മുന്‍വിധികളില്ലാത്ത ശാസ്ത്ര ഗവേഷണമാണ് അനിവാര്യം: ഡോ. സി. വിജയന്‍
തൃശൂര്‍: മുന്‍വിധികളില്ലാത്ത ശാസ്ത്ര ഗവേഷണമാണ് അനിവാര്യമെന്ന് മദ്രാസ് ഐ.ഐ.ടിയിലെ പ്രഫസര്‍ ഡോ. സി. വിജയന്‍. കോലഴിയില്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രകാശ ഭൗതികത്തിലെ പുതിയ വഴിത്താരകള്‍ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
തുറന്ന മനസോടെയല്ലാത്ത ഗവേഷണങ്ങള്‍ സമൂഹത്തിന് ഗുണം ചെയ്യില്ല. വായനയില്ലാത്ത കുട്ടികളുടെ പുതുതലമുറക്ക് എങ്ങനെ തുറന്ന മനസുണ്ടാകുമെന്ന് അദ്ദേഹം ചോദിച്ചു. മരുന്നുണ്ടാക്കുന്ന ഗവേഷകന് ഫെലോഷിപ്പ് നല്‍കുന്നത് മരുന്നുല്‍പ്പാദിപ്പിക്കുന്ന കമ്പനിയാണ്. അന്ന ദാതാവിനോട് വിധേയത്വം ഉണ്ടാകുക സ്വാഭാവികം. ശാസ്ത്രം ഇരുട്ടുമുറിയോ ഇടിമുറിയോ അല്ല, അതിന് പുറത്ത് വലിയ ലോകമുണ്ട്. ശാസ്ത്രത്തിന് വെളിയിലുള്ള കാര്യങ്ങളില്‍ ഗവേഷണം നടത്തി ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാലത്ത് പ്‌ളാസ്റ്റിക് എന്നത് വിപ്ലവകരമായ കണ്ടുപിടുത്തമെന്ന് ലോകം വിലയിരുത്തിയിരുന്നു. ഇന്ന് പ്ലാസ്റ്റിക് എന്നത് വിനാശകരമായ സാധനമാണ്. ശാസ്ത്രത്തിന്റെ പോക്കില്‍ ആശങ്കപ്പെടാന്‍ വകയുണ്ട്. ശാസ്ത്രത്തിന്റെ നല്ല ഗുണങ്ങളെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്രബോധം സുസ്ഥിത ജീവിതത്തിന് അത്യാവശ്യമാണെന്ന് പ്രതിനിധി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ പി.കെ ബിജു എം.പി പറഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കിണറുകള്‍ ഉള്ള സംസ്ഥാനമാണ് കേരളം. ഇന്ന് ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട സംസ്ഥാനം കൂടിയാണ് കേരളമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് എം.എ മണി അധ്യക്ഷനായി. ജില്ല സെക്രട്ടറി കെ.എസ് സുധീര്‍, തൃശൂര്‍ എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി ഇന്ദിരാദേവി, ഡോ. ജി. മുകുന്ദന്‍, ഡോ. എം.പി പരമേശ്വരന്‍, കെ.വി ആന്റണി, കെ.എസ് അര്‍ഷാദ്, സി.ബാലചന്ദ്രന്‍, എ.പി ശങ്കരനാരായണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."