നീതി ആയോഗ് എന്ന പ്രഹസനം
സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും അറിയുവാനും പരിഹരിക്കാനുമായി രൂപം കൊണ്ട നീതി ആയോഗ് പ്രഹസനമായിത്തീരുകയാണോ എന്ന് കരുതേണ്ടിയിരിക്കുന്നു. നീതി ആയോഗില്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല സംസ്ഥാനങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തി ഫെഡറല്‍ സ്വഭാവത്തെ പരിക്കേല്‍പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് മോദി സര്‍ക്കാരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.
രണ്ട് ദിവസം മുമ്പ് രാഷ്ട്രപതി ഭവനില്‍ ചേര്‍ന്ന നീതി ആയോഗ് നാലാം ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സംസ്ഥാന മുഖ്യമന്ത്രിമാര്‍ അവരുടെ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും കേന്ദ്ര സഹായത്തോടെ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചും സവിസ്തരം പ്രതിപാദിച്ചുവെങ്കിലും പരിഹാരമുണ്ടാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. വിവിധ മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളെ ആവശ്യമായ ധനസഹായം നല്‍കി പുരോഗതിയുടെ പാതയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ് നീതി ആയോഗ്.
താഴെ തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്ക് ഭരണത്തിന്റെ നേട്ടങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുവാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് നീതി ആയോഗ് ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചത്. ഇത് നടപ്പാക്കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനാണെന്ന കാര്യം അദ്ദേഹം സൗകര്യപൂര്‍വം വിസ്മരിക്കുന്നു. യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന മുഖ്യമന്ത്രിമാര്‍ അവര്‍ക്ക് ലഭ്യമാകേണ്ട അവകാശങ്ങള്‍ അക്കമിട്ടാണ് പ്രധാനമന്ത്രിക്ക് മുമ്പില്‍ നിരത്തിയത്.
കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ടെങ്കിലും കേന്ദ്രം ഇതുവരെ അനുകൂലമായ നിലപാട് എടുത്തിട്ടില്ല. നീതി ആയോഗ് യോഗത്തിലും ഈ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു. എയിംസ് കിട്ടാതെ പോയ ചുരുക്കം ചില സംസ്ഥാനങ്ങളില്‍ കേരളവും പെടുന്നു. അത്യാധുനിക ആരോഗ്യ സംരക്ഷണ കേന്ദ്രം സംസ്ഥാനത്ത് സ്ഥാപിക്കണമെന്ന് കേരളം നിരന്തരമായി ആവശ്യപ്പെട്ടുപോരുന്നതാണ്.
സ്വാമിനാഥന്‍ റിപ്പോര്‍ട്ടനുസരിച്ച് റബറിന്റെ താങ്ങുവില നിശ്ചയിക്കുക, നാളികേര കര്‍ഷകരെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റുവാന്‍ കൊപ്രക്ക് താങ്ങുവില പ്രഖ്യാപിക്കുക, നീതി ആയോഗിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുവാന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍കൊള്ളുന്ന സമിതി രൂപീകരിക്കുക, ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ അടുത്ത ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കുക തുടങ്ങി പല ആവശ്യങ്ങളും യോഗത്തില്‍ മുഖ്യമന്ത്രി ഉന്നയിക്കുകയുണ്ടായി. ആരോഗ്യമേഖലയിലെ ആര്‍ദ്രം പദ്ധതി കേരളം പലതവണയായി ആവശ്യപ്പെടുന്നതാണ്. എന്നാല്‍, കേന്ദ്രം പുറംതിരിഞ്ഞ് നില്‍പ്പാണ്. സംസ്ഥാനങ്ങള്‍ക്കുള്ള വിഭവ വിതരണത്തില്‍ കേന്ദ്രം തുല്യത ഉറപ്പാക്കുക എന്ന ആവശ്യം ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.
കാലവര്‍ഷക്കെടുതി അനുഭവിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കാനാണ് പ്രധാനമന്ത്രി നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അമിതാബ് കാന്തിനോടാവശ്യപ്പെട്ടത്. അത് നല്ലകാര്യം തന്നെയാണ്. എന്നാല്‍, മുഖ്യമന്ത്രിമാര്‍ ഉന്നയിച്ച ആവശ്യങ്ങളോട് പ്രധാനമന്ത്രി അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്. രാജ്യത്ത് എല്ലാവര്‍ക്കും ശുചിമുറി ഉറപ്പാക്കുമെന്നാണ് ഇപ്പോഴും അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്. നീതി ആയോഗ് യോഗത്തിലും അതാവര്‍ത്തിച്ചു.
വിഷയം പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ധനകാര്യ മന്ത്രി ടി.എം തോമസിന്റെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യന്‍ ധനകാര്യ മന്ത്രിമാരുടെ യോഗം ചേര്‍ന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണ്. സംസ്ഥാനങ്ങളുടെ റവന്യൂ വരുമാനം കുറയുമ്പോള്‍ ധനകമ്മി നികത്താനാണ് കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നത്. അത് നല്‍കാതെ പിടിച്ചുവയ്ക്കുമ്പോള്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുവാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയാതെവരുന്നു. ഇത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഇത്തരം ഗ്രാന്റ് നല്‍കേണ്ടതുണ്ടോ എന്ന പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ചോദ്യം തന്നെ അപ്രസക്തമാണ്. അത് ജനാധിപത്യ ഭരണ സമ്പ്രദായത്തിനെതിരെയുള്ള വെല്ലുവിളിയുമാണ്. ചര്‍ച്ചകളോ സംഭാഷണമോ കൂടാതെ കേന്ദ്രസര്‍ക്കാരിന് തന്നിഷ്ടം പ്രവര്‍ത്തിക്കാനുള്ള ഉപകരണമല്ല പതിനഞ്ചാം ധനകാര്യ കമ്മീഷന്‍.
പതിനഞ്ചാം ധനകാര്യ കമ്മീഷനെ ഒരുവശത്ത് കേന്ദ്രസര്‍ക്കാര്‍ ഇവ്വിധം ഭരണഘടനയെയും ഫെഡറല്‍ സ്വഭാവത്തെയും തകര്‍ക്കാനായി ഉപയോഗപ്പെടുത്തുമ്പോള്‍ മറുവശത്ത് നടക്കുന്ന നീതി ആയോഗ് പോലുള്ള സമ്മേളനങ്ങള്‍ക്കെന്തര്‍ഥം. അത്തരം സമ്മേളനങ്ങള്‍ വെറും പ്രഹസനങ്ങളായി മാത്രമേ കാണാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."