോലീസുകാരന്‍ കെ. വിനോദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് സെഷന്‍സ് കേസ് ഏഴ്. നാല് സ്ത്രീകളടക്കം 57 പ്രതികളാണ് ഈ കേസില്‍.
ഗീതാനന്ദനാണ് ഒന്നാം പ്രതി. ജാനു ഈ കേസില്‍ ഇല്ല. പ്രതികളില്‍ അഞ്ച് പേര്‍ ഇതിനകം മരിച്ചു. വനത്തിനു തീയിടുകയും വനം ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്തുവെന്ന കേസില്‍ നാല് സ്ത്രീകളടക്കം 53 പ്രതികളുണ്ട്. ഇതില്‍ ആറു പേര്‍ മരിച്ചു. പൂര്‍ത്തിയാകാറായതാണ് ഈ കേസില്‍ സാക്ഷിവിസ്താരം. വിചാരണയ്ക്ക് ഹാജരാകുന്നതില്‍ ആദിവാസികള്‍ നേരിടുന്ന പ്രയാസങ്ങളും പ്രതികള്‍ മരണപ്പെടുന്നതും കണക്കിലെടുത്താണ് കേസുകള്‍ വയനാട് സെഷന്‍സ് കോടതിയിലേക്ക് മാറ്റിക്കിട്ടുന്നതിനു ഹൈക്കോടതി ചീഫ് ജസ്റ്റിസിനു അപേക്ഷ നല്‍കാന്‍ സി.ബി.ഐ കോടതി ഗോത്രമഹാസഭ നേതൃത്വത്തിനു നിര്‍ദേശം നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഗോത്രമഹാസഭ 2015 സെപ്റ്റംബര്‍ 26ന് നല്‍കിയ അപേക്ഷയാണ് ചീഫ് ജസ്റ്റിസ് അടുത്തിടെ തീര്‍പ്പാക്കിയത്. എറണാകുളം അഡീഷണല്‍ സ്‌പെഷ്യല്‍ സെഷന്‍സ് കോടതിയാണ് മുത്തങ്ങ സംഭവുമായി ബന്ധപ്പെട്ട ആറ്, എഴ് നമ്പര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന സി.ബി.ഐ കോടതിയായി പ്രവര്‍ത്തിക്കുന്നത്.
എറണാകുളം സി.ജെ.എം കോടതിയിലാണ് മൂന്നാമത്തെ കേസിന്റെ വിചാരണ. വയനാട്ടിലേക്ക് മാറ്റിയ കേസുകളില്‍ വിചാരണ നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനു ഗോത്രമഹാസഭ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എം.ഗീതാനന്ദനാണ് ചെയര്‍മാന്‍. കണ്‍വീനര്‍ ഇടുക്കിയില്‍നിന്നുള്ള പി.ജി.ജനാര്‍ദനും. കമ്മിറ്റി രൂപീകരണയോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും സി.കെ.ജാനുവിനെ രക്ഷാധികാരിയായി നിശ്ചയിച്ചു.
വയനാട്ടിലെ ആദിവാസി ഭൂപ്രശ്‌നം ദേശീയശ്രദ്ധയിലെത്തിച്ചതായിരുന്നു 2003 ജനുവരി നാലിന് മുത്തങ്ങ വനത്തില്‍ ആരംഭിച്ച ഭൂസമരം. കേന്ദ്ര വനാവകാശ നിയമത്തിന്റെ നിര്‍മാണത്തിനു കാരണമായത് മുത്തങ്ങ സമരമാണെന്നാണ് ഗോത്രമഹാസഭയുടെ വാദം. മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചാര്‍ജ് ചെയ്ത ഏഴ് കേസുകളില്‍ ഒന്ന് ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. മറ്റു കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. 11 കേസുകളാണ് ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് ക്രൈംബ്രാഞ്ച് കേസുകളുടെ എണ്ണം ആറാക്കി. സി.ബി.ഐ. അന്വേഷണത്തെത്തടുര്‍ന്നാണ് കേസുകളുടെ എണ്ണം മൂന്നായത്. ഭൂസമരക്കാരെ മുത്തങ്ങ വനത്തില്‍നിന്നു ഒഴിപ്പിക്കുന്നതിനായുള്ള പോലീസ് നീക്കത്തിന്റെ ഭാഗമായി നടന്ന വെടിവെപ്പില്‍ ജോഗി എന്ന് പേരുള്ള ആദിവാസി കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."