രാജന്‍ തിരോധാനത്തിനു 43 ആണ്ട്: മൃതദേഹം എവിടെയെന്നത് ചോദ്യചിഹ്നം
താമരശ്ശേരി: കഴിഞ്ഞ നാലു പതിറ്റാണ്ടുകാലം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആര്‍.ഇ.സി വിദ്യാര്‍ഥിയായിരുന്ന രാജന്റെ തിരോധാനത്തിന് 43 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മൃതദേഹമെവിടെയെന്ന ചോദ്യം ബാക്കിയാവുന്നു. അടിയന്തരാവസ്ഥ കൊടികുത്തി വാണ 1975-77 കാലത്ത് ഇപ്പോള്‍ എന്‍.ഐ.ടിയായി മാറിയ കോഴിക്കോട് റീജ്യനല്‍ എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന രാജനെ നക്‌സല്‍ ബന്ധത്തിന്റെ പേരിലാണ് പൊലിസ് പിടിച്ചു കൊണ്ടുപോവുന്നത്. 1976 മാര്‍ച്ച് ഒന്നിന് അന്നത്തെ പൊലിസ് മേധാവി ജയറാം പടിക്കലിന്റെ നേതൃത്വത്തിലാണ് രാജനെയും സുഹൃത്തിനെയും ഹോസ്റ്റലില്‍ നിന്ന് പൊലിസ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത രാജനെയും സുഹൃത്തിനെയും കക്കയം പൊലിസ് ക്യാംപിലായിരുന്നു എത്തിച്ചിരുന്നത്. ക്യാംപില്‍ വച്ച് ജയറാം പടിക്കലിന്റെ നേതൃത്വത്തിലുള്ള പൊലിസ് ക്രൂരമായി മര്‍ദിച്ചെന്നും കൊല്ലപ്പെട്ടന്നും സഹ തടവുകാരായവര്‍ വ്യക്തമാക്കിയിരുന്നു. രാജന്റെ മൃതദേഹം പൊലിസുകാര്‍ കക്കയം ഉരുക്കുഴിയില്‍ തള്ളിയതായും ആരോപണം ഉയര്‍ന്നു. എന്നാല്‍ ഇവയൊന്നും തെളിയിക്കാന്‍ രാജനെ സഹായിച്ചവര്‍ക്കോ അദ്ദേഹത്തിന്റെ പിതാവ് പ്രൊഫ. ഈച്ചര വാര്യര്‍ക്കോ സാധിച്ചില്ല. ഏക മകനെ തേടിയലഞ്ഞ അച്ഛന്‍ കയറിയിറങ്ങാത്ത മന്ത്രി മന്ദിരങ്ങളില്ല. വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. ഹേബിയസ് കോര്‍പസ് കേസ് ഫയല്‍ ചെയ്തു. ഇതോടെ ഹേബിയസ് കോര്‍പസ് കേസ് കേരളത്തില്‍ ആ കാലത്ത് ഏറെ ചര്‍ച്ചയായി. അതുവരെ അങ്ങിനെയൊരു കേസ് ആരും തന്നെ ഫയല്‍ ചെയ്തതായി അറിവുമില്ലായിരുന്നു. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് 78 ല്‍ കരുണാകരന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. അടിയന്തരാവസ്ഥ കാലത്ത് നക്‌സല്‍ ബന്ധത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തതായും ചോദ്യം ചെയ്യലില്‍ മരിച്ചെന്നും ബോധ്യപ്പെട്ട കോടതി രാജന്റെ മൃതദേഹം കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ കേസ് അവസാനിപ്പിച്ചു ഉത്തരവിട്ടു. ഇതോടെ തന്റെ മകന്റെ ഭൗതികശരീരം പോലും ഇനി കിട്ടില്ലെന്നുറപ്പായ ഈച്ചര വാര്യര്‍ 2004 ല്‍ എഴുതിയ ഒരച്ഛന്റെ ഓര്‍മ കുറിപ്പുകള്‍ മലയാളിയുടെ മനസിനെ ഇന്നും കണ്ണീരണിയിക്കും. ഈ പുസ്തകത്തിനു ജീവചരിത്ര ആത്മ കഥാവിഭാഗം കൃതിക്കുളള പുരസ്‌കാരം ലഭിച്ചു. രാജന്റെ തിരോധാനവുമായി ബന്ധമുള്ള ഷാജി എന്‍. കരുണ്‍ ആദ്യമായി സംവിധാനം ചെയ്ത് 1998 ല്‍ പുറത്തിറങ്ങിയ സിനിമയാണ് പിറവി. ഈ ചിത്രം ഏറെ അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ലോക നിലവാരത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. രാജന്റെ തിരോധാനത്തിന് 43 വര്‍ഷം പിന്നിടുമ്പോള്‍ അച്ഛനും ഏറെ പഴികേള്‍ക്കേണ്ടി വന്ന കെ. കരുണാകരനും ജയറാം പടിക്കലും കാലയവനികക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."