അതികായരെ നിലതെറ്റിക്കുന്ന ആലപ്പുഴ; ചുവന്ന മണ്ണില്‍ കാറ്റേറെ വീശിയത് 'വലത്തോട്ട്'
#യു.എച്ച് സിദ്ദീഖ്
ആലപ്പുഴ: ചുവപ്പുരാശി നിറഞ്ഞ ആലപ്പുഴയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ കൂടുതല്‍ തവണ വെന്നിക്കൊടി പാറിച്ചത് വലതുപക്ഷം തന്നെ. ആലപ്പുഴയായി പരിണമിച്ച 1977 മുതല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ എട്ടിലും വിജയം യു.ഡി.എഫിനൊപ്പമായിരുന്നു. അടിയൊഴുക്കുകളെ ഉള്ളിലൊളിപ്പിച്ച് ഇടതിനെയും വലതിനെയും ആലപ്പുഴ അനുഗ്രഹിച്ചു. മൂന്നു തവണ മാത്രമാണ് ഇടതിന് ജയിച്ചുകയറാനായത്.
1957 മുതല്‍ അമ്പലപ്പുഴ എന്ന പേരിലായിരുന്നു മണ്ഡലം. രണ്ട് പതിറ്റാണ്ടിന് ശേഷം 1977 ല്‍ മണ്ഡലത്തിന്റെ പേര് ആലപ്പുഴ എന്നായി. രാഷ്ട്രീയകളരിയിലെ പ്രമുഖരായ മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍നായര്‍, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ വി.എം സുധീരന്‍, വക്കം പുരുഷോത്തമന്‍, സി.പി.ഐയിലെ പി.ടി പുന്നൂസ്, സി.പി.എമ്മിലെ സുശീല ഗോപാലന്‍ തുടങ്ങി ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജന.സെക്രട്ടറിയായി വളര്‍ന്ന കെ.സി വേണുഗോപാലിനെ വരെ വരിച്ച മണ്ണ്. വി.എം സുധീരനെയും ഇ. ബാലാന്ദനെയും വക്കം പുരുഷോത്തമനെയും സുശീല ഗോപാലനെയും വീഴ്ത്തിയ പാരമ്പര്യവുമുണ്ട് ആലപ്പുഴക്ക്.
ഏറ്റവും കൂടുതല്‍ തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചത് വി.എം സുധീരന്‍. നാലു തവണയാണ് സുധീരന്‍ ആലപ്പുഴയുടെ പാര്‍ലമെന്റിലെ ശബ്ദമായത്. പുന്നപ്രയും വയലാറുമെല്ലാം ഇഴുകിച്ചേര്‍ന്ന ആലപ്പുഴ (1957 മുതല്‍ 1977 വരെ അമ്പലപ്പുഴ) ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ ആദ്യ വിജയി സി.പി.ഐയിലെ പി.ടി പുന്നൂസ് ആയിരുന്നു.
76,380 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പുന്നൂസ് കോണ്‍ഗ്രസിലെ എ.പി ഉദയഭാനുവിനെ വീഴ്ത്തിയത്. രണ്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിലും പി.ടി പുന്നൂസിന് തന്നെയായിരുന്നു വിജയം. 1962ല്‍ പി.കെ വാസുദേവന്‍ നായരിലൂടെ സി.പി.ഐ വിജയം ആവര്‍ത്തിച്ചു. 1967ല്‍ ആയിരുന്നു ആദ്യമായി ആലപ്പുഴ മണ്ഡലത്തില്‍ വനിത ജയിച്ചു കയറിയത്.
സി.പി.എമ്മിന്റെ സുശീല ഗോപാലനായിരുന്നു ആദ്യ പെണ്‍വിജയി. എന്നാല്‍, 1971ല്‍ ആര്‍.എസ്.പിയിലെ കെ. ബാലകൃഷ്ണന് മുന്നില്‍ സുശീല ഗോപാലന്‍ തോറ്റു.
അമ്പലപ്പുഴയില്‍നിന്ന് ആലപ്പുഴയായി 1977ല്‍ പേരുമാറ്റം നടത്തിയ മണ്ഡലം വി.എം സുധീരനിലൂടെ ആദ്യമായി കോണ്‍ഗ്രസ് പിടിച്ചടക്കി. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇ. ബാലാനന്ദനായിരുന്നു വി.എം സുധീരന് മുന്നില്‍ തോല്‍വി ഏറ്റുവാങ്ങിയത്.
1980ല്‍ സുശീല ഗോപാലനിലൂടെ സി.പി.എം വീണ്ടും മണ്ഡലം തിരിച്ചുപിടിച്ചു. ആലപ്പുഴയുടെ ഇന്നേവരെയുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനായിരുന്നു ആ വിജയം. 1,14,264 വോട്ടിന്റെ ഭൂരിപക്ഷം. സുശീല സ്ഥാപിച്ച റെക്കോര്‍ഡ് ആര്‍ക്കും തകര്‍ക്കാനായിട്ടില്ല. 1984ലും 89ലും വക്കം പുരുഷോത്തമനിലൂടെ കോണ്‍ഗ്രസ് മണ്ഡലത്തെ വലതുപക്ഷത്ത് ഉറപ്പിച്ചുനിര്‍ത്തി.
1991ല്‍ സി.പി.എം ടി.ജെ ആഞ്ചലോസിലൂടെ വക്കം പുരുഷോത്തമനെ വീഴ്ത്തി മണ്ഡലം തിരിച്ചു പിടിച്ചു. 1996ല്‍ സുധീരനെ കളത്തിലിറക്കിയ കോണ്‍ഗ്രസ് തുടര്‍ന്ന് 1999ലെ തെരഞ്ഞെടുപ്പ് വരെ മണ്ഡലം കൈപ്പത്തിയില്‍ ഉറപ്പിച്ചു നിര്‍ത്തി. ടി.ജെ ആഞ്ചലോസ്, സി.എസ് സുജാത, നടന്‍ മുരളി എന്നിവരായിരുന്നു സുധീരനു മുന്നില്‍ വീണത്. ഒടുവില്‍ 2004ല്‍ സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച ഡോ. കെ.എസ് മനോജിലൂടെ സുധീരനെ വീഴ്ത്തി മണ്ഡലം ഇടതുപക്ഷത്തേക്ക് വീണ്ടും ചേര്‍ത്തു.
2009ല്‍ കെ.സി വേണുഗോപാലിനെ രംഗത്തിറക്കിയ കോണ്‍ഗ്രസ് ആലപ്പുഴയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രം വലത്തോട്ട് വീണ്ടും മാറ്റിയെഴുതി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 19,407 വോട്ടുകള്‍ക്കാണ് ആലപ്പുഴയില്‍ വേണുഗോപാല്‍ ജയിച്ചുകയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."