മൂത്രപ്പുരയില്‍ ഒളികാമറ; അങ്കണവാടി ജീവനക്കാരികളുടെ പരാതി പൊലിസ് മുക്കിയതായി ആരോപണം
കൊട്ടാരക്കര: അങ്കണവാടി ജീവനക്കാര്‍ക്കായുള്ള ക്ലസ്റ്റര്‍ മീറ്റിങ് നടന്ന കെട്ടിടത്തിലെ മൂത്രപ്പുരയില്‍ ഒളികാമറ വച്ചതായി ആക്ഷേപം. ജീവനക്കാര്‍ തെളിവുള്‍പ്പെടെ പരാതി നല്‍കിയെങ്കിലും പൊലിസ് പരാതി മുക്കിയതായി വനിതാ ജീവനക്കാര്‍ ആരോപിച്ചു. വെട്ടിക്കവല പഞ്ചായത്തിലെ ചിരട്ടക്കോണം നിരപ്പില്‍ ജങ്ഷനിലുള്ള സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.
പഞ്ചായത്തിലെ 36 ഓളം അങ്കണവാടികളിലെ വര്‍ക്കര്‍മാര്‍ക്ക് ഇവിടെവച്ചാണു ക്ലസ്റ്റര്‍ മീറ്റീങ് നടത്താറുള്ളത്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയായിരുന്നു യോഗം. ഉച്ചയ്ക്കു മൂത്രപ്പുരയിലെ ചൂലിനടിയില്‍ അതിവേഗ ദൃശ്യം ലഭ്യമാകുന്ന വൈഫൈ മോഡം വര്‍ക്കര്‍മാരിലൊരാളാണു കണ്ടെത്തിയത്. മോഡവുമായി പുറത്തിറങ്ങിയ ഇവര്‍ സഹപ്രവര്‍ത്തകരെ വിവരമറിയിക്കുകയും തെളിവുസഹിതം കൊട്ടാരക്കര പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു. ഈ പരാതിയാണു ശാസ്ത്രീയ അന്വേഷണം നടത്താതെ പ്രതിയെന്നു സംശയിക്കുന്ന യുവാവിനു മോഡം കൈമാറി പൊലിസ് ഒത്തുതീര്‍പ്പാക്കിയത്.
യോഗം നടന്ന സ്ഥലത്തെ മൂത്രപ്പുരക്കു സമീപം ഇതേദിവസം ഒരു യുവാവിനെ വനിതാ ജീവനക്കാര്‍ കണ്ടിരുന്നു. ഒളികാമറ സൗകര്യപ്രദമായി വച്ച ശേഷം മോഡം വഴി ദൃശ്യം പകര്‍ത്തുകയായിരുന്നെന്നാണു ജീവനക്കാരികളുടെ സംശയം. ഇതു പരിശോധിക്കാന്‍ പൊലിസ് തയാറായില്ല. പരാതിക്കാരുടെ മുന്നില്‍ വച്ചുതന്നെയാണു മോഡം കുറ്റക്കാരനെന്നു സംശയിക്കുന്നയാള്‍ക്കു കൈമാറിയതും. അതേസമയം പ്രദേശത്തെ സി.പി.എം നേതാവ് വിഷയത്തില്‍ ഇടപെട്ടതായും ആരോപണമുണ്ട്.
കൊട്ടാരക്കര പൊലിസ് ഇന്‍സ്‌പെക്ടര്‍ക്കു നല്‍കിയ പരാതിയില്‍ നീതി ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് റൂറല്‍ എസ്.പിക്കു പരാതി നല്‍കിയെങ്കിലും ഒരന്വേഷണവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."