പ്രതിരോധ കുത്തിവയ്പ്പ് തടഞ്ഞാല്‍ നടപടി: ആരോഗ്യമന്ത്രി
കോഴിക്കോട്: രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന ബോധവല്‍ക്കരണത്തിന് ശേഷവും പ്രതിരോധകുത്തിവയപ്പ് തടസപ്പെടുത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യസാമൂഹ്യക്ഷേമ മന്ത്രി കെ.കെ ശൈലജ. കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. മലപ്പുറത്ത് ഡിഫ്തീരിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികള്‍ക്കാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
പ്രതിരോധകുത്തിവയ്പ്പ് എടുക്കുന്നതിനെതിരേ വ്യാപകമായ പ്രചരണം ചിലര്‍ നടത്തുന്നുണ്ട്. ഇതിനെതിരേ ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താനായി ഫീല്‍ഡ് വര്‍ക്കര്‍മാരെ ഉപയോഗപ്പെടുത്തി ബോധവത്കരണം നടത്തും. അതിനുശേഷവും കുത്തിവയ്‌പ്പെടുക്കാത്തവരെ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ബോധവല്‍ക്കരിക്കും. മൂന്നാംഘട്ടത്തിലും വാക്‌സിനേഷനുള്ള അവസരം നിഷേധിച്ച് ആരോഗ്യപ്രവര്‍ത്തനം തടസപ്പെടുത്തുന്നവരെ നിയമപരമായി നേരിടും. എന്നാല്‍ നിര്‍ബന്ധബുദ്ധിയില്ലാതെതന്നെ ബോധവല്‍ക്കരണത്തിലൂടെ ഏവരും പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍കോളജുകളിലെയും അക്കാദമിക-പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റും. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ എല്ലാ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുമെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. ജില്ലാ ആശുപത്രികള്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രികളാക്കി ഉയര്‍ത്താനുള്ള ശ്രമം ഈ വര്‍ഷത്തോടെ ആരംഭിക്കും. സിദ്ധ,യുനാനി ഡിസ്‌പെന്‍സറികള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ അവ അനുവദിക്കും.
സംസ്ഥാനത്തെ ആശുപത്രികളിലൊന്നും ആവശ്യത്തിന് വിദഗ്ധ ഡോക്ടര്‍മാരില്ല. ഓരോ ആശുപത്രിയിലേയും സ്റ്റാഫ്പാറ്റേണ്‍ അനുസരിച്ച് മുഴുവന്‍ തസ്തികകളിലും നിയമനം നടത്തും. പാരാമെഡിക്കല്‍ ജീവനക്കാരുടെ എണ്ണത്തിലും വര്‍ധന വരുത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായി. സെക്രട്ടറി എന്‍ രാജേഷ്, ജോയിന്റ് സെക്രട്ടറി കെ. സി റിയാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."