19 ദിവസത്തിനിടെ കാസര്‍കോട് നാല് ഹര്‍ത്താല്‍
കാസര്‍കോട്: കഴിഞ്ഞ 19 ദിവസത്തിനിടെ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ കണ്ടത് നാലു ഹര്‍ത്താല്‍. ഇത്രയും ദിവസത്തിനിടയില്‍ രണ്ടു ഞായറാഴ്ച അവധിദിനവും കൂടിയായതോടെ 19 ദിവസത്തിനിടെ ആറ് ഒഴിവുദിനങ്ങള്‍ ലഭിച്ചു കാസര്‍കോടെ ജനങ്ങള്‍ക്ക്.
കഴിഞ്ഞ 20ന് അര്‍ധരാത്രി പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്റസ അധ്യാപനായ മുഹമ്മദ് മുസ്ലിയാരെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ പള്ളിയില്‍ കയറി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് 21 ന് നടന്ന ഹര്‍ത്താലോടെയാണ് 19 ദിവസത്തിനിടയിലെ ആദ്യഹര്‍ത്താല്‍ നടന്നത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് അര്‍ദ്ധ രാത്രിയായതിനാല്‍ പലരും മുന്‍കൂട്ടി ഹര്‍ത്താല്‍ അറിഞ്ഞിരുന്നില്ല. രാവിലെ വാഹനത്തിലും ട്രെയിനിലും കാസര്‍കോടെക്ക് പുറപ്പെട്ടവര്‍ പാതിവഴിയില്‍ കുടുങ്ങി ഹര്‍ത്താല്‍ ദുരിതം അനുഭവിച്ചു.
31ന് മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത യൂനിയന്‍ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി നടന്ന മോട്ടോര്‍ വാഹന പണിമുടക്കും അക്ഷരാര്‍ഥത്തില്‍ ഹര്‍ത്താലായി.
നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് മരണപ്പെട്ട സംഭവത്തില്‍ തിരുവനന്തപുരത്ത് ഡി.ജി.പി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് അമ്മ മഹിജയെ പൊലിസ് മര്‍ദ്ദിച്ചുവെന്നാരോപിച്ച് സംസ്ഥാനത്ത് യു.ഡി.എഫ് നടത്തിയ ഹര്‍ത്താല്‍ കൂടിയായതോടെ കാസര്‍കോട് മൂന്നാമത്തെ ഹര്‍ത്താലിന്റെയും രുചിയറിഞ്ഞു. കഴിഞ്ഞ ആറിന് വ്യാഴാഴ്ചയാണ് ഈ ഹര്‍ത്താല്‍ നടക്കുന്നത്.
ഇന്നലെ ബി.ജെ.പി പ്രവര്ത്തകന് പൊലിസ് കസ്റ്റഡിയില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ബി.ജെ.പി നടത്തിയ ഹര്‍ത്താല്‍ കൂടിയായതോടെ 19 ദിവസത്തിനിടെ നാലാമത്തെ ഹര്‍ത്താലായി ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."