സമഗ്ര അന്വേഷണം വേണമെന്ന് പി.കെ ജയലക്ഷ്മി
കല്‍പ്പറ്റ: പട്ടികവര്‍ഗ വികസന വകുപ്പിന്റെ പ്രധാന പദ്ധതികളിലൊന്നായ ഹാംലറ്റ് ഡെവലപ്‌മെന്റ് പദ്ധതിയെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുന്‍ പട്ടികവര്‍ഗ മന്ത്രി പി.കെ ജയലക്ഷ്മി. പദ്ധതി നടത്തിപ്പിനെ കുറിച്ച് പരാതികളുയര്‍ന്ന സാഹചര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.
ആദിവാസി ജനവിഭാഗങ്ങള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് 2012-13 വര്‍ഷം മുതല്‍ ഹാംലറ്റ് ഡെവലപ്‌മെന്റ് പദ്ധതി നടപ്പിലാക്കി വരുന്നത്. സമ്പൂര്‍ണ ഭവനപദ്ധതി നടപ്പിലാക്കുന്നതിനാല്‍ വീട് ഒഴികെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വഴി സൗകര്യക്കുറവ് പരിഹരിക്കുന്നതിന് നടപ്പാത നിര്‍മാണം, കമ്മ്യൂനിറ്റിഹാള്‍ നിര്‍മാണം, മറ്റ് അടിസ്ഥാന സൗകര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. ഒരു കോടി രൂപയാണ് ഓരോ ഹാംലെറ്റിനും അനുവദിച്ചുവരുന്നത്.
തുടക്കത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള 25 കോളനികളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. പ്രദേശത്തെ ജനപ്രതിനിധികള്‍, ആദിവാസി സംഘടനാപ്രതിനിധികള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ ഊരു മൂപ്പന്‍മാരുടെ അധ്യക്ഷതയില്‍ ഊരുകൂട്ടം ചേര്‍ന്നാണ് ഓരോ പ്രദേശത്തെയും ആവശ്യത്തിന്റെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നത്. ഒരു ഘട്ടത്തില്‍ പോലും പുറത്തു നിന്നുള്ള ആര്‍ക്കും പദ്ധതിയില്‍ ഇടപെടാന്‍ കഴിയില്ല.
ജില്ലാതലത്തില്‍ വര്‍ക്കിങ് ഗ്രൂപ്പ് അംഗീകരിച്ച ശേഷം സൂക്ഷ്മ പരിശോധനയും നടത്തി സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പാണ് പദ്ധതിക്ക് അംഗീകാരം നല്‍കുന്നത്. പദ്ധതിയുടെ നല്ല നടത്തിപ്പിന് വേണ്ടി ഉദ്യോഗസ്ഥരുടെ യോഗം പലതവണ വിളിച്ച് നടത്തിപ്പ് വേഗത്തിലാക്കാനുള്ള നിര്‍ദേശമാണ് മന്ത്രിയായിരുന്നപ്പോള്‍ നല്‍കിയത്.
ഉള്‍പ്രദേശങ്ങളില്‍, കോളനികളിലും കോണ്‍ക്രീറ്റും ടാറിങും ഫലപ്രദമല്ലാത്തതിനാലും ശാശ്വതമല്ലാത്തതിനാലും നടപ്പാതകളില്‍ ഇന്റര്‍ലോക്ക് പതിക്കണമെന്ന് ഊരുകൂട്ടങ്ങള്‍ തന്നെയാണ് തീരുമാനിച്ചത്. ഒരു കോളനിക്ക് വേണ്ടിയും താന്‍ പ്രത്യേകം നിര്‍ദേശം നല്‍കുകയോ ഉദ്യോഗസ്ഥരെ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല. അതാത് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് മേല്‍നോട്ടം വഹിച്ചിരുന്നത്. പദ്ധതി നടത്തിപ്പില്‍ എന്തെങ്കിലും തരത്തിലുള്ള അഴിമതി നടന്നിട്ടുണ്ടെങ്കില്‍ സമഗ്രാന്വേഷണം നടത്തി അത് കണ്ടെത്തണം. ഇത് സംബന്ധിച്ച് എന്ത് അന്വേഷണം നേരിടാനും തയ്യാറാണെന്നും ജയലക്ഷ്മി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."