ലോക ഡ്യൂബാള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി പോരാടാന്‍ പാണ്ടിക്കാട്ടുകാര്‍
പാണ്ടിക്കാട്: ലോക ഡ്യൂബാള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി പോരാടന്‍ പാണ്ടിക്കാട് സ്വദേശികളും. പാണ്ടിക്കാട് വള്ളുവങ്ങാട് സ്വദേശികളായ സി.ആര്‍ സുരേഷ് ബാബു ശാന്തി ദമ്പതിമാരുടെ മകളായ ഗോപിക, അഞ്ചില്ലന്‍ അഹമ്മദുണ്ണി സാബിറ ദമ്പതികളുടെ മകള്‍ ജിന്‍ഷ ഷെറിന്‍ എന്നിവരാണ് ഇന്ത്യന്‍ ജഴ്‌സി അണിയുന്നത്.
കേരളത്തില്‍ നിന്ന് ദേശീയ ടീമിലേക്ക് നെല്ലിക്കുത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളായ ഇവര്‍ രണ്ടുപേര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
25 മുതല്‍ ഹിമാചല്‍പ്രദേശിലാണ് ഡ്യൂബാള്‍ ലോക ചാംപ്യന്‍ഷിപ്പും, ദേശീയ മത്സരങ്ങളും അരങ്ങേറുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഗോപികയും ജിന്‍ഷാഷെറിനും 22ന് യാത്രയാകും. സ്‌കൂളിലെ കായിക അധ്യാപിക സി.ആര്‍ ശാന്തിയുടെ ശിക്ഷണത്തിലാണ് ഇരുവരും നേട്ടത്തിന്ന് അര്‍ഹത നേടിയത്.
പരിശീലക എന്നതിലുപരി ഗോപികയുടെ മാതാവാണ് കായികാധ്യാപിക ശാന്തി. സിംബാബ്‌വേക്കെതിരേയുള്ള മത്സരത്തിലാണ് ഇരുവരും പങ്കെടുക്കുക.
വീട്ടുകാരുടെ പ്രോത്സാഹനവും അധ്യപകരുടെ അകമഴിഞ്ഞ പിന്തുണയുമാണ് ദേശീയ ടീമില്‍ ഇടം പിടിക്കാന്‍ കാരണമായതെന്ന് ഗോപികയും ജിന്‍ഷയും പറഞ്ഞു.
ഇവര്‍ക്ക് പുറമെ സ്‌കൂളിലെ പത്താം ക്ലാസുകാരായ നാല് വിദ്യാര്‍ഥിനികള്‍ ഡ്യൂബാള്‍ കേരള ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തിന് തന്നെ അഭിമാനമായി മാറിയ ഈ കായിക താരങ്ങള്‍ക്ക് മികച്ച യാത്രയയപ്പ് നല്‍കുന്നതിനുള്ള തയാറെടുപ്പിലാണ് വിദ്യാര്‍ഥികളും,അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."