മടക്കയാത്രകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍
കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങിയിട്ടുണ്ട്. വൈകാതെ ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളുമായി കേരളത്തിലേക്കും ട്രെയിനുകള്‍ വന്നുതുടങ്ങും. വിദേശത്തു നിന്നുള്ള പ്രവാസികളും ഏറെ വൈകാതെ എത്തും. തിരിച്ചുപോക്കുകളും മടങ്ങിവരവുകളും സൃഷ്ടിച്ചേക്കാവുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുക എന്നത് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയാണ്.
കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ആയിരങ്ങളാണ് ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിലേക്കു വണ്ടികയറിയത്. നാട്ടിലേക്കു പോകണമെന്നാവശ്യപ്പെട്ട് അതിഥി തൊഴിലാളികള്‍ ചില സ്ഥലങ്ങളില്‍ തെരുവിലിറങ്ങി പ്രകടനം നടത്തിയിരുന്നു. അവരെ അവരുടെ നാടുകളിലെത്തിക്കാന്‍ സൗകര്യം ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. ബസുകളില്‍ അവരെ നാടുകളിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നത്. സാമ്പത്തിക ഞെരുക്കത്തില്‍ പ്രയാസപ്പെടുന്ന സംസ്ഥാന സര്‍ക്കാരിനാവട്ടെ, അത് അചിന്ത്യവുമായിരുന്നു.
സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അതിഥി തൊഴിലാളികളുടെ ഭാരം ചുമലില്‍ നിന്നിറങ്ങിയത് ആശ്വാസകരം തന്നെയാണ്. അവരെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ തീറ്റിപ്പോറ്റുക എന്നത് സര്‍ക്കാരിനു വലിയ തലവേദന തന്നെയായിരുന്നു. പല സ്ഥലങ്ങളിലും സമൂഹ അടുക്കളകള്‍ മുന്നോട്ടുപോകാനാവാതെ വിഷമിച്ചുനില്‍ക്കുകയുമാണ്. ഈയൊരു ഘട്ടത്തില്‍ അതിഥി തൊഴിലാളികള്‍ പോയത് സര്‍ക്കാരിന് അനുഗ്രഹം തന്നെയാണ്.
അതു പക്ഷെ താല്‍ക്കാലികാശ്വാസം മാത്രമേ ആകുന്നുള്ളൂ. സംസ്ഥാനത്തെ പരമ്പരാഗത തൊഴിലിടങ്ങളിലൊഴികെ, ബാക്കിയെല്ലായിടങ്ങളിലും അതിഥി തൊഴിലാളികളാണ് നിറഞ്ഞുനില്‍ക്കുന്നത്. നിര്‍മാണ രംഗത്തും ചെറുകിട വ്യാപാര- വ്യവസായ രംഗത്തും കൃഷിപ്പണികളിലും ഇവര്‍ക്കു തന്നെയായിരുന്നു മേല്‍ക്കൈ. ഇവരെക്കൊണ്ടായിരുന്നു സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല ചലിച്ചിരുന്നത്. ഇപ്പോഴത്തെ നിശ്ചലാവസ്ഥ മാറി കൂടുതല്‍ ഇളവുകള്‍ നിലവില്‍ വരികയും നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്താല്‍ മതിയായ തൊഴിലാളികളെ ലഭിക്കാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വീണ്ടും സ്തംഭിക്കാനാണ് സാധ്യത. ഇവിടെനിന്ന് പോയ അതിഥി തൊഴിലാളികള്‍ പെട്ടെന്നു മടങ്ങിവരികയുമില്ല. അവിടെ നിരീക്ഷണം പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ അവര്‍ക്കു കുടുംബത്തോടൊപ്പം ചേരാനാകൂ.
കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ വേണമെന്ന ആവശ്യവുമായി ഡല്‍ഹി മലയാളി അസോസിയേഷന്‍ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനു നിവേദനം നല്‍കിയിരിക്കുകയാണ്. കേരളത്തിനു വെളിയിലുള്ള മലയാളികളെല്ലാം വൈകാതെ മടങ്ങിയെത്താനുള്ള സാധ്യതയും ഏറെയാണ്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ഗുജറാത്തിലും രാജസ്ഥാനിലുമാണ് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത്. ഇവിടങ്ങളിലൊക്കെയും മലയാളികളും ധാരാളമുണ്ട്. നാളെയവര്‍ തിരിച്ചെത്തിയാല്‍ അവര്‍ക്കു വേണ്ട നിരീക്ഷണ സൗകര്യമൊരുക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളി തന്നെയായിരിക്കും. കേരളത്തിന്റെ ലോക്ക് ഡൗണ്‍ അനന്തമായി നീളാനും ജനജീവിതം സ്തംഭനാവസ്ഥയില്‍ തന്നെ തുടരാനും ഇതു കാരണമാകും.
ഗ്രീന്‍ സോണുകളായിരുന്ന വയനാടും കോട്ടയവും ഇടുക്കിയും വളരെ പെട്ടെന്നാണ് റെഡ് സോണിലേക്കും ഓറഞ്ച് സോണിലേക്കും മാറിയത്. ഇതേ അവസരത്തില്‍ തന്നെയാണ് കൊവിഡ് തീവ്രബാധിത സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികള്‍ നാട്ടിലേക്കു വരാന്‍ തയാറെടുത്തുകൊണ്ടിരിക്കുന്നതും. അവരെ നമുക്കു കൈയൊഴിയാന്‍ പറ്റുകയുമില്ല. ഈയൊരു പ്രതിസന്ധിയും സംസ്ഥാനത്തിനു തരണം ചെയ്യേണ്ടതുണ്ട്.
അതുപോലെ തന്നെ രാജ്യത്തിനു പുറത്തുള്ള പ്രവാസികളില്‍ വലിയൊരു വിഭാഗവും വളരെ അടുത്തുതന്നെ നാട്ടിലെത്താനുള്ള സാധ്യതയുണ്ട്. അവര്‍ക്കാവശ്യമായ നിരീക്ഷണ സൗകര്യം ഇതിനകം തന്നെ സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളങ്ങളുടെ സമീപസ്ഥലങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ അതുകൊണ്ട് പ്രശ്‌നം തീരുന്നില്ല. പലരും ജോലി നഷ്ടപ്പെട്ടാണ് തിരികെയെത്തുന്നത്. ഇവര്‍ക്കാവശ്യമായ തൊഴില്‍ കണ്ടെത്തുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമായിരിക്കും. അതിഥി തൊഴിലാളികളുടെ ഒഴിവില്‍ ഇവര്‍ക്കു ജോലി ചെയ്യാനുമാവില്ല. ഉയര്‍ന്ന വിദ്യാഭ്യാസം നേടി മറ്റു രാജ്യങ്ങളില്‍ സാമാന്യം ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവരാണ് ഇന്നത്തെ മലയാളി പ്രവാസികളില്‍ അധികവും. ഇവരെ പുനരധിവസിപ്പിക്കുക എന്നതും സര്‍ക്കാരിനു വെല്ലുവിളി തന്നെയാണ്. അവിദഗ്ദ്ധ തൊഴില്‍ ചെയ്യുന്ന മലയാളികള്‍ ഗള്‍ഫ് നാടുകളില്‍ ഇപ്പോള്‍ വളരെ കുറവാണ്. മറ്റു പലയിടങ്ങളില്‍ നിന്നുമുള്ളവരാണ് അവിടങ്ങളില്‍ ഇപ്പോള്‍ അത്തരം ജോലികള്‍ ചെയ്യുന്നത്.
അതിഥി തൊഴിലാളികള്‍ പോയതുപോലെ തന്നെ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇതര രാജ്യങ്ങളില്‍ നിന്നുമുള്ള മലയാളികളുടെ മടക്കവും. എല്ലാം സര്‍ക്കാര്‍ വിജയകരമായി തന്നെ തരണം ചെയ്യുമെന്ന് പ്രതിക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."