ഡല്‍ഹിയില്‍ മദ്യം വാങ്ങാന്‍ തിരക്കോടു തിരക്ക്
മദ്യത്തിന് സ്‌പെഷല്‍ കൊറോണ ഫീ ചുമത്തി സര്‍ക്കാര്‍
ന്യൂഡല്‍ഹി: മദ്യത്തിന് വില വര്‍ധിപ്പിച്ചിട്ടും ഡല്‍ഹിയിലെ കുടിയന്മാര്‍ പിന്മാറാന്‍ തയാറല്ല. 40 ദിവസത്തിനു ശേഷം മദ്യഷാപ്പുകള്‍ തുറന്ന് രണ്ടാമത്തെ ദിവസമായ ഇന്നലെയും തലസ്ഥാനത്തെ മദ്യഷാപ്പുകള്‍ക്കു മുന്നില്‍ നീണ്ട വരി പ്രത്യക്ഷപ്പെട്ടു.
തിങ്കളാഴ്ച രാത്രിയോടെ മദ്യവിലയില്‍ വലിയ തോതിലുള്ള വര്‍ധനവ് സര്‍ക്കാര്‍ വരുത്തിയിരുന്നു. കൊറോണ ഫീ എന്ന പേരില്‍ 70 ശതമാനം വര്‍ധനവാണ് മദ്യത്തിന്റെ നികുതിയില്‍ വരുത്തിയത്. മദ്യഷോപ്പുകള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6.30 വരെ തുറക്കാന്‍ അനുവദിക്കണമെന്ന് തിങ്കളാഴ്ച അര്‍ധരാത്രി പുറപ്പെടുവിച്ച ഉത്തരവില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പൊലിസിനോട് ആവശ്യപ്പെട്ടു. ഒരു കുപ്പി മദ്യത്തിന്റെ എം.ആര്‍.പിയിലാണ് 70 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതായത് 1000 രൂപ വിലയുള്ള ഒരു കുപ്പി മദ്യത്തിന് ഇനി മുതല്‍ 1700 രൂപയായിരിക്കും വില.
ആദ്യ ദിവസം കൊവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണത്തിന്റെ ഭാഗമായ സാമൂഹ്യാകലം പാലിക്കാത്തതിനാല്‍ പലയിടത്തും മദ്യഷോപ്പുകള്‍ തുറന്ന് മണിക്കൂറുകള്‍ക്കകം അടച്ചിരുന്നു. ഇന്നലെയും പലരും സാമൂഹ്യാകലം പാലിക്കാതെയാണ് വരിയില്‍ നിന്നത്. ചിലര്‍ മുഖാവരണമോ തൂവാല പോലുമോ ഇല്ലാതെയാണ് വരിനിന്നത്.
ചന്ദര്‍നഗറില്‍ മദ്യഷോപ്പിനു മുന്നില്‍ വരിനില്‍ക്കുന്നവരുടെ മേല്‍ ഒരാള്‍ പുഷ്പവൃഷ്ടി നടത്തി. സര്‍ക്കാരിന്റെ പക്കല്‍ പണമില്ല, നിങ്ങളാണ് ഈ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നിലനിര്‍ത്തുന്നത്- അയാള്‍ വരിനില്‍ക്കുന്ന കുടിയന്മാരെ നോക്കി പറഞ്ഞു. ആന്ധ്രാപ്രദേശിലും പശ്ചിമ ബംഗാളിലും മദ്യവില വര്‍ധിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."