കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള നാലുവരിപ്പാത ആശങ്കയുടെ നെഞ്ചിടിപ്പില്‍ പ്രദേശവാസികള്‍
കക്കട്ടില്‍: സംസ്ഥാനപാത 38 എയര്‍പ്പോര്‍ട്ട് റോഡായി വികസിപ്പിക്കുവാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയായെങ്കിലും ആശങ്കയോടെ കഴിയുകയാണ് പ്രദേശവാസികള്‍. കഴിഞ്ഞ ഒക്ടോബറില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് എയര്‍പോര്‍ട്ട് റോഡ് വികസിപ്പിക്കാന്‍ തീരുമാനിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിലേക്കു കുറ്റ്യാടിയില്‍നിന്ന് നാദാപുരം വഴി നിര്‍മിക്കുന്ന നാലു വരിപ്പാതയുടെ സര്‍വേയാണ് ഇതിനോടകം പൂര്‍ത്തിയായത്.
എന്നാല്‍ പ്രധാന ടൗണുകളെ ഒഴിവാക്കി ബൈപ്പാസ് നിര്‍മിക്കുകയാണെന്നുള്ളതും ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്നുവെന്നതുമാണ് ആശങ്ക ഇരട്ടിയാക്കിയിരിക്കുന്നത്. 51 കിലോമീറ്റര്‍ റോഡ് 24 മീറ്റര്‍ വീതിയിലാണ് നിര്‍മിക്കുന്നത്. 102 കോടിയാണ് ചെലവ്.
കുറ്റ്യാടിയില്‍നിന്ന് തുടങ്ങി കോഴിക്കോട് ജില്ലയിലെ മൊകേരി, കക്കട്ടില്‍, നാദാപുരം, തൂണേരി, കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂര്‍, മേക്കുന്ന്, പാനൂര്‍, പൂക്കോട്, കൂത്തുപറമ്പ് വഴിയാണ് കടന്നുപോകുന്നത്. അശാസ്ത്രീയവും ദീര്‍ഘവീക്ഷണത്തോടെയുമല്ലാതെയുള്ള നിര്‍ദേശങ്ങള്‍ ഉന്നതങ്ങളില്‍ സ്വാധീനിച്ച് പ്രധാന ടൗണുകളിലെ കെട്ടിടങ്ങള്‍ സംരക്ഷക്കാനുള്ള നീക്കമാണെന്നും ആരോപണമുണ്ട്.
നാദാപുരം, കല്ലാച്ചി, കക്കട്ട് ടൗണുകളെ ഒഴിവാക്കിയെന്ന ആധികാരികമല്ലാത്ത വാര്‍ത്തകളാണ് നാട്ടുകാരുടെ നെഞ്ചിടിപ്പുകൂട്ടിയത്. നിലവില്‍ കുറ്റാടി മുതല്‍ പെരിങ്ങത്തൂര്‍ വരെ എയര്‍പ്പോര്‍ട്ട് റോഡായി ടാര്‍ ചെയ്തുവെങ്കിലും പലയിടങ്ങളിലും വീതി കുറവ് കാരണം അപകടം നിത്യസംഭവമാണ്. കുറ്റ്യാടിക്കും പെരിങ്ങത്തൂരിനുമിടയില്‍ റോഡ് പണി പൂര്‍ത്തിയായ ശേഷം നിരവധിപേര്‍ അപകടത്തില്‍ മരിച്ചിരുന്നു.
ആവശ്യത്തിന് വീതി കൂട്ടാതെയുള്ള റോഡ് വികസനത്തിന് അന്നുമുതലേ പല കോണുകളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നിരുന്നു. കുറ്റ്യാടി ബൈപ്പാസ് യാഥാര്‍ഥ്യമാവാത്തതു കാരണം ടൗണില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും മൊകേരി, കക്കട്ട്, കല്ലാച്ചി, നാദാപുരം, ഇരിങ്ങണ്ണൂര്‍ എന്നീ ടൗണുകളിലെ വീതി കുറഞ്ഞ റോഡുകളും ഈ മേഖലയില്‍ അപകടം വര്‍ധിക്കാന്‍ കാരണമാണ്. പലയിടങ്ങളിലും കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയുണ്ട്.
നരിപ്പറ്റ റോഡ്, കുളങ്ങരത്ത്, നരിക്കൂട്ടും ചാലില്‍, ചേലക്കാട്, പയന്തോങ്ങ് എന്നിവിടങ്ങളിലെ ഇടുങ്ങിയപാത അപകടം വിളിച്ചു വരുത്തുന്നതാണ്. പാതയ്ക്ക് സമീപത്തുള്ള മരങ്ങള്‍ പോലും മുഴുവന്‍ മുറിച്ചുമാറ്റാതെയാണ് വികസനം നടത്തിയത്. 102 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തിക്ക് നാലുമാസം കൊണ്ട് രൂപരേഖ തയാറാവുമെന്നാണ് പറഞ്ഞിരുന്നത്.
പാത കടന്നുപോവുന്ന ചെറിയ ടൗണുകളില്‍ ശാസ്ത്രീയമായി നടപ്പാതകള്‍ നിര്‍മിച്ച് അപകടരഹിതപാതയാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. മരാമത്ത് വകുപ്പ് നടത്തിയ സര്‍വേ അംഗീകരിച്ചാല്‍ മാത്രമേ വീതികൂട്ടലുണ്ടാവുകയുള്ളു. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ളതല്ലാത്ത തീരുമാനത്തിനെതിരേ പ്രതിഷേധമുയരാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."