അനധികൃതമായി സൂക്ഷിച്ച പടക്കങ്ങള്‍ കണ്ടെടുത്തു
ബദിയടുക്ക: കഴിഞ്ഞ ദിവസം വീടിനകത്തു പടക്കം പൊട്ടി പരുക്കേറ്റ ബദിയടുക്ക മൂക്കംപാറക്കു സമീപം കെടഞ്ചിയിലെ അണ്ണുവിന്റെ വീടിന്റെ പരിസരത്തു നിന്നു പടക്കങ്ങള്‍ കണ്ടെടുത്തു.
ഡിവൈ.എസ്.പി എം.വി സുകുമാരന്‍, വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങോത്ത്, ബദിയടുക്ക എസ്.ഐ എ ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് നായയും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണു പടക്കങ്ങള്‍ കണ്ടെടുത്തത്.
വീടിനകത്തു നിന്നു കരിമരുന്നുകള്‍, സില്‍വര്‍ പൗഡര്‍, വെള്ളാരംകല്ല്, പന്നി പടക്കങ്ങള്‍, ചൈനീസ് പടക്കങ്ങള്‍, ചാക്ക് നൂല്‍, അമ്മിട്ടുകുറ്റികള്‍ എന്നിവ പൊലിസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെയാണ് പടക്കം പൊട്ടിത്തെറിച്ച് ഇയാള്‍ക്കു പരുക്കേറ്റത്.
നേരത്തെ ബദിയടുക്കയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പടക്ക നിര്‍മാണശാലയിലും ക്ഷേത്ര ഉത്സവ പറമ്പുകളിലും ജോലി ചെയ്തിരുന്ന ഇയാള്‍ക്കു ജോലി കുറവായതിനാല്‍ ആവശ്യക്കാര്‍ക്ക് വീട്ടില്‍ നിന്നു തന്നെ പടക്കങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്നതായി അയല്‍വാസികള്‍ പറഞ്ഞു. അത്തരത്തില്‍ പടക്ക നിര്‍മാണത്തിനിടെയാണ് അപകടം സംഭവിച്ചതെന്നാണു പൊലിസ് നിഗമനം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാള്‍ അപകട നില തരണം ചെയ്തു.
അശ്രദ്ധയോടെയും അംഗീകാരമില്ലാതെയും സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തതിനും അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതിനും ഇയാള്‍ക്കെതിരേ ബദിയടുക്ക പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."