കണ്ണൂരിലല്ല; അമ്മമാരുടെ കണ്ണുനീര്‍ കണക്കു ചോദിക്കുക വടകരയില്‍
#ടി.കെ ജോഷി
രാഷ്ട്രീയ അരുംകൊലയുടെ ദുഷ്‌പേരു പേറുന്നത് കണ്ണൂരാണെങ്കിലും രക്തസാക്ഷികളുടെയും ബലിദാനികളുടെയും അമ്മമാരുടെ തോരാത്ത കണ്ണുനീര്‍ സ്വാസ്ഥ്യം കെടുത്തുന്നത് വടകരയെയാണ്.
കണ്ണൂര്‍ ജില്ലയിലെ കൊലപാതക രാഷ്ട്രീയം ചോരചിന്തിയ തലശ്ശേരിയും പാനൂരും കൂത്തുപറമ്പുമെല്ലാം ഉള്‍ക്കൊള്ളുന്ന ഈ കടത്തനാടന്‍ മണ്ണ് ഉള്ളില്‍ കലുഷിതമാണെങ്കിലും കളരിപ്പയറ്റും കമ്മ്യൂണിസവും സോഷ്യലിസവുമൊക്കെ മറയിട്ടാണ് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇടം കാണുന്നത്.
മണ്ടോടി കണ്ണന്റെ രക്തസാക്ഷിത്വത്തിലൂടെ ചുവന്ന ഒഞ്ചിയം. അഞ്ച് പതിറ്റാണ്ടിനിടയില്‍ രാഷ്ട്രീയ വൈരത്തില്‍ എണ്ണിയാലൊടുങ്ങാത്ത ജീവനുകള്‍ അറ്റുവീണ പാനൂരിലെ ഇടവഴികള്‍. സമരചരിത്രത്തില്‍ ഭരണകൂട ഭീകരതയായി ആഘോഷിക്കപ്പെട്ട അഞ്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ രക്തസാക്ഷിത്വത്തിന് വേദിയായ കൂത്തുപറമ്പ്. കലാപത്തിന്റെ തീ പടര്‍ന്ന തലശ്ശേരി. രാഷ്ട്രീയ സംഘര്‍ഷത്തിന്റെ നെരിപ്പോടായി മാറിയ നാദാപുരം. ഒടുവില്‍ 51 വെട്ടിലൂടെ ടി.പി ചന്ദ്രശേഖരന്റെ രക്തം വീണും നനഞ്ഞ മണ്ണ്.
എല്ലാം ഈ മണ്ഡലത്തിലാണ്. ഈ കടത്തനാടന്‍ മണ്ണിനു പറയാനുള്ളതും വീഴ്ത്തിയും വാഴ്ത്തിയുമുള്ള തെരഞ്ഞെടുപ്പ് പോരാട്ട ചരിത്രമാണ്. ഓരോ തെരുവിലും നിറം മാറിയ കൊടികളാല്‍ അലങ്കരിക്കപ്പെട്ട സ്മൃതിമണ്ഡപങ്ങളുള്ള വടകരയിലെ തെരഞ്ഞെടുപ്പില്‍ കൊലപാതക രാഷ്ട്രീയം പ്രധാന ചര്‍ച്ചയാകുമെന്നത് നിസ്തര്‍ക്കമാണ്.
കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി, കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പെടുന്നതാണ് വടകര ലോക്‌സഭാ മണ്ഡലം.
വടക്ക് കൊടുവള്ളിപ്പുഴയും തെക്ക് കോരപ്പുഴയും അതിരിടുന്ന വടകര ചുവന്ന മണ്ണായിട്ടായിരുന്നു ചരിത്രത്തില്‍ ഇടം കണ്ടിരുന്നതെങ്കിലും ഒരു പതിറ്റാണ്ടായി ത്രിവര്‍ണ പതാകയാണ് പാറുന്നത്. അതിനാല്‍ തന്നെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇടതുപക്ഷവും നിലനിര്‍ത്താന്‍ യു.ഡി.എഫും രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് ഇഴയും പാവും നെയ്യുകയാണിപ്പോള്‍.
1957ല്‍ രൂപീകൃതമായ വടകര ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ആദ്യം തെരഞ്ഞെടുക്കപ്പെട്ടത് പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് കെ.ബി മേനോനായിരുന്നു. 1962ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി എ.വി രാഘവനും 1967ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് എ. ശ്രീധരനും വിജയിച്ചു. എങ്കിലും വടകരയുടെ സ്വകാര്യ അഹങ്കാരം കെ.പി ഉണ്ണികൃഷ്ണനാണ്. മണ്ഡല ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജനപ്രതിനിധിയായിരുന്നതിന്റെ റെക്കോര്‍ഡ് കെ.പി ഉണ്ണികൃഷ്ണന് അവകാശപ്പെട്ടതാണ്. 1971 മുതല്‍ തുടര്‍ച്ചയായി ആറു തവണയാണ് അദ്ദേഹം വടകരയെ ലോക്‌സഭയില്‍ പ്രതിനീധീകരിച്ചത്. 1971ലും 1977ലും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ചിഹ്നത്തിലാണെങ്കില്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം 1980ല്‍ കോണ്‍ഗ്രസ്- യുവിന്റെ ബാനറിലായിരുന്നു വിജയം.
1984, 1989, 1991 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് - എസിന്റെ സ്ഥാനാര്‍ഥിയായി വിജയം ആവര്‍ത്തിച്ചു. എന്നാല്‍ വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ഉണ്ണികൃഷ്ണന് 1996ല്‍ സി.പി.എമ്മിലെ ഒ. ഭരതനു മുന്നില്‍ അടിയറവു പറയേണ്ടി വന്നു. പിന്നീട് തുടര്‍ച്ചയായി ഇടതു പക്ഷത്തിന്റെ ചെങ്കൊടി മണ്ഡലത്തില്‍ പാറി. 1998ല്‍ സി.പി.എമ്മിന്റെ എ.കെ പ്രേമജം കോണ്‍ഗ്രസിലെ സി.എം സുരേഷ് ബാബുവിനെ പരാജയപ്പെടുത്തി. 1999ലും പ്രേമജം തന്നെ മണ്ഡലത്തെ പ്രതിനീധീകരിച്ച് ലോക്‌സഭയിലെത്തി. സുരേഷ് ബാബു തന്നെയായിരുന്നു എതിരാളി.
2004ല്‍ സി.പി.എം അഡ്വ.പി സതീദേവിയിലൂടെ സീറ്റ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ എം.ടി പത്മയായിരുന്നു എതിരാളി. എന്നാല്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം 2009ല്‍ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം മാറ്റിമറിച്ചാണ് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചത്. ഒഞ്ചിയത്തെ രാഷ്ട്രീയ ധ്രുവീകരണവും വ്യക്തിപ്രഭാവവും തുണയായതോടെ 56,186 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. പി. സതീദേവിയെ മുല്ലപ്പള്ളി പരാജയപ്പെടുത്തി.
ഒഞ്ചിയം കേന്ദ്രീകരിച്ച് ടി.പി ചന്ദ്രശേഖരന്‍ രൂപീകരിച്ച ആര്‍.എം.പി(റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി)യുടെ സാന്നിധ്യവും ഈ വിജയത്തില്‍ മുല്ലപ്പള്ളിക്കു തുണയായി. ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വവും തുടര്‍ന്നുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളും 2014 ലെ തെരഞ്ഞെടുപ്പിലും മുല്ലപ്പള്ളി രാമചന്ദ്രനെ ജയിപ്പിച്ചു. എന്നാല്‍, മുല്ലപ്പള്ളിയുടെ ഭൂരിപക്ഷം 3000 ആയി കുറഞ്ഞു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുറ്റ്യാടി ഒഴികെ ആറു മണ്ഡലങ്ങളിലും എല്‍.ഡി.എഫിനായിരുന്നു വിജയം. കുറ്റ്യാടിയിലെ അട്ടിമറി വിജയവും നാദാപുരം, പേരാമ്പ്ര നിയോജകമണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിച്ചതുമാണ് യു.ഡി.എഫിന് ഏക ആശ്വാസം. വടകരയില്‍ ആര്‍.എം.പി സ്ഥാനാര്‍ഥിയായി മത്സരിച്ച ടി.പിയുടെ ഭാര്യ കെ.കെ രമ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
മുല്ലപ്പള്ളി സംസ്ഥാന കോണ്‍ഗ്രസിന്റെ അമരത്തെത്തിയതോടെ മണ്ഡലം നിലനിര്‍ത്താന്‍ ആര് എന്ന ചര്‍ച്ചയാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്.
പൊതുസ്വതന്ത്രന്റെ സാധ്യതവരെ യു.ഡി.എഫ് തേടുമ്പോള്‍ അക്രമരാഷ്ട്രീയം ചര്‍ച്ചയാകുന്നത് ഒഴിവാക്കാവുന്ന ഒരു സ്ഥാനാര്‍ഥിയെ തേടുകയാണ് സി.പി.എം. മുന്നണിയില്‍ തിരിച്ചെത്തിയ വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളും സീറ്റിനായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യവും സി.പി.എമ്മിന്റെ പരിഗണനയിലാണ്. ബി.ജെ.പി നിര്‍ണായക ശക്തിയല്ലാത്ത മണ്ഡലത്തില്‍ ഇടതു, വലതു മുന്നണികള്‍ തമ്മിലുള്ള ശക്തമായ മത്സരമായിരിക്കും നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."