പൊതുഗതാഗതം ഉടനുണ്ടാകില്ല; 1,000 കോടി ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഈ മാസം 17 വരെ നീട്ടിയ സാഹചര്യത്തില്‍ പൊതുഗതാഗത മേഖല അടഞ്ഞുതന്നെ കിടക്കും. പൊതുഗതാഗത സംവിധാനം എന്ന് പൂര്‍ണമായി തുറന്നുകൊടുക്കുമെന്നു പറയാനാകാത്ത സാഹചര്യവുമാണ് നിലവിലുള്ളത്. ഇതിനിടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെ.എസ്.ആര്‍.ടി.സിക്ക് ലോക്ക് ഡൗണ്‍ കൂനിന്‍മേല്‍ കുരുവായി. കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആയിരം കോടി രൂപ വേണമെന്നുമാണ് കെ.എസ്.ആര്‍.ടി.സിയുടെ നിലപാട്.
ആരോഗ്യ പ്രവര്‍ത്തകരുടെ സഞ്ചാരത്തിനല്ലാതെ ഒന്നരമാസത്തിലേറെയായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിരത്തിലിറക്കാനാകുന്നില്ല. മെയ് 17 കഴിഞ്ഞ് പൊതുഗതാഗതത്തിന് ഇളവ് അനുവദിച്ചാലും സാമൂഹിക അകലം പാലിച്ച് നിബന്ധനകള്‍ ഉറപ്പാക്കിയാകും സര്‍വിസ് നടത്തേണ്ടത്. ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലിയില്‍ സര്‍വിസ് നടത്തിയാല്‍ കെ.എസ്.ആര്‍.ടി.സി പൂട്ടേണ്ടിവരും. ഇത്തരത്തിലുള്ള നഷ്ടം നികത്താനും പുതിയ ബസുകള്‍ നിരത്തിലിറക്കുന്നതിനുമടക്കം പിടിച്ചുനില്‍ക്കാനുള്ള സഹായമെന്ന നിലയിലാണ് കെ.എസ്.ആര്‍.ടി.സി 1000 കോടിരൂപ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
മാത്രമല്ല ഡീസലിനുള്ള എക്‌സൈസ് ഡ്യൂട്ടി കുറക്കണമെന്ന ആവശ്യവും കെ.എസ്.ആര്‍.ടി.സി കേന്ദ്രത്തിനു മുന്നില്‍ വയ്ക്കുന്നുണ്ട്. ശമ്പളം നല്‍കുന്നതിനായി 80 കോടി രൂപ സംസ്ഥാനത്തോടും കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, അനുവദിച്ചാലും ഗ്രീന്‍ സോണുകളില്‍ സര്‍വിസ് നടത്തില്ലെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചു. ഭാഗിക സര്‍വിസുകള്‍ നിലവിലുള്ള നഷ്ടം ഇരട്ടിപ്പിക്കുമെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം. ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 12,000ത്തോളം സ്വകാര്യ ബസുകളാണുള്ളത്. എഴുപത് ശതമാനത്തോളം ബസുടമകള്‍ സര്‍വിസ് നിര്‍ത്തിവക്കാനുള്ള അപേക്ഷ ഇതിനകം സമര്‍പ്പിച്ചു കഴിഞ്ഞു. ചാര്‍ജ് വര്‍ധന വേണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം ഗതാഗത വകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനക്ക് കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."