നൂതന പദ്ധതികളുമായി കെല്‍ട്രോണ്‍ സംസ്ഥാനത്തിന് പുറത്തേക്കും
തിരുവനന്തപുരം: രാജ്യമൊട്ടാകെ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി കെല്‍ട്രോണ്‍ മറ്റു സംസ്ഥാനങ്ങളില്‍ മികച്ച പദ്ധതികള്‍ നടപ്പാക്കുന്നു. അരുണാചല്‍ പ്രദേശ് നിയമസഭയില്‍ 'ഇ-വിധാന്‍' പദ്ധതിയില്‍പെട്ട ഓഫിസ് ആട്ടോമേഷന്‍ സംവിധാനം നടപ്പാക്കുന്നതിന്റെ 20.10 കോടി രൂപയുടെ ഓര്‍ഡര്‍ കെല്‍ട്രോണിനു ലഭിച്ചു. നിയമസഭയിലുള്ള വിഡിയോ കോണ്‍ഫറന്‍സിങ്, ഗേറ്റ് പാസ്, പേയ്മെന്റ് തുടങ്ങിയ ഓഫിസ് നടപടികള്‍ ഈ പദ്ധതിയിലൂടെ നടപ്പാക്കും.
ഗുജറാത്തിലെ അഹമ്മദാബാദ്, ഭാവ്നഗര്‍ മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ 57 ജങ്ഷനുകളില്‍ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിച്ച് പരിശോധിച്ച് പരിപാലിക്കുന്നതിനും ഏഴു വര്‍ഷത്തേക്ക് അവയുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും കെല്‍ട്രോണിനു 15.87 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിച്ച് പരിപാലിക്കുന്നതിന് അഹമ്മദാബാദില്‍നിന്ന് 21 കോടി രൂപയുടെ മറ്റു രണ്ട് ഓര്ഡറുകള്കൂടി കെല്‍ട്രോണ്‍ പ്രതീക്ഷിക്കുന്നുണ്ട്.
കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷനില്‍ നിന്ന് നേരത്തെ കെല്‍ട്രോണിനു 25 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചിരുന്നു. കെല്‍ട്രോണ്‍ മികവു തെളിയിച്ചിട്ടുള്ള ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം സ്മാര്‍ട്ട് സിറ്റി മിഷന്റെ ഭാഗമായി കൊച്ചിയിലെ പ്രധാനപ്പെട്ട 35 ജങ്ഷനുകളില്‍ സ്ഥാപിക്കുന്നതിനാണ് ഓര്‍ഡര്‍.
ഏരിയ ട്രാഫിക് കണ്ട്രോള്, കാമറ സംവിധാനം, റെഡ് ലൈറ്റ് ലംഘിക്കുന്നതു കണ്ടെത്താനുള്ള സംവിധാനം, വേരിയബിള്‍ മെസേജ് സംവിധാനം, കണ്ട്രോള് റൂം എന്നിവ ഉള്‍പ്പെടുന്ന ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം സ്ഥാപിച്ച് പരിപാലിക്കുന്നതിനും അഞ്ചു വര്‍ഷത്തേക്കുള്ള അതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമാണ് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. ഈ പദ്ധതിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം എറണാകുളം നോര്‍ത്ത് പൊലിസ് സ്റ്റേഷനിലാണു സ്ഥാപിക്കുന്നത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെല്‍, ആറോളം മള്‍ട്ടി നാഷനല്‍ കമ്പനികള്‍ എന്നിവരുമായി ടെന്‍ഡറില്‍ മത്സരിച്ചാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷന്റെ ഓര്‍ഡര്‍ കെല്‍ട്രോണ്‍ സ്വന്തമാക്കിയത്. ഓര്‍ഡര്‍ പ്രകാരം ഒരുവര്‍ഷത്തിനുള്ളില്‍ കെല്‍ട്രോണ്‍ ഈ പദ്ധതി പൂര്‍ത്തീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."