കോര്പറേഷന് വികാസ് വാണിജ്യ കെട്ടിടത്തില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചു
കോഴിക്കോട്: കോര്പറേഷന് ഉടമസ്ഥതയിലുള്ള റെയില്‍വേ സ്റ്റേഷന് ലിങ്ക് റോഡിലെ വികാസ് വാണിജ്യ കെട്ടിടത്തില്‍ സ്ഥാപിച്ച സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് നിര്‍വഹിച്ചു.
50 കിലോ വാള്‍ട്ട് ആംപിയേഴ്സ് (50 കെ.വി.എ) സോളാര്‍ പ്ലാന്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് ഇനത്തില്‍ മുന്‍ സി.ഡി.എക്ക് അനുവദിച്ച പദ്ധതിയുടെ ഭാഗമായാണ് കെട്ടിടത്തില്‍ സോളാര്‍ സംവിധാനം സ്ഥാപിച്ചത്. അനര്‍ട്ടിന്റെ സോളാര്‍ കണക്ട് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപ സര്‍ക്കാര്‍ സബ്സിഡിയടക്കം 40 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്.
പവര്വണ് മൈക്രോസിസ്റ്റം എന്ന സ്വകാര്യ കമ്പനിയാണ് പാനലുകള്‍ സ്ഥാപിച്ചത്. ഉല്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേക്ക് നല്‍കുക വഴി കോര്പറേഷന് കെട്ടിടത്തിലെ വൈദ്യുതി ബില്ലില്‍ വലിയൊരു തുക ലാഭിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. വികാസ് ബില്‍ഡിങ് പരിസരത്ത് നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് അധ്യക്ഷയായി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ.പി രമേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൊതുമരാമത്ത് സ്ഥിരംസമിതി ചെയര്മാന് ടി.വി ലളിതപ്രഭ, വികസനകാര്യ സ്ഥിരംസമിതി ചെയര്മാന് പി.സി രാജന്, ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്മാന് കെ.വി ബാബുരാജ്, എം.സി അനില്‍കുമാര്‍, എന്‍.സി അബൂബക്കര്‍, അനീഷ്, ഇ.എസ് ജെസ്സി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."