വാഹന ഷോറൂമുകളും വര്‍ക്ക്‌ഷോപ്പുകളും തുറക്കാം: വ്യക്തത വരുത്തി സര്‍ക്കാര്‍
തിരുവനന്തപുരം:സംസ്ഥാനത്ത് ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ വര്‍ക്ഷോപ്പുകള്‍ക്കും വാഹനഷോറൂമുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കും. മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.വാഹനങ്ങള്‍ നിരത്തുകളില്‍ ഇറക്കുന്നതിന് ഒറ്റ ഇരട്ട അക്ക നിയന്ത്രണങ്ങള്‍ ഇല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇറക്കിയ മാര്‍ഗനിര്‍ദേശത്തിലും വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ പൊലീസിലും പൊതുജനങ്ങള്‍ക്കിടയിലും വാഹനങ്ങള്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.
വാഹനഷോറൂമുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. ഹോട്ട്സ്പോട്ട് ഒഴികെയുള്ള മേഖലകളില്‍ 33 ശതാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തനം ആരംഭിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.വര്‍ക്ഷോപ്പുകള്‍ ആഴ്ചയില്‍ രണ്ടുദിവസം തുറക്കാനായിരുന്നു നേരത്തേ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ച് തുറക്കാമെന്നാണ് പുതിയ തീരുമാനം.
കണ്ടെയ്ന്‍മെന്റ് സോണില്‍ മാത്രമായിരിക്കും കര്‍ശന നിയന്ത്രണം. കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ളിടത്ത് റോഡുകള്‍ അടച്ചിടില്ല. റെഡ്, ഓറഞ്ച് സോണിലും കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള റോഡുകള്‍ അടച്ചിടില്ല.അതേ സമയം ഞായറാഴ്ച സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ദിവസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."