വായനയുടെ രാഷ്ട്രീയം
എഴുത്തും വായനയും മനുഷ്യവംശത്തിന്റെ വളര്‍ച്ചയിലെ പ്രധാന ഏടുകളില്‍ ഒന്നാണ്. പഴയ എഴുത്തുകാര്‍ പുതിയ എഴുത്തുകാര്‍ എന്നൊക്കെ പറയുമെങ്കിലും ആത്യന്തികമായി വായിക്കുന്ന തലമുറകള്‍ നിതാന്തമായി വായിക്കാനിഷ്ടപ്പെടുന്നു. ഷേക്‌സ്പിയറും ഗാന്ധിയും മാര്‍ക്‌സുമെല്ലാം കാലാതീതമായി ദേശാതിര്‍ത്തികള്‍ക്കപ്പുറം തലമുറകളെ സ്വാധിനിച്ചു മുന്നോട്ടുപോവുകയാണ്. ഓരോ ഗ്രാമത്തിലും ഓരോ ഗ്രന്ഥാലയങ്ങള്‍ വേണമെന്ന ഗാന്ധിയന്‍ കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കാന്‍ വീടുകള്‍തോറും കയറിയിറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ച് സനാധന ധര്‍മവായനശാല ആരംഭിക്കുകയും പിന്നീട് ഗ്രന്ഥശാലാ സംഘത്തിനും രൂപം നല്‍കിയ പി.എന്‍ പണിക്കരുടെ സ്മരണാര്‍ഥമാണ് ജൂണ്‍ 19 മുതല്‍ ഒരാഴ്ച വായനാവാരാചരണം ആചരിക്കുന്നത്. 'വായനയ്ക്കു പകരം നോക്കുന്ന' തലമുറയുടെ കാലഘട്ടം കൂടിയാണിത്. വാട്‌സ്ആപ് നോക്കുക, ഫേസ്ബുക്ക് നോക്കുക അങ്ങനെയങ്ങനെ...
'വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക' എന്നതായിരുന്നു പി.എന്‍ പണിക്കരുടെ മുദ്രാവാക്യം. ലോകത്ത് അറിയപ്പെട്ട പ്രതിഭകളെല്ലാം നല്ല വായനക്കാരായിരുന്നു. അവരുടെ വളര്‍ച്ചയും ചിന്തകളും രൂപപ്പെട്ടതു വായനയിലൂടെ തന്നെയായിരുന്നു. യുവാക്കളുടെ ആവേശമായ മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍കലാം തന്റെ വായനാനുഭവം പങ്കുവയ്ക്കുകയുണ്ടായി. കൈയില്‍ കാശില്ലാത്തതിനാല്‍ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങളാണു താന്‍ കുട്ടിക്കാലത്ത് വായിക്കാറെന്നും വീട്ടില്‍ പോകാന്‍ കാശില്ലാതെ പുസ്തകം വില്‍ക്കാന്‍ പോയപ്പോള്‍ തന്റെ പുസ്തകത്തോടുള്ള സ്‌നേഹം കണ്ട് പുസ്തക വില്‍പനക്കാരന്‍ പുസ്തകം പണയംവച്ച് വായ്പയായി പണം നല്‍കുമായിരുന്നുവെന്നും അദ്ദേഹം വിവരിക്കുകയുണ്ടായി.
'അറിവുള്ളവനും ഭരണാധികാരിയും ഒരു പോലെയല്ലെന്നും ഭരണാധികാരി സ്വന്തം രാജ്യത്തിലേ ബഹുമാനിക്കപ്പെടുകയുള്ളൂവെന്നും എന്നാല്‍ അറിവുള്ളവന്‍ ലോകത്തിന്റെ ഏതു കോണിലും ആദരിക്കപ്പെടുമെന്നാണ്' കൗടില്യന്‍ അഭിപ്രായപ്പെട്ടത്. വര്‍ത്തമാനകാലത്ത് ഭരണാധികാരിക്കു സ്വരാജ്യത്ത് പോലും ആദരവ് കര്‍മഫലം കൊണ്ട് ലഭിക്കുന്നില്ലെന്നതാണു യാഥാര്‍ഥ്യം. ചിക്കാഗോയിലെ ലോകമത സമ്മേളനത്തില്‍ ഒരു സാദാ സന്യാസിയായി പങ്കെടുത്ത സ്വാമി വിവേകാനന്ദനെ തന്റെ പ്രസംഗത്തോടെ സര്‍വരുടെയും ആദരവ് പിടിച്ചുപറ്റുന്നതിലേക്ക് എത്തുവാന്‍ സഹായിച്ചത് അറിവാണ്. അറിവ് ആര്‍ജിക്കുവാന്‍ എളുപ്പ മാര്‍ഗം വായിക്കുക എന്നുള്ളതു തന്നെയാണ്.
പക്ഷേ, എന്തു വായിക്കണം എന്തെഴുതണം എന്നു ഭരണകൂടം തീരുമാനിക്കുന്ന വര്‍ത്തമാന കാലഘട്ടത്തിലാണ് ഈ വര്‍ഷത്തെ വായന വാരാചരണം.
വായനയിലൂടെയാണു ജനം പ്രബുദ്ധരാകുന്നത്. അതറിഞ്ഞാണ് ഒരുകാലത്ത് ബ്രിട്ടീഷുകാര്‍ ഗാന്ധിജിയുടെ ഹിന്ദ് സ്വരാജിനും ദേശീയ നേതാക്കളുടെ പത്രങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതും വെര്‍ണാകുലര്‍ ആക്ട് പോലുള്ള നിയമങ്ങള്‍ കൊണ്ടുവന്നതും. തിരുവിതാംകൂറില്‍ ദിവാന്‍ ഭരണത്തിലെ അനീതിക്കെതിരെ എഴുതിയതിനാലാണു സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള നാടുകടത്തപ്പെടുന്നതും പ്രജാസഭയിലേക്കുള്ള അദ്ദേഹത്തിന്റെ വിജയം അസാധുവാകുന്നതും.
ഉത്തര കൊറിയയില്‍ ഉള്‍പ്പെടെ ഇപ്പോഴും രാഷ്ട്രത്തിന്റെ കൈയിലുള്ള മാധ്യമങ്ങളിലെ വാര്‍ത്ത മാത്രമാണു ജനങ്ങള്‍ക്കു ലഭ്യമാകുന്നത്. സത്യം ജനങ്ങള്‍ മനസിലാക്കാതിരിക്കാന്‍ ഭരണകൂടങ്ങള്‍ ചെയ്യുന്ന ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഇതൊക്കെ. എഴുത്തിനെയും വായനയെയും അധികാരികള്‍ എന്തുമാത്രം ഭയക്കുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നു പറയുമ്പോഴും എഴുത്തുകാര്‍ കൊല ചെയ്യപ്പെടുകയും പുസ്തകങ്ങള്‍ പിന്‍വലിക്കപ്പെടുകയും അതിനു ഭരണകൂടത്തിന്റെ പിന്തുണ ലഭിക്കുകയും ചെയ്യുന്നു. സത്യം പറഞ്ഞാലും ചരിത്രത്തെയും വസ്തുതകളെയും വിമര്‍ശനാത്മകമായി വിശകലനം ചെയ്യുകയോ അവതരിപ്പിക്കുകയോ ചെയ്താല്‍ ജീവന്‍ തന്നെ പോകുന്ന സാഹചര്യമാണു നിലവിലുള്ളത്. പെരുമാള്‍ മുരുകനെപ്പോലുള്ളവര്‍ എഴുത്തു നിര്‍ത്തുന്നതിലേക്കും എഴുത്തുകാര്‍ അവാര്‍ഡുകള്‍ തിരിച്ചുനല്‍കുന്നതിലേക്കും ഇന്ത്യ മാറിയിരിക്കുന്നു.
കുട്ടികളാണു നാളെയെ നയിക്കേണ്ടത്. അതിനുതകുന്ന തരത്തിലാണു നമ്മുടെ പാഠപുസ്തകങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, ഇന്നു കേന്ദ്ര സര്‍ക്കാര്‍ ചരിത്രത്തെ വളച്ചൊടിക്കുകയും ഗാന്ധി ഘാതകനായ ഗോഡ്‌സെയെപ്പറ്റി മൗനം പാലിക്കുന്ന, നെഹ്‌റുവിനെപ്പോലുള്ളവരുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പങ്ക് വിസ്മരിച്ചുള്ള പുസ്തകങ്ങള്‍ കുട്ടികള്‍ക്കു വിതരണം ചെയ്യുന്നു. കുട്ടികള്‍ എന്തു വായിക്കണമെന്നും എങ്ങനെ വളരണമെന്നും ഭരണകൂടവും അതിനു നേതൃത്വം നല്‍കുന്ന ബി.ജെ.പിയും പിന്തുണക്കുന്ന ഹിന്ദുത്വ സംഘടനകളും തീരുമാനിക്കുന്ന വര്‍ത്തമാന കാലഘട്ടം വായനയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യേണ്ട ഒന്നാകുന്നു. ഇത്തരം സങ്കുചിത രാഷ്ട്രീയത്തെ ഇല്ലാതാക്കുകയും സ്വതന്ത്ര ചിന്തയെയും വായനയെയും വീണ്ടെടുക്കുകയും അതിലൂടെ 'വായിച്ചു വളരുന്ന ചിന്തിച്ചു വിവേകം നേടുന്ന' തലമുറയെ വാര്‍ത്തെടുക്കുകയും ചെയ്യുക എന്നിടത്താണ് ഇത്തവണത്തെ വായനാചരണം.
(തൃശൂര്‍ കേരളവര്‍മ കോളജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."