മലയോരം വരളുന്നു; കാര്‍ഷിക മേഖലയും പ്രതിസന്ധിയില്‍
കുന്നുംകൈ: കത്തിയാളുന്ന വേനലില്‍ മലയോരത്തെ പുഴകള്‍ പലതും വറ്റി വരളുന്നതിനാല്‍ രൂക്ഷമായ ജലക്ഷാമത്തിന് സാധ്യതയേറുന്നു. നേരത്തെ ശക്തമായ മഴയില്‍ കര കവിഞ്ഞൊഴുകിയ മലയോരത്തെ ചൈത്രവാഹിനി, തേജസ്വിനി പുഴകളാണ് ഇപ്പോള്‍ വറ്റിവരണ്ട നിലയിലുള്ളത്.
പരമ്പരാഗത ജലസ്രോതസുകളായ കിണറുകളും കുളങ്ങളും വേനലിന്റെ ആദ്യഘട്ടത്തില്‍ തന്നെ വറ്റിവരണ്ടതും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ജലക്ഷാമം കാര്‍ഷിക മേഖലയെയും പ്രതിസന്ധിയിലാക്കി. കവുങ്ങ്, പച്ചക്കറി കൃഷികളും കരിഞ്ഞുണങ്ങി. സമീപകിണറുകളിലെ ജലനിരപ്പും കുത്തനെ താഴുന്നത് മലയോരത്ത് ശുദ്ധജലക്ഷാമത്തിലേക്കു നീങ്ങുന്നതിന്റെ വ്യക്തമായ സൂചനയിലേക്കു വിരല്‍ ചൂണ്ടുന്നു. വീടുകളിലെ കിണറുകള്‍ പലതും വറ്റിപ്പോയാല്‍ പലരും പുഴകളെ ആശ്രയിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നാല്‍ ഇപ്പോള്‍ തന്നെ പുഴകള്‍ പ്ലാസ്റ്റിക്കുകളെ കൊണ്ടും മാലിന്യങ്ങളെ കൊണ്ടും മലിനമായിരിക്കുകയാണ്.
തോടുകളിലും മറ്റുമുള്ള ജല സ്രോതസുകളും വറ്റുന്നതോടെ വെള്ളമെന്നത് മലയോരത്ത് കിട്ടാക്കനിയാകുമെന്ന ആശങ്ക നില നില്‍ക്കുന്നുണ്ട് . പുഴകളില്‍ ഓരോ ദിനം കഴിയുംതോറും ജലനിരപ്പ് സാധരണയിലധികം കുറഞ്ഞുവരികയാണ്. ജലനിരപ്പ് കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ മാങ്ങോട് ജല സംഭരണിയില്‍ നിന്ന് പൈപ്പ് ലൈന്‍ വഴി വരുന്ന വെള്ളം നിലക്കുമോ എന്നും ആശങ്കയുണ്ട്. അതേ സമയം, സാധാരണക്കാര്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാവുന്ന സാഹചര്യത്തില്‍ ജലം അമിതമായി ഉപയോഗിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുന്നതില്‍ അധികൃതര്‍ തുനിയാത്തതിലും പരക്കെ വിമര്‍ശനമുണ്ട് .
പുഴകളും കുളങ്ങളും സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള പഞ്ചായത്തും ഈ കാര്യത്തില്‍ മുഖം തിരിക്കുന്ന അവസ്ഥയാണ്. പുഴകള്‍ മലീമസമാകുന്നവര്‍ക്കെതിരേയും ജല ചൂഷണം നടത്തുന്നവര്‍ക്കെതിരേയും അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."