സഊദി കർഫ്യു: പെർമിറ്റിനായി പുതിയ "തവക്കൽന" ആപ്പ് പുറത്തിറക്കി
റിയാദ്: സഊദിയിൽ കർഫ്യു നില നിൽക്കുന്ന മേഖലകളിൽ പ്രത്യേക പാസിനായി പുതിയ ആപ്പ് പുറത്തിറക്കി. തവക്കൽന എന്ന ആപ്ലിക്കേഷൻ പരീക്ഷണാടിസ്ഥാനത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. കൊറോണ വൈറസ് മൂലം ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂവിൽ പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് യാത്ര നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഊദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (സദായിയ) യുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്.
കർഫ്യൂവിൽ നിന്ന് ഒഴിവാക്കപ്പെട്ട പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാർക്കും ഡെലിവറി ആപ്ലിക്കേഷനുകളിലെ ജീവനക്കാർ, അടിയന്തിര ആശുപത്രി സേവനങ്ങൾ ആവശ്യമുള്ളവർക്കും ഇലക്ട്രോണിക് പെർമിറ്റുകൾ അപേക്ഷിക്കാനും സ്വീകരിക്കാനുമാണ് പുതിയ സംവിധാനം ഉപയോഗിക്കാനാവുക. ഇത്തരക്കാർക്ക് കർഫ്യൂ കാലയളവിൽ ഇലക്ട്രോണിക് രീതിയിൽ ചലനാനുമതി നൽകുന്നത് സുഗമമാക്കുന്നതിനാണ് തവക്കൽന ആപ്പ് വികസിപ്പിച്ചതെന്നും വൈറസ് വ്യാപനം തടയാൻ ഇത് സഹായിക്കുമെന്നും ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി വ്യക്തമാക്കി.
കർഫ്യു സമയത്ത് പുറത്തിറങ്ങാൻ ആഗ്രഹിക്ക്ന്നവർക്ക് അവർക്ക് ആവശ്യമായ സമയം തിരഞ്ഞെടുത്ത് സുരക്ഷിതമായി പുറത്തിറങ്ങാൻ സാധിക്കുമെന്നും തിരഞ്ഞെടുക്കപ്പെടുന്ന സമയത്തിനുള്ളിൽ തിരിച്ചു കയറിയില്ലെങ്കിൽ സുരക്ഷാ വിഭാഗം ഫൈൻ രേഖപ്പെടുത്തിയാൽ അബ്ഷിറിലൂടെ പരാതി നൽകാൻ സാധിക്കുമേലും സദായിയ പ്രസ്‌താവനയിൽ വ്യക്തമാക്കി. നിലവിൽ സഊദിയിൽ മക്കയൊഴികെ നേരത്തെ 24 മണിക്കൂർ കർഫ്യു ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ റമദാൻ പ്രമാണിച്ച് കർഫ്യു സമയത്ത് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് പതിമൂന്ന് വരെ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ചു മണി വരെ ആളുകൾക്ക് പുറത്തിറങ്ങാൻ സാധിക്കും. അതേസമയം, നിലവിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നെങ്കിലും രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്ന് പലരും പരാതിപ്പെടുന്നുണ്ട്. ട്രയൽ വേർഷൻ ആയിരിക്കുന്നതിനാലാണ് രജിസ്‌ട്രേഷൻ പരാജയപ്പെടുന്നതെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."