ഇനി റോഹിംഗ്യകളെ സ്വീകരിക്കില്ല: രക്ഷാസമിതിയോട് ബംഗ്ലാദേശ്
ധാക്ക: മ്യാന്മറില്‍നിന്നെത്തുന്ന റോഹിംഗ്യകളെ സ്വീകരിക്കുന്നത് അവസാനിപ്പിക്കുകയാണെന്ന് ബംഗ്ലാദേശ്. യു.എന്‍ രക്ഷാസമിതിയെ അറിയിച്ചതാണ് ഇക്കാര്യം. റോഹിംഗ്യാ വിഷയത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന രക്ഷാസമിതി യോഗത്തിലാണ് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ഷാഹിദുല്‍ ഹഖ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
അഭയാര്‍ഥികളെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ മ്യാന്മര്‍ ഭരണകൂടം പൊള്ളയായ വാഗ്ദാനങ്ങളാണു നല്‍കിയതെന്ന് ഷാഹിദുല്‍ ഹഖ് കുറ്റപ്പെടുത്തി.
റാഖൈനിലെ പ്രതികൂലമായ സാഹചര്യം കാരണം ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിംഗ്യകള്‍ ആരും നാട്ടിലേക്കു തിരിച്ചുപോകാന്‍ ഒരുക്കമല്ല. അയല്‍രാജ്യത്ത് പീഡിപ്പിക്കപ്പെട്ട ഒരു ന്യൂനപക്ഷ ജനതയോട് ദയ കാണിച്ചതിന് ബംഗ്ലാദേശ് വിലകൊടുക്കേണ്ടതുണ്ടോ? ഇത്തരമൊരു സാഹചര്യത്തിലാണു കൂടുതല്‍ അഭയാര്‍ഥികളെ ഇനി രാജ്യത്തേക്കു സ്വീകരിക്കേണ്ടതില്ലെന്നു തീരുമാനിച്ചത്-അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, വിഷയത്തില്‍ കൂടുതല്‍ ക്ഷമാപൂര്‍ണമായ കാത്തിരിപ്പ് ആവശ്യമുണ്ടെന്ന് യു.എന്നിലെ മ്യാന്മര്‍ അംബാസഡര്‍ ഹാവു ഡോ സുവാന്‍ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടു. റോഹിംഗ്യകളെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ മാനസികവും ശാരീരികവുമായ വലിയ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ട്. റാഖൈനിലെ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസവും വിശ്വാസ്യതയുമുണ്ടാക്കാന്‍ കൂടുതല്‍ സമയവും ക്ഷമയും ധൈര്യവും ആവശ്യമാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോഹിംഗ്യാ മടക്കം വളരെ മന്ദഗതിയിലാണു നീങ്ങുന്നതെന്ന് മ്യാന്മറിലെ യു.എന്‍ ദൂതന്‍ ക്രിസ്റ്റിന്‍ ബര്‍ഗനര്‍ സമിതിയെ അറിയിച്ചു. നാട്ടിലേക്കു മടങ്ങാനുള്ള റോഹിംഗ്യകളുടെ ശ്രമം സുഗമമാക്കാനുള്ള യു.എന്‍ ഏജന്‍സികളുടെ നീക്കത്തിനും സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയോ സ്വാതന്ത്ര്യമോ നല്‍കിയില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
7,40,000ത്തിലേറെ റോഹിംഗ്യകളാണ് ബംഗ്ലാദേശിലെ വിവിധ അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്നത്. 2016ലും 2017ലും റാഖൈനില്‍ നടന്ന സൈന്യത്തിന്റെ ന്യൂനപക്ഷ വേട്ടയെ തുടര്‍ന്നാണ് ഇവര്‍ കൂട്ടത്തോടെ നാടുവിട്ടത്. സംഭവത്തെ ഐക്യരാഷ്ട്ര സഭ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും റോഹിംഗ്യകള്‍ക്കെതിരേ നടന്നതു വംശഹത്യയാണെന്നും യുദ്ധക്കുറ്റമാണെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ആങ് സാന്‍ സൂക്കിയുടെ നേതൃത്വത്തിലുള്ള മ്യാന്മര്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല.
ഇതിനിടെ, 2018 ജനുവരിയില്‍ ബംഗ്ലാദേശ്-മ്യാന്മര്‍ സര്‍ക്കാരുകള്‍ക്കിടയില്‍ അഭയാര്‍ഥികളെ നാട്ടിലേക്കു തിരിച്ചുകൊണ്ടുപോകാന്‍ ധാരണയായി. ഓരോ ആഴ്ചയും 1,500 വീതം റോഹിംഗ്യകളെ സ്വീകരിക്കാമെന്ന് മ്യാന്മര്‍ സമ്മതിച്ചു.
രണ്ടു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ അഭയാര്‍ഥികളെയും നാട്ടിലേക്കു തിരിച്ചയക്കാനായിരുന്നു ബംഗ്ലാദേശ് ലക്ഷ്യമിട്ടിരുന്നത്. ഇതിനു നടപടി തുടങ്ങിയെങ്കിലും നാട്ടിലെ സ്ഥിതി തീര്‍ത്തും പ്രതികൂലമായതിനാല്‍ റോഹിംഗ്യകള്‍ തിരിച്ചുപോകാന്‍ കൂട്ടാക്കിയില്ല. അഭയാര്‍ഥികളെ നിര്‍ബന്ധിച്ചു തിരിച്ചയക്കരുതെന്ന് യു.എന്നിന്റെ കര്‍ശന നിര്‍ദേശം വന്നതോടെ ബംഗ്ലാദേശ് ശ്രമം നിര്‍ത്തിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."