അന്ന് എന്റെ ഉമ്മ കണ്ണീരൊലിപ്പിച്ചുകൊണ്ട് ചെയ്ത ദുആ മാത്രം മതിയാവും 'സഹചാരി'യുമായി സഹകരിക്കുന്നവര്‍ രക്ഷപ്പെട്ടുപോകാന്‍; അഞ്ചുവര്‍ഷം മുന്‍പേയുള്ള സഹചാരിയുടെ കൈത്താങ്ങ് ഓര്‍ത്തെടുത്ത് യുവ ഡോക്ടര്‍
കുറ്റ്യാടി: അഞ്ചുവര്‍ഷം മുന്‍പ് മരവിച്ച മനസുമായി ആശുപത്രി വാര്‍ഡില്‍ കിടക്കുന്നതിനിടെ അപ്രതീക്ഷിതമായി കൈയിലെത്തിയ സഹചാരി റിലിഫ് സെല്ലിന്റെ സ്നേഹകൈത്താങ്ങ് വര്‍ഷങ്ങള്‍ക്കിപ്പുറം ഓര്‍ത്തെടുക്കുന്ന യുവ ഡോക്ടറുടെ ഫെയ്സ്ബുക് പോസ്റ്റ് വൈറലാവുന്നു. തൊട്ടില്‍പ്പാലം നോവ ഡെന്റല്‍ ക്ലിനിക്കിലെ ഡോക്ടറും എസ്.കെ.എസ്.എസ്.എഫ് കുറ്റ്യാടി മേഖല പ്രസിഡന്റുമായ ഡോ:സമീര്‍ അഹ്മദാണ് നിര്‍ധന രോഗികള്‍ക്ക് ലഭിക്കുന്ന സഹചാരി സഹായം തനിക്കുലഭിച്ചതിന്റെ നേര്‍സാക്ഷ്യം തന്റെ ഫെയ്സ്ബുക് പോസ്റ്റില്‍ വിവരിക്കുന്നത്.
വയറുസംബന്ധമായ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് പി.വി.എസ് ആശുപത്രിയില്‍ അഡ്മിറ്റായതായിരുന്നു സമീര്‍ അഹ്മദ്. ആഴ്ച്ചകള്‍ക്ക് ശേഷം ചികിത്സപൂര്‍ത്തിയായതിനാല്‍ ചികിത്സിച്ച ഗോകുലന്‍ ഡോക്ടര്‍ ഡിസ്ചാര്‍ഡ് എഴുതിയിട്ടും ചികിത്സയ്ക്കു വന്ന ബില്‍തുക അടക്കാന്‍ കഴിയാതെ സമീറിന്റെ നിര്‍ധന കുടുംബം പ്രയാസപ്പെട്ടു. പരിഹാരമായി അഡ്മിറ്റ് നീട്ടാന്‍ റിക്വസ്റ്റ് നല്‍കുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്നും ബി.ഡി.എസ് പഠനം പൂര്‍ത്തിയാക്കി അവിടത്തന്നെ പ്രാക്ടീസും നടത്തി നാട്ടിലെത്തിയ സമയത്തായിരുന്നു സമീറിന് വയറ് സംബന്ധമായ രോഗം വരുന്നത്. മത്സ്യവില്‍പ്പന ജോലിയായിരുന്ന പിതാവ് അകാലത്തില്‍ തന്നെ കുടുംബത്തെ വിട്ടു പോയിരുന്നു. പിന്നീടങ്ങോട്ട് സമീറിന്റെ പഠനവും കുടുംബത്തിന്റെ ദൈനംദിന കാര്യങ്ങളെല്ലാം നോക്കിയത് ബന്ധുക്കളായിരുന്നു.
എസ്.കെ.എസ്.എസ്.എഫ് കുറ്റ്യാടി മേഖല കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്ത സമയത്ത് കൂടിയായിരുന്നു സമീര്‍ ആശുപത്രിയില്‍ കിടന്നത്. ഇതേതുടര്‍ന്ന് രണ്ടുദിവസം മുന്‍പെ വന്ന് കാര്യങ്ങള്‍ മനസിലാക്കി പോയ അന്നത്തെ മേഖല പ്രസിഡന്റും നിലവില്‍ ജില്ലാ ട്രഷററുമായ ശൈജല്‍ അഹമദ് നിലവില്‍ സംസ്ഥാന ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയായ ഒ.പി.എം അശ്റഫ്, ജില്ലാ ജനറല്‍ സെക്രട്ടറി അലി അക്ബര്‍ മുക്കം, കോഴിക്കോട് ഇസ്ലാമിക് സെന്ററിലെ ശംസീര്‍ കാപ്പാട് എന്നിവരുമായി ആശുപത്രിയില്‍ സന്ദര്‍ശനത്തിനെത്തുകയും പോകാന്‍ നേരത്ത് അശുപത്രിയില്‍ അടക്കാനാവശ്യമായ മുഴുവന്‍ ബില്‍തുകയും സഹചാരി ഫണ്ടിലുള്‍പ്പെടുത്തി സമീറിന് നല്‍കുകയായിരുന്നു. അന്ന് കൈയില്‍ ലഭിച്ച സഹചാരിയുടെ സഹായം അനുഭവിച്ച ആളെന്ന നിലയില്‍ ഫണ്ട് ശേഖരണത്തിന്റെ ആവശ്യകതയും പ്രാധാന്യവും പറയുന്നതാണ് ഫെയ്സ്ബുക്ക് പോസ്റ്റ്
തനിക്കു ലഭിച്ച സഹായത്തിന് പ്രത്യുപകാരമായി കഴിഞ്ഞ രണ്ടു ടേമില്‍ സംസ്ഥാന തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫണ്ട് ശേഖരിക്കാന്‍ സമീറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞതും നിലവിലെ ശ്രമങ്ങളും കുറിപ്പില്‍ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഡോ.സമീർ അഹമ്മദ്-കുറ്റ്യാടി എഴുതുന്നു
സഹചാരിയും ഞാനും
അഞ്ചു വർഷങ്ങൾക്ക് മുമ്പുള്ള ഒരു രാത്രി...
ഡോക്ടർ ഗോകുലൻ സാർ ഡിസ്ചാർജ് എഴുതിയിട്ടുണ്ട്...
എങ്കിലും കോഴിക്കോട് പി വി എസ് ഹോസ്പിറ്റലിലെ ആ മരുന്ന് മണക്കുന്ന മുറിയിൽ ഞങ്ങൾ മൂന്നു പേർ മനം മരവിച്ച് ഇരിക്കുകയാണ്...
കോഴ്സ് കഴിഞ്ഞു ബാംഗളൂരിൽ പ്രാക്ടീസ് തുടങ്ങിയിട്ടുണ്ടെങ്കിലും അവിടെ നിന്നും ലഭിക്കുന്ന എക്സ്പീരിയൻസ് മാത്രമായിരുന്നു ഞാനടക്കമുള്ളവരുടെ അന്നത്തെ ശമ്പളം...
കോളേജ് കാന്റീനിൽ നിന്നുള്ള ഭക്ഷണം പേരിന് മാത്രമായിരുന്നു...
പ്രഭാത ഭക്ഷണമെന്നത് നിഘണ്ടൂവിൽ പോലും ഇല്ല...
കോഴ്‌സിന്റെ ഒന്നാം വർഷം അനാട്ടമി ലാബിൽ കേറിയത് മുതൽ പലപ്പോഴും ഉച്ച ഭക്ഷണവും സ്കിപ്പായി...
പേഷ്യന്റ്‌സുമായി ഇടപഴകാൻ തുടങ്ങിയപ്പോൾ ഉച്ച ഭക്ഷണം കാവേരി ബേക്കറിയിലെ മുട്ട പഫ്സിൽ ഒതുങ്ങി...
തൊട്ടിൽപ്പാലം മത്സ്യ മാർക്കറ്റിലെ വെറുമൊരു മീൻ കച്ചവടക്കാരനായിരുന്നിട്ടും കുന്നോളം സ്വപ്നം കണ്ട്, എന്നെ പഠിപ്പിച്ച് വലിയ ഡോക്ടർ ആക്കണം എന്ന പ്രതീക്ഷയോടെ ജീവിച്ച് ഒരു ദിനം എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ഞങ്ങളെ വിട്ടു പിരിഞ്ഞ സ്നേഹനിധിയായ ഞങ്ങളുടെ ഉപ്പയുടെ ആഗ്രഹം പോലെ മെഡിക്കൽ എൻട്രൻസിൽ എനിക്ക് ഉയർന്ന റാങ്ക് ലഭിച്ചു...
ഉപ്പയുടെ പ്രതീക്ഷ പൂവണിയിക്കാൻ മാമന്മാരും കുടുംബക്കാരും നാട്ടുകാരും ചേർന്ന് പഠിപ്പിക്കുന്നതിനാൽ പോക്കറ്റ്മണി എന്ന സംഭവം എനിക്ക് കിട്ടാക്കനിയായിരുന്നു...
അത് കൊണ്ട് തന്നെ വല്ലാതെ വിശക്കുമ്പോൾ പലപ്പോഴും തട്ടുകടകളിൽ ഏറ്റവും വിലക്കുറവിൽ ക്വാളിറ്റി കുറവാണെങ്കിലും ക്വാണ്ടിറ്റി അൽപ്പം കൂടുതലായി ലഭിക്കുന്ന എഗ്ഗ് ഫ്രൈഡ്റൈസിൽ അതിന്റെ എല്ലാ ഭവിശ്വത്തും അറിഞ്ഞു കൊണ്ട് തന്നെ അഭയം തേടി...
കുത്തഴിഞ്ഞ ഭക്ഷണ രീതിയിൽ ദേഷ്യം പിടിച്ച വയർ പതിയെ ശരീരവുമായി ഫൈറ്റിങ് തുടങ്ങി...
അവസാനം പച്ച വെള്ളം കുടിച്ചാൽ പോലും അതിയായ ശർദ്ധിയും അതി കഠിനമായ വയറു വേദനയുമായി ഹോസ്പിറ്റലിലെ സർജറി വിഭാഗം തലവനായ ഡോ.വിജയ് സാറിന്റെ അടുത്തെത്തി...
2 ആഴ്ചത്തെ ബാംഗളൂർ ചികിത്സയ്ക്കും ഒരു മാസത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സക്കും ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്നു...
ഇതിനിടയിലാണ് കോഴ്‌സിന്റെ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സംഘടനാ കാര്യങ്ങളിൽ സജീവമാകുന്നത്...
തികച്ചും അപ്രതീക്ഷിതമായി SKSSF കുറ്റ്യാടി മേഖലാ ജനറൽ സെക്രട്ടറി സ്ഥാനവും എന്നെ തേടിയെത്തി...
ഇതിനിടെയാണ് വയറ് സംബന്ധമായ രോഗങ്ങൾ കണ്ടുപിടിക്കുന്നതിലും ചികിത്സിക്കുന്നതിലും അതി വിദഗ്ദ്ധനായ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ് ഡോ. ഗോകുലൻ സാറിന്റെയടുത്തെത്തുന്നതും പിന്നീടുള്ള ചികിത്സകൾ കോഴിക്കോട് പി വി എസ് ഹോസ്പ്പിറ്റലിൽ തുടരുന്നതും...
ഒരു ദിവസം പതിവ് ചെക്കപ്പിനായി കുറ്റ്യാടി നിന്നും കോഴിക്കോടേക്ക് ഭാര്യയോടൊപ്പം ബസ്സ് കയറിയ എനിക്ക് പേരാമ്പ്ര എത്തിയത് മുതൽ പഴയത് പോലെ കലശലായ വേദന വരാൻ തുടങ്ങി...
മരണ വേദനയുമായി ഏറ്റവും അടുത്ത വേദന എന്നാണ് ഡോക്ടർമാർ ഈ വേദനയെ കുറിച്ചു പറഞ്ഞത്...
അന്നവിടെ അഡ്മിറ്റ് ആയ എന്നെ പരിചരിക്കാൻ പെട്ടന്ന് തന്നെ പുരുഷന്മാരായ ആരെങ്കിലും വേണമെന്ന് പറഞ്ഞപ്പോൾ യമാനിയ്യ കോളേജിൽ നിന്നും കായക്കൊടി ശാഖയിലെ മുജീബ് യമാനി നിമിഷങ്ങൾക്കകം അവിടെ ഓടിയെത്തി...
ഇന്ന് കുറ്റ്യാടി മേഖലയുടെ സഹചാരി കളക്ഷന്റെ നെടുംതൂണുകളിൽ ഒന്നാണ് ഈ മുജീബ് യമാനി...
അങ്ങനെ ഒരുപാട് സ്കാനിങ്ങുകളും ടെസ്റ്റുകളും മരുന്നുകളുമായി പി വി എസ്-ൽ ചികിത്സ തുടർന്നു...
അൽപ്പം ഭേദമായപ്പോൾ ഡോക്ടർ ഡിസ്ചാർജ് എഴുതി...
പക്ഷേ കയ്യിൽ അവിടെ കെട്ടാനുള്ള ബിൽ തുക ഇല്ലാത്തതിനാൽ ഞങ്ങൾ അഡ്മിറ്റ് നീട്ടി തരാൻ അങ്ങോട്ട് റിക്വസ്റ്റ് ചെയ്തു...
അതിന്റെ 2 ദിവസം മുമ്പ് പി വി എസ്-ൽ എന്നെ സന്ദർശിക്കാൻ വന്ന അന്നത്തെ മേഖലാ പ്രസിഡന്റ്-നിലവിലെ കോഴിക്കോട് ജില്ലാ ട്രഷറർ പ്രിയ ഷൈജൽ അഹ്മദ് എന്തൊക്കെയോ മണത്തറിഞ്ഞിരുന്നു...
അങ്ങനെ ഞാൻ ഈ എഴുത്തിന്റെ ആദ്യ വരിയിൽ കുറിച്ച ആ രാത്രി ഞങ്ങളുടെ റൂമിൽ 3 സന്ദർശകരെത്തി...
നിലവിൽ SKSSF സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായ അന്നത്തെ ജില്ലാ ജനറൽ സെക്രട്ടറി ഒ പി എം അഷ്‌റഫ് സാഹിബ്, ഇന്നത്തെ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി-അന്നത്തെ ജില്ലാ സെക്രട്ടറി ആയിരുന്ന അലി അക്ബർ മുക്കം,കോഴിക്കോട് ഇസ്ലാമിക് സെന്ററിലെ ഷംസീർ കാപ്പാട് എന്നിവരായിരുന്നു ആ മൂവർ സംഘം...
റൂമിൽ ഒരുപാട് സമയം ഇരുന്ന്, കുശലാന്വേഷണങ്ങളൊക്കെ നടത്തി മനസ്സിന് വല്ലാതെ സമാധാനം നൽകുന്ന ഒത്തിരി നല്ല വാക്കുകൾ സമ്മാനിച്ച് സമസ്തയുടെ മണ്മറഞ്ഞു പോയ മഹാന്മാരുടെ പേരിൽ ഫാത്തിഹ വിളിച്ച് ദുആ ചെയ്തു കൊണ്ടാണ് അവർ പിരിഞ്ഞു പോയത്...
പോകാനിറങ്ങുമ്പോൾ എന്റെ കൈ പിടിച്ചു മുസ്വാഫഹത്ത് ചെയ്ത ഒ പി കയ്യിൽ എന്തോ വച്ചു തന്നു കൊണ്ട് കൈ മുറുക്കി അടച്ചു...
അവർ പോയതിന് ശേഷം ആ വെളുത്ത കവർ ഞാൻ ഉമ്മയ്ക്ക് കൈമാറി...
കവർ തുറന്ന ഉമ്മ കരച്ചിൽ അടക്കാനാവാതെ റൂമിൽ നിന്ന് പുറത്തേക്ക് പോയി...
മാമൻ നൗഷാദിന്റെ സാന്നിധ്യത്തിൽ കവർ തുറന്ന എനിക്കും കരച്ചിലടക്കാനായില്ല...
എന്ത് കാരണത്താലാണോ ഞങ്ങൾ ആവശ്യം കഴിഞ്ഞിട്ടും ആ ഹോസ്പിറ്റലിൽ തന്നെ തങ്ങുന്നത്, അതിനുള്ള പരിഹാരത്തിനുള്ള മുഴുവൻ തുകയും ആ വെള്ളക്കവറിൽ ഉണ്ടായിരുന്നു...
ആ കവറിന് മുകളിൽ ഇങ്ങനെ എഴുതിയിരുന്നു...
`SKSSF സഹചാരി റിലീഫ് സെൽ´
അന്ന് എന്റെ ഉമ്മ ഉറക്കമൊഴിച്ചിരുന്നു കൊണ്ട് കണ്ണീരൊലിപ്പിച്ചു ചെയ്ത ദുആ മാത്രം മതിയാകും ലോകാവസാനം വരെ സഹചാരിയുമായി സഹകരിക്കുന്നവരും അതിനു പിന്നിൽ പ്രവർത്തിക്കുന്നവരും രക്ഷപ്പെട്ടു പോകാൻ എന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു...
ഇതിലും ദുരിതമനുഭവിക്കുന്ന ക്യാൻസർ-ഹൃദയ-കിഡ്നി-ഡയാലിസിസ് രോഗികൾ അടക്കമുള്ള പതിനായിരങ്ങളുടെ കൈകളിലേക്കാണ് അവർക്ക് ഏറ്റവും ആവശ്യമായി വരുന്ന സമയത്ത് സഹചാരി ഒരു നിധി പോലെ അവരെ തേടിയെത്തുന്നത് എന്നും അവരിൽ ഒരാളുടെയെങ്കിലും പ്രാർത്ഥന മതിയാവും ഇബാദത്ത് കുറഞ്ഞ ഞാനൊക്കെ നാളെ രക്ഷപ്പെട്ടു പോകാൻ എന്ന തിരിച്ചറിവിൽ നിന്നുമാണ് പിന്നീട് എന്റെ സംഘടനാ പ്രവർത്തനത്തിൽ സഹചാരിക്ക് വല്ലാത്ത സ്ഥാനം കൊടുക്കാൻ കാരണം...
കൂടെ ഇതുപോല കഴിഞ്ഞ വർഷം മാത്രം ഒരു കോടി എൺപത് ലക്ഷത്തിനു മുകളിൽ രൂപയാണ് സഹചാരിയിലൂടെ ഏറ്റവും അർഹരായ നിർധന രോഗികളുടെ കരങ്ങളിലേക്ക് ഇത്തരത്തിൽ എത്തിയത്...
കൊറോണയുടെ ഈ അതിജീവന കാലത്തും ജനം സഹചാരിയെ നെഞ്ചിലേറ്റിയത് വരാൻ പോകുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ ദിനങ്ങളിൽ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് രോഗികൾക്ക് ആശ്രയമായുണ്ടാവുക സഹചാരി പോലുള്ള കരുതി വെപ്പുകൾ മാത്രമായിരിക്കും എന്ന തിരിച്ചറിവാണ്...
കണ്ണീരോടെ നാഥനിലേക്ക് കൈ ഉയർത്തിയുള്ള അവരുടെ പ്രാർത്ഥന നിങ്ങളും ആഗ്രഹിക്കുന്നുവെങ്കിൽ ഇപ്പോൾ തന്നെ നിങ്ങളുടെ കയ്യിൽ ഉള്ളതിൽ നിന്നും ഒരു വിഹിതം സഹചാരിയിലേക്ക് മാറ്റി വെക്കൂ... പാവങ്ങളായ രോഗികളുടെ കണ്ണീരൊപ്പാൻ കൈ കോർക്കൂ...
നാഥൻ നമ്മുടെ ചെറുതും വലുതുമായ ദാന ധർമ്മങ്ങൾ സ്വീകരിച്ച് ആപത്തുകളിൽ നിന്നും മഹാമാരികളിൽ നിന്നും നമ്മെയെല്ലാവരെയും കാത്തു രക്ഷിക്കട്ടെ, ആമീൻ
ഡോ. സമീർ അഹമ്മദ്
പ്രസിഡന്റ്
SKSSF കുറ്റ്യാടി മേഖല
7560854603
സഹചാരിയിലേക്ക് നിങ്ങളെക്കൊണ്ടാവുന്ന സംഭാവന നൽകാൻ താല്പര്യമുണ്ടെങ്കിൽ
Google Pay
7560854603
Dr Sameer Ahammed OK
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."