ലോകകപ്പിലെ ലോക തോല്‍വികള്‍
ലോകകപ്പ് മത്സരങ്ങള്‍ക്ക് മുമ്പെ നടത്തിയ പ്രവചനങ്ങള്‍ക്കെല്ലാം കിട്ടിയത് പൂജ്യം മാര്‍ക്ക്. കാരണം എല്ലാവരും വമ്പന്‍ ടീമുകള്‍ ഗോള്‍ നേടുന്നതും ജയിക്കുന്നതും ചാംപ്യന്മാരാകുന്നതും മാത്രമാണ് സ്വപ്നം കണ്ടത്. ചെറിയ ടീമുകളെക്കുറിച്ച് ചിന്തിച്ചില്ലെന്ന് മാത്രമല്ല അവരെക്കുറിച്ച് ഓര്‍ത്തതു പോലുമില്ല. ലോകോത്തര ടീമുകളാണെന്ന് അവകാശപ്പെടുന്ന ടീമുകളായ സ്‌പെയിന്‍, അര്‍ജന്റീന, ബ്രസീല്‍, ജര്‍മനി, കൊളംബിയ എന്നീ ടീമുകളുടെ പ്രകടനങ്ങള്‍ പ്രാഥമിക മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നിരാശയാണ് നല്‍കുന്നത്. പോര്‍ച്ചുഗല്‍ മാത്രമാണ് പോരാട്ട വീര്യം പുറത്തെടുത്ത് കരുത്ത് കാണിച്ചത്.
അതാവട്ടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവ് കൊണ്ട് മാത്രം. കാരണം സ്‌പെയിന്‍ - പോര്‍ച്ചുഗല്‍ മത്സരത്തിനിടെ റൊണാള്‍ഡോ നേടിയ മൂന്ന് ഗോളുകളില്‍ രണ്ട് ഗോളും വ്യക്തിഗത കഴിവായിരുന്നു. ഒരു പെനാല്‍റ്റിയും രണ്ടാമത്തേത് ഫ്രീകിക്കും. രണ്ടാമതായി എടുത്ത ഫ്രീകിക്ക് ഗോളും സ്വന്തം കഴിവുകൊണ്ടുമാത്രമാണ് വലയിലെത്തിച്ചത്. നടന്നു കൊണ്ടു പോയി പന്ത് വലയിലാക്കാനുള്ള ശക്തിയും കരുത്തും ഉണ്ടായിരുന്ന സ്‌പെയിനിനും ഒരു ഗോള്‍ അധികം അടിച്ച് ജയം സ്വന്തമാക്കാനായില്ല. ബെല്‍ജിയം മാത്രമാണ് ആധികാരിക ജയം നേടി പ്രതീക്ഷകള്‍ കാത്തത്. ലോക ടീമെന്ന പേര് അതോടെ അവര്‍ കാത്തു.
അര്‍ജന്റീന ഐസ്‌ലന്റ് മത്സരത്തില്‍ യഥാര്‍ഥത്തില്‍ അര്‍ജന്റീനക്ക് തോല്‍വി തന്നെയായിരുന്നു. 1-1 ന്റെ സമനിലയായിരുന്നെങ്കിലും ഐസ്‌ലന്റ് വിജയവുമായിട്ടാണ് മടങ്ങിയത്. കാരണം അര്‍ജന്റീനയുടെ ആദ്യ ഇലവന്‍ കണ്ടാല്‍ ആരും പറഞ്ഞു പോകും നാലു ഗോളിനെങ്കിലും ജയിക്കുമെന്ന്. പക്ഷേ ഫുട്‌ബോളില്‍ പ്രവചനങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും അതിനേക്കാള്‍ സാധ്യതയുള്ള മറ്റൊന്നു കൂടിയുണ്ട്. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന സാധ്യത, അതു തന്നെയായിരുന്നു ഐസ്‌ലന്റ്-അര്‍ജന്റീന മത്സരത്തില്‍ കണ്ടത്. 1-1 എന്ന സ്‌കോറില്‍ സമനിലയില്‍ നില്‍ക്കുമ്പോള്‍ കൈയിലേക്ക് വച്ചു തന്ന ജയം മെസ്സിക്ക് സ്വീകരിക്കാനായില്ല. പെനാല്‍റ്റിയെടുക്കുന്ന സമയത്ത് അത് അടിക്കുന്നയാള്‍ക്കും തടുക്കാന്‍ വേണ്ടി മുന്നില്‍ നില്‍കുന്ന കീപ്പര്‍ക്കും ഒരേ സാധ്യതയാണുള്ളത്. തടുക്കാനുള്ള സാധ്യത 50 ശതമാനവും വലയിലാക്കാനുള്ള സാധ്യത 50 ശതമാനവും. ആ സാധ്യത മെസ്സിക്ക് ഉപയോഗിക്കാനാകാതെ വന്നതാണ് ലോകകപ്പിലെ മറ്റൊരു പരാജയം. അതിനിടക്ക് ക്രൊയേഷ്യ വന്ന് നല്ല ഫുട്‌ബോളും അര്‍ഹിച്ച ജയവും സ്വന്തമാക്കി മടങ്ങി. പിന്നീട് നടന്ന മെക്‌സിക്കോ-ജര്‍മനി മത്സരം ലോക തോല്‍വിയായി ചൂണ്ടിക്കാണിക്കാന്‍ പറ്റിയ ഒന്നാണ്.
കാരണം ഏതര്‍ഥത്തിലും ലോക ചാംപ്യന്‍മാരുടെ തോല്‍വി ലോക തോല്‍വി തന്നെയാണ്. ടീമില്‍ ലോകതാരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. മെക്‌സിക്കോയെ ഗോളില്‍ മുക്കിക്കൊല്ലാമെന്ന ജോക്വിം ലോയുടെ തന്ത്രത്തെ ചെറുത്ത് തോല്‍പ്പിച്ചതില്‍ മെക്‌സിക്കന്‍ പ്രതിരോധത്തിന് നൂറില്‍ നൂറു മാര്‍ക്കും നല്‍കാം. കാരണം ജര്‍മനിയുടെ ഹാഫിലും ഫോര്‍വേഡിലും കളിച്ചിരുന്ന സെമി ഖദീറ, തോമസ് മുള്ളര്‍, ഡ്രാക്‌സ്‌ലര്‍, വാര്‍ണര്‍, ഓസില്‍, ടോണി ക്രൂസ് എന്നിവര്‍ എങ്ങനെ ശ്രമിച്ചിട്ടും പന്ത് വലയിലെത്തിക്കാനായില്ല. ലൊസാനോയേയും ഹെര്‍ണാണ്ടസിനേയും മുന്നില്‍ നിര്‍ത്തി ബാക്കി ഒമ്പത് പേരും പ്രതിരോധം തീര്‍ത്തു. ഓരോ സമയത്തും ജര്‍മന്‍ താരങ്ങളെ മെക്‌സിക്കന്‍ പ്രതിരോധം തിരിച്ചോടിച്ചു കൊണ്ടിരുന്നു. ബ്രസീല്‍ സ്വിറ്റ്‌സര്‍ലന്റ് മത്സരവും ഫലത്തില്‍ പരാജയം തന്നെയായിരുന്നു. ലോക ടീമായ ബ്രസീലിന് ജയത്തില്‍ കുറഞ്ഞതെന്തും പരാജയത്തിന് തുല്യമാണ്.
കളിയിലെ ബ്രസീലിന്റെ ഗോള്‍ കഠിനാധ്വാനത്തില്‍ നിന്ന് പിറന്നതായിരുന്നു. ആദ്യ 10 മിനുട്ടിലെ കളിയും കുട്ടീഞ്ഞോയുടെ ഗോളും കണ്ടതോടെ സ്വിറ്റ്‌സര്‍ലന്റിനെ ഗോളില്‍ മുക്കിക്കൊല്ലുമെന്ന തോന്നലുണ്ടായി. കോര്‍ണര്‍കിക്കിലും ഫ്രീകിക്കിലും എതിര്‍ ടീമംഗങ്ങളെ പിന്നില്‍ നിന്ന് മാര്‍ക്ക് ചെയ്യണമെന്ന പ്രാഥമിക തന്ത്രം ബ്രസീല്‍ മറന്നുപോയി. അതിന്റെ വിലയാണ് സ്വിറ്റ്‌സര്‍ലന്റ് ഗോള്‍ തിരിച്ചു നല്‍കിയത്. കാസമിറോക്കും മാഴ്‌സലോക്കും മികച്ച കളി പുറത്തെടുക്കാന്‍ കഴിയാതെ പോയതും വിനയായി. പ്രതിരോധ നിരയില്‍ തിയാഗോ സില്‍വയുടെ സാന്നിധ്യമായിരുന്നു ബ്രസീലിന് എടുത്തു പറയാനുള്ള ഒരു കാര്യം. കളിക്കിടെ നെയ്മറുടെ വീഴ്ച വല്ലാതെ അലോസരപ്പെടുത്തിയ ഒന്നാണ്. നെയ്മറുടെ സൈഡില്‍ കളിച്ചിരുന്ന സ്വിസ് താരങ്ങളായ ബഹ്‌റാമി, സ്‌കാര്‍, ലിച്ച്സ്റ്റീനര്‍ എന്നിവര്‍ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചത് നെയ്മറിനെ വീഴ്ത്തിയതിനായിരുന്നു. ഞാന്‍ ലോക താരമാണ്, എന്നെ തൊടല്ലെ ഞാനിപ്പൊ വീഴുമെന്ന രീതിയിലുള്ള പ്രകടനം മാറ്റി നിര്‍ത്തിയാല്‍ നെയ്മര്‍ക്ക് നന്നായി കളിക്കാമായിരുന്നു.
കളിച്ച് പന്ത് എതിര്‍ ബോക്‌സിലെത്തിക്കാന്‍ ശ്രമിക്കാതെ ഫൗളിന് വേണ്ടി മാത്രം കളിച്ചപോലെയായിരുന്നു നെയ്മറുടെ കളി. ഇംഗ്ലണ്ട് തുണീഷ്യ മത്സരത്തില്‍ ഇഞ്ചുറി ടൈമിലാണ് ഇംഗ്ലണ്ട് ഗോള്‍ നേടിയത്. തുണീഷ്യയെ അരഡസന്‍ ഗോളിനെങ്കിലും തോല്‍പിക്കാമായിരുന്നിട്ടും ഇംഗ്ലണ്ട് വിറച്ചാണ് ജയം സ്വന്തമാക്കിയത്. എന്തായാലും പ്രതീക്ഷകളും പ്രവചനങ്ങളും അപ്രസക്തമാകുന്ന പ്രകടനങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അടുത്ത ദിവസങ്ങളും ഇങ്ങനെയാണ് കളി നീങ്ങുന്നതെങ്കില്‍ 2018ല്‍ നമുക്ക് പുതിയൊരു ലോക ചാംപ്യനെ കാണേണ്ടി വരുമെന്നതില്‍ തര്‍ക്കമൊന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."