കോര്‍പറേഷന്‍ പരിധിയിലെ മാലിന്യം ശേഖരിക്കല്‍ കരാറുകാര്‍ അമിത ഫീസ് ഈടാക്കുന്നതായി ആരോപണം
കണ്ണൂര്‍: കോര്‍പ്പറേഷന്‍ പരിധിയിലെ മാലിന്യം നീക്കം ചെയ്യാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചതോടെ കോര്‍പറേഷന്‍ അധികാരികളെ വെട്ടിലാക്കിയതായി കൗണ്‍സിലര്‍മാരുടെ പരാതി. കോര്‍പറേഷനിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും മാലിന്യം ശേഖരിക്കാന്‍ ബംഗളൂരുവിലെ ഫോര്‍എവര്‍ഗ്രീന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് ചുമതല നല്‍കിയിരുന്നു. ഇതിന്റെ ഉദ്ഘാടനം ഗംഭീരമായി നടത്തിയെങ്കിലും തുടര്‍ന്നുള്ള സ്വകാര്യ ഏജന്‍സിയുടെ പ്രവര്‍ത്തനം കോര്‍പറേഷന് തലവേദനയാകുകയാണ്.
ഓരോ വീടുകളില്‍ നിന്നു പ്ലാസ്റ്റിക് മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും ശേഖരിക്കുന്ന പ്രവര്‍ത്തിയാണ് ഇവരെ ഏല്‍പ്പിച്ചത്. ജൈവ മാലിന്യങ്ങള്‍ക്ക് 50 രൂപയും അജൈവ,ജൈവ മാലിന്യങ്ങള്‍ക്ക് 100 രൂപ ഫീസും നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ വീടുകളില്‍ നിന്നു മാലിന്യം ശേഖരിക്കാനെത്തുന്നവര്‍ 500 രൂപ വരെ വാങ്ങുന്നുവെന്നാണ് യോഗത്തില്‍ അംഗങ്ങള്‍ ആരോപിച്ചത്. അമിത ചാര്‍ജ് ഈടാക്കുന്ന കാര്യം മേയര്‍ക്കും സെക്രട്ടറിക്കും പരാതി നല്‍കിയതായി കൗണ്‍സിലര്‍ എം. ഷഫീഖ് പറഞ്ഞു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ അനധികൃതമായി പണം വാങ്ങുന്നതും ഭീഷണിപ്പെടുത്തുന്ന കാര്യവും മറ്റ് കൗണ്‍സിലര്‍മാരും ചൂണ്ടിക്കാട്ടി. കണ്ണൂര്‍ മുനിസിപ്പല്‍ പ്രദേശത്തു നിന്നു മാലിന്യം ശേഖരിക്കുന്നുണ്ടെന്നും മറ്റ് ഡിവിഷനുകളില്‍ നിന്നു മാലിന്യം ശേഖരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം കൗണ്‍സിലര്‍ സഹദേവന്‍ ഉന്നയിച്ചു. എന്നാല്‍ മുനിസിപ്പാലിറ്റി പ്രദേശത്തുനിന്ന് മാലിന്യം ശേഖരിക്കുന്നില്ലെന്നു പ്രതിപക്ഷ നേതാവ് ടി.ഒ മോഹനന്‍ ചൂണ്ടിക്കാട്ടി. അനധികൃതമായി പണം സ്വരൂപിക്കുന്നതും കൃത്യമായി മാലിന്യം ശേഖരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ മേയര്‍ക്കും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിക്കും ഹെല്‍ത്ത് വിഭാഗത്തിനും ഉത്തരവാദിത്വമുണ്ടെന്നും മോഹനന്‍ പറഞ്ഞു.
സ്വകാര്യ ഏജന്‍സി എന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കണമെന്നും മാലിന്യമെടുക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം നല്‍കണമെന്നും മോഹനന്‍ ആവശ്യപ്പെട്ടു. വാഹനങ്ങള്‍ ഉണ്ടായത് കൊണ്ട് മാത്രമായില്ലെന്നും അത് ഓടിക്കാനുള്ള ഡ്രൈവര്‍മാരെ കൂടി നല്‍കണമെന്നും അംഗങ്ങള്‍ പറഞ്ഞു. കരാറു കമ്പനിയും 55 ഡിവിഷന്‍ കൗണ്‍സിലര്‍മാരും ചേര്‍ന്നു 11നു യോഗം ചേര്‍ന്നു തുടര്‍ തീരുമാനമെടുക്കാന്‍ മേയര്‍ നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."