എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരേ കോടതി നേരിട്ട് കേസെടുത്തു
സുല്‍ത്താന്‍ ബത്തേരി: ഐ.സി ബാലകൃഷ്ണന് എം.എല്‍.എക്കെതിരേ അപവാദപ്രചാരണം നടത്തിയ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരേ കോടതി നേരിട്ട് കേസെടുത്തു.
എം.എല്‍.എ കെ.എസ്.ആര്.ടി.സി ബസില്‍ ടിക്കെറ്റെടുക്കാതെ യാത്ര ചെയ്യാന്‍ ശ്രമിച്ചുവെന്ന് സമൂഹമാധ്യമങ്ങള്‍ വഴി വ്യാജപ്രചരണം നടത്തുകയും, എം.എല്‍.എക്ക് ടിക്കറ്റ് എടുക്കാന്‍ എന്ന പേരില്‍ സുല്‍ത്താന്‍ ബത്തേരി ടൗണില്‍ പിച്ചയെടുക്കല്‍ സമരമെന്ന പേരില്‍ പിരിവെടുക്കുകയും ചെയ്ത എസ്.എഫ്.ഐ നേതാക്കളായ ലിജോ ജോണി, മുഹമ്മദ് ഷാഫി, ഋതുഷോബ്, വിനീഷ് എന്നിവര്‍ക്കെതിരെയാണ് സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) ജഡ്ജ് ജി.എസ് ചന്ദന കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തരവിട്ടത്. രണ്ട് വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ നേരിട്ട് കോടതിയില്‍ പരാതി ബോധിപ്പിച്ചത് പ്രകാരമാണ് നടപടി. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ എം.എല്‍.എ പാസ് കാണിക്കുകയും കണ്ടക്ടര്‍ യാത്രാസൗജന്യം അനുവദിക്കുകയുമായിരുന്നു. എന്നാല്‍ രാത്രി 12 മണിയോടെ അന്നത്തെ എം.ഡി ടോമിന് തച്ചങ്കരി നേരിട്ട് കണ്ടക്ടറെ വിളിച്ച് എം.എല്‍.എക്ക് ടിക്കറ്റ് നല്കാന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇത് രാത്രി തന്നെ വാര്‍ത്തയായി പ്രചരിച്ചു. എം.എല്‍.എ ഇത് സംബന്ധിച്ച് സ്പീക്കര്‍ക്ക് രാവിലെ തന്നെ പരാതി നല്‍കുകയും അന്ന് തന്നെ മന്ത്രിസഭായോഗം ടോമിന് തച്ചങ്കരിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ എസ്.എഫ്.ഐ നേതാക്കള്‍ ഫേസ്ബുക്ക്, വാട്ട്സ് അപ്പ് വഴി എം.എല്‍.എ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തെന്ന് പ്രചരിപ്പിക്കുകയും, ഭിക്ഷയെടുക്കല്‍ സമരം നടത്തുകയും, സമൂഹമാധ്യമങ്ങളില്‍ അവഹേളിക്കുന്ന തരത്തില്‍ കമന്റുകളിട്ട് പ്രചരിപ്പിക്കുതയും ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നാണ് എം.എല്‍.എ കോടതിയെ നേരിട്ട് പരാതി ബോധിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."