കിം ജോങ് ഉന്‍ ജീവനോടെയുണ്ട്! വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് ഉത്തര കൊറിയന്‍ ഭരണാധികാരി
പ്യോങ്യാങ്: ഒരാഴ്ചയിലേറെ നീണ്ട അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു.
ഉന്നിനു മസ്തിഷ്ക മരണം സംഭവിച്ചെന്നുവരെ വാര്‍ത്ത പ്രചരിക്കുകയും ലോകരാജ്യങ്ങള്‍ വിഷയത്തില്‍ അന്വേഷണം നടത്തുകയും അദ്ദേഹത്തിന്റെ പിന്‍ഗാമിയെക്കുറിച്ച് ചര്‍ച്ച നടക്കുകയും ചെയ്യുന്നതിനിടയ്ക്കാണ് കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങില് ഒരു ചടങ്ങില്‍ അദ്ദേഹം സംബന്ധിച്ചത്.പ്യോങ്യാങ്ങിലെ ഒരു വളം പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ തന്റെ സഹോദരി കിം യോ ജോങ് അടക്കമുള്ള പ്രമുഖര്‍ക്കൊപ്പം അദ്ദേഹം പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ ഉത്തരകൊറിയന്‍ മാധ്യമമാണ് പുറത്തുവിട്ടത്.
ഇരുപതിലേറെ ദിവസങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. കിം പ്ലാന്റ് ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങളും പ്ലാന്റ് നടന്നുകാണുന്ന ചിത്രങ്ങളും കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ, ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കാണ് വിരാമമായത്.
നേരത്തെ, രാജ്യത്തിന്റെ സ്ഥാപകദിന പരിപാടിയില്‍ കിമ്മിന്റെ അസാന്നിധ്യം ശ്രദ്ധേയമായതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച സംശയങ്ങളുയര്ന്നിരുന്നത്. അമേരിക്കന്‍ മാധ്യമങ്ങളാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് അദ്ദേഹം ആരോഗ്യവാനായിരിക്കുന്നുവെന്ന് ദക്ഷിണകൊറിയയയും അമേരിക്കന്‍ പ്രസിഡന്റുമടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും, കിമ്മിന് ഹൃദയസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയ കഴിഞ്ഞിരുന്നെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഉത്തരകൊറിയയിലെ റിസോര്‍ട്ട് ടൗണില്‍ അദ്ദേഹം വിശ്രമത്തിലുണ്ടെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."