നെഹ്റുട്രോഫി: പുതിയ ഫോട്ടോ ഫിനിഷ് സംവിധാനം പ്രദര്‍ശിപ്പിച്ചു
ആലപ്പുഴ: പുന്നമടയില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളിക്ക് ശാസ്ത്രീയമായ ഇലക്ട്രോണിക് ടൈമിംഗ് സിസ്റ്റം 'ഫോട്ടോ ഫിനിഷ്' പരീക്ഷണാടിസ്ഥാനത്തില്‍ പുന്നമട ഫിനിഷിങ് പോയിന്റില്‍ പ്രദര്‍ശിപ്പിച്ചു.
മത്സരവള്ളങ്ങളുടെ ഫിനിഷിംഗ് 100 ശതമാനം കൃത്യതയുള്ളതാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിച്ചുനോക്കിയത്. ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ ഉപയോഗിക്കുന്ന സംവിധാനമാണ് പുതിയത്. ഇന്റര്‍നാഷണല്‍ അത്‌ലറ്റിക് ഫെഡറേഷന്‍ അംഗീകരിച്ചിട്ടുള്ള പുതിയ സംവിധാനം ലിന്‍ക്‌സ് എന്ന അമേരിക്കന്‍ കമ്പനിയുടേതാണ്.
സ്റ്റാര്‍ട്ടിങ്ങിനായി വെടിയുതിര്‍ക്കുമ്പോള്‍ തന്നെ ക്ലോക്കില്‍ സമയം പ്രവര്‍ത്തിച്ചുതുടങ്ങും. ഫിനിഷിങ് പോയിന്റില്‍ ഘടിപ്പിച്ചിട്ടുള്ള ഫിനിഷ് ലിങ്ക്‌സ് ക്യാമറ സെക്കന്‍ഡില്‍ 3000 മുതല്‍ 5000 വരെ ഫ്രെയിമുകള്‍ എടുക്കാന്‍ കഴിവുള്ളതാണ്. സംവിധാനത്തിന്റെ ഭാഗമായുള്ള സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മത്സരം കഴിഞ്ഞ് മിനിട്ടിനുള്ളില്‍ തന്നെ ഓരോ വള്ളവും ഫിനിഷ് ചെയ്യാന്‍ എടുത്ത സമയം മൈക്രോ സെക്കന്‍ഡുകള്‍ ഉള്‍പ്പടെ കാണാന്‍ കഴിയും. ഇതിന്റെ പ്രിന്റ് ഔട്ടും ലഭിക്കും.
കൂടാതെ ഫിനിഷിങ് സമയം ഡിസ്‌പ്ലെയിലും കാണിക്കാന്‍ കഴിയും. ട്രാക്കിംഗ് ആന്‍ഡ് ടൈമിംഗ് ഉള്ള പുതിയ സംവിധാനം വളരെ കൃത്യതനല്‍കുന്നതാണെന്ന് പ്രവര്‍ത്തനം വിവരിച്ചുകൊണ്ട് സബ് കലക്ടര്‍ വി. ആര്‍ കൃഷ്ണ തേജ പറഞ്ഞു. 26നു കൂടുന്ന നെഹ്‌റുട്രോഫി എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പുതിയ സംവിധാനം അവതരിപ്പിക്കും.
തുടര്‍ന്ന് കമ്മിറ്റി അംഗീകരിച്ചാല്‍ മൂലം വള്ളംകളിയുടെ ദിവസം അതിന്റെ ഭാഗമായല്ലാതെ തന്നെ പുതിയ ഫോട്ടോ ഫിനിഷ് സിസ്റ്റം പരീക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹരന്‍ ബാബു, മുന്‍ എം.എല്‍.എ കെ.കെ ഷാജു, ബോട്ട് ക്ലബ് സെക്രട്ടറി എസ്.എം ഇക്ബാല്‍, ഡി.ടി.പി.സി സെക്രട്ടറി എം. മാലിന്‍, കുട്ടനാട് തഹസില്‍ദാര്‍ ആന്റണി സ്‌കറിയ എന്നിവര്‍ പ്രാഥമിക പ്രദര്‍ശനത്തിന് എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."