വിദ്യാഭ്യാസ വകുപ്പ് ഓഫിസുകളില്‍ 'സ്മാര്‍ട്ട് വര്‍ക്കിന് 'ഊന്നല്‍ നല്‍കണം
ചെറുവത്തൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓഫിസുകളില്‍ കാതലായ മാറ്റങ്ങള്‍ വേണമെന്ന് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് നടത്തിയ പ്രവൃത്തി പഠനറിപ്പോര്‍ട്ടിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് മുതല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ വരെ നിലവിലുള്ള ന്യൂനതകള്‍ ചൂണ്ടിക്കാട്ടുന്നത്. തിരഞ്ഞെടുത്ത വിദ്യാഭ്യാസ ഓഫിസുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
സ്മാര്‍ട്ട് വര്‍ക്കിന് ഊന്നല്‍ നല്‍കിയുള്ള പരിശീലനം ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നതാണു പ്രധാന നിര്‍ദേശം. ജീവനക്കാരുടെ കാര്യക്ഷമതയും ചെയ്യുന്ന ജോലിയുടെ നിലവാരവും മെച്ചപ്പെടുത്തുന്നതിനു ജോലിയുടെ സ്വഭാവമനുസരിച്ചുള്ള വിദഗ്ധ പരിശീലനം കൃത്യമായ ഇടവേളകളില്‍ നല്‍കണം. ജോലിയുമായി ബന്ധപ്പെട്ട പരിശീലനത്തിനൊപ്പം ഓഫിസ് മാനേജ്‌മെന്റ്, വ്യക്തിത്വവികസനം, സ്ട്രസ്സ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ ജീവനക്കാര്‍ക്കു പരിശീലനം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓഫിസുകളില്‍ രേഖകളുടെ സൂക്ഷിപ്പ് കാര്യക്ഷമമല്ലാത്തതിനാല്‍ വകുപ്പിനു കീഴിലുള്ള എല്ലാ ഓഫിസുകളിലെയും രേഖകള്‍ ഡിജിറ്റലൈസ് ചെയ്യണം. ആറുമാസം പ്രസവാവധിക്കു പോകുന്ന ജീവനക്കാര്‍ക്കു പകരം ജീവനക്കാരെ നിയമിക്കാത്തത് ഓഫിസുകളിലെ ജോലിസന്തുലനാവസ്ഥയെ ബാധിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. മിക്ക ഓഫിസുകളിലും ഫയല്‍ തീര്‍പ്പാക്കുന്നതില്‍ വലിയ കാലതാമസം ഉണ്ടാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."