ജില്ലയില്‍ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് വികേന്ദ്രീകൃത പദ്ധതി വരുന്നു
കോഴിക്കോട്: മാലിന്യനിര്‍മാര്‍ജ്ജനത്തിന് മികച്ച മാതൃകാപദ്ധതികളുമായി ജില്ലാ ഭരണകൂടം. ജില്ലാപഞ്ചായത്ത്, കോര്പ്പറേഷന്, ഗ്രാമപഞ്ചായത്തുകള്‍, ശുചിത്വമിഷന്, കുടുംബശ്രീ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മാലിന്യസംസ്കരണത്തിനായി പുതിയ പദ്ധതിയ്ക്ക് രൂപം നല്‍കുന്നത്.
13ാം പഞ്ചവത്സരപദ്ധതി പ്രകാരമുള്ള നടപ്പുസാമ്പത്തിക വര്‍ഷത്തെ വാര്‍ഷികപദ്ധതി രൂപീകരണത്തിനുള്ള മുന്‍ഗണന നിശ്ചയിക്കാന്‍ കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ ജില്ലാ ആസൂത്രണസമിതിയും ജില്ലാ ശുചിത്വമിഷനും സംഘടിപ്പിച്ച ശില്പശാലയിലാണ് മാതൃകാപദ്ധതി സംബന്ധിച്ച് നിര്‍ദേശമുയര്‍ന്നത്. പഞ്ചായത്ത് തലങ്ങളില്‍ താല്‍ക്കാലിക പ്ലാസ്റ്റിക് മാലിന്യ സംഭരണകേന്ദ്രങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് തലങ്ങളില്‍ സംസ്കരണകേന്ദ്രങ്ങള്‍, തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ പിറ്റ് കമ്പോസ്റ്റിങ്, സ്വാപ്പ് ഷോപ്പുകള്‍, അപ്സൈക്ലിങ് പാര്‍ക്കുകള്‍ എന്നിവ സ്ഥാപിക്കണമെന്ന് ശില്പശാലയില് വിഷയാവതരണം നടത്തിയ ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു. സ്വന്തം നിലയില്‍ വേയ്സ്റ്റ് മാനേജ്മെന്റ് പ്ലാന്റ് സ്ഥാപിക്കാത്ത കല്യാണമണ്ഡപങ്ങള്‍, ഫ്ളാറ്റുകള്‍, വന്‍കിടഹോട്ടലുകള്‍, ആശുപത്രികള്‍ തുടങ്ങിയവയ്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനപ്രതിനിധികളെ മുഴുവന്‍ വിദേശരാജ്യങ്ങളിലയച്ച് ലോകം എങ്ങിനെയാണ് വളരുന്നതെന്ന് അവരെ ബോധ്യപ്പെടുത്തണമെന്ന് ശില്പശാലയില് സംസാരിച്ച കോഴിക്കോട് കോര്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.പി വേലായുധന്, ക്ലീന്‍കേരള കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കബീര്‍. ബി. ഹാറൂണ്‍, സി.ഡബ്ല്യു.ആര്.ഡി.എം ശാസ്ത്രജ്ഞന് ഡോ.വി.പി ദിനേശ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."