കര്‍ണാടക റവന്യു മന്ത്രി മാക്കൂട്ടം ചുരം റോഡ് സന്ദര്‍ശിച്ചു
ഇരിട്ടി: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മാക്കൂട്ടം ചുരം പാത കര്‍ണാടക റവന്യു മന്ത്രി ആര്‍.വി ദേശ്പാണ്ഡെ സന്ദര്‍ശിച്ചു. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ വ്യാപക നാശനഷ്ടം സംഭവിച്ചതായും കുടക് ജില്ലക്ക് മാത്രമായി 10 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഇന്ന് പൊതുമരാമത്ത് മന്ത്രി എച്ച്.ഡി രേവണ്ണ കുടകിലെ നാശനഷ്ടം സംഭവിച്ച മേഖലകള്‍ സന്ദര്‍ശിക്കും. ഇതിനുശേഷം മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പു മേധാവികളുമായുള്ള വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം റോഡ് അറ്റകുറ്റപ്പണികള്‍ക്കാവശ്യമായ മുഴുവന്‍ തുകയും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. ചുരം റോഡില്‍ ഗതാഗതത്തിന് തടസമായി അപകട ഭീഷണിയുള്ള മുഴുവന്‍ മരങ്ങളും മുറിച്ചുനീക്കാന്‍ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. നിര്‍മാണ കൗണ്‍സില്‍ അംഗം വീണ മാച്ചയ്യ, ജില്ലാ കമ്മിഷണര്‍ പി.ഐ ശ്രീവിദ്യ, മടിക്കേരി ഡി.എഫ്.ഒ ജയ, വീരാജ്‌പേട്ട ഡി.എഫ്.ഒ മറിയ കൃസ്തുരാജ്, വീരാജ്‌പേട്ട താലൂക്ക് തഹസില്‍ദാര്‍ ആര്‍. ഗോപിനാഥ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."