അഖിലേന്ത്യാ വോളി: മത്സരനിയമത്തില്‍ കുരുങ്ങി സായി പുറത്ത്
വടകര: നിലവാരമുള്ള പ്രകടനം പുറത്തെടുത്തിട്ടും നിയമത്തില്‍ കുരുങ്ങി സായി ഇന്ത്യ അഖിലേന്ത്യ വോളിയില്‍നിന്നു പുറത്തായി. നാലു ടീമുകളുള്ള വനിതാ വിഭാഗത്തില്‍ പ്രഗത്ഭരായ പ്രൊഫഷണല്‍ ടീമുകളെ തോല്‍പ്പിച്ചെങ്കിലും ഫൈനലില്‍ കടക്കാന്‍ സായിയെ മത്സരനിയമം അനുവദിച്ചില്ല. തലശേരിയിലെ സായി പരിശീലന കേന്ദ്രത്തിലെ താരങ്ങള്‍ വടകരയിലെ കായിക പ്രേമികള്‍ക്ക് വോളിബോളിന്റെ സുന്ദരമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഗ്രൗണ്ട് വിട്ടത്. ഇവരുടെ തകര്‍പ്പന്‍ സ്മാഷുകള്‍ക്കും പ്രതിരോധത്തിനും മുന്നില്‍ എതിരാളികള്‍ പതറി.
തലശേരി ബ്രണ്ണന്‍ കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ് സായിക്കുവേണ്ടി കളത്തിലിറങ്ങിയത്. സംസ്ഥാനത്തെ പ്രൊഫഷണല്‍ ടീമുകളായ കെ.എസ്.ഇ.ബിയും കേരളാ പൊലിസും ഇവര്‍ക്കു മുന്നില്‍ മുട്ടുമടക്കി. നാലു ടീമുകളുള്ള വനിതാ വിഭാഗത്തില്‍ വെസ്റ്റേണ്‍ റെയില്‍വേയോട് മാത്രമാണ് സായി അടിയറവ് പറഞ്ഞത്.
കെ.എസ്.ഇ.ബിയും സായിയും വെസ്റ്റേണ്‍ റെയില്‍വേയും രണ്ടുവീതം മത്സരമാണ് ജയിച്ചതെങ്കില്‍ നിയമം സായിയുടെ അവസരം തല്ലിക്കെടുത്തി. മത്സരം അഞ്ചു സെറ്റിലേക്ക് കടന്നാല്‍ ജയിക്കുന്ന ടീമിന് രണ്ടും തോല്‍ക്കുന്ന ടീമിന് ഒരു പോയിന്റും ലഭിക്കും. അല്ലാതെ ജയിച്ചാല്‍ മൂന്നു പോയിന്റ് എന്നതാണ് വോളിബോള്‍ നിയമം.
രണ്ട് മത്സരം ജയിച്ചതില്‍ ഒരു മത്സരം അഞ്ചു സെറ്റ് നീണ്ടതിനാല്‍ സായിക്ക് ഒരു പോയിന്റ് കുറഞ്ഞു.
അതേ സമയം രണ്ടു മത്സരം മാത്രം ജയിച്ച കെ.എസ്.ഇ.ബിക്ക് സായിയുമായുള്ള മത്സരം അഞ്ചുസെറ്റ് നീണ്ടതിനാല്‍ ഒരു പോയിന്റ് കൂടി ലഭിച്ചത് തുണയായി. പ്രൊഫഷണല്‍ ടീമായ കേരള പൊലിസ് കളിച്ച മൂന്നു മത്സരവും തോറ്റാണ് പുറത്തേക്കു പോകുന്നതെങ്കില്‍ സായിയുടെ മടക്കം അഭിമാനത്തോടെയാണ്.
തലശേരി സായിയിലെ താരങ്ങള്‍ ഇത്തരം മത്സരങ്ങള്‍ ഭാവിയിലേക്കുള്ള പടവുകളായാണ് കാണുന്നത്. ഇന്ത്യയിലെ ഏത് പ്രൊഫഷണല്‍ ടീമുകളിലേക്കും അവസരം തുറന്നിടുന്നതാണ് മത്സരങ്ങള്‍. വടകരയില്‍ കളിച്ച കെ.എസ്.ഇ.ബി.യിലെയും കേരള പൊലിസിലെയും വെസ്‌റ്റേണ്‍ റെയില്‍വേയിലേയും താരങ്ങളില്‍ സായി വഴി എത്തിയവരുണ്ട്.
കേരള പൊലിസില്‍ നാലുവര്‍ഷം മുന്‍പ് പ്രവേശനം ലഭിച്ചവരാണ് ഇപ്പോഴും കളിക്കുന്നത്. പുതുരക്തങ്ങള്‍ക്ക് അവസരം കിട്ടാത്തത് പൊലിസിനെ ബാധിച്ചിട്ടുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. തലശേരിയിലെ ഹോസ്റ്റലില്‍ താമസിക്കുന്ന സായി താരങ്ങള്‍ മൂന്നു ദിവസവും അവിടെനിന്നു വന്നാണ് വടകരയിലെ മത്സരത്തില്‍ പങ്കെടുത്തത്. ഇന്നലെ കേരള പൊലിസിനെ തോല്‍പിച്ചിട്ടും അവസരമില്ലാതായ ഇവരെ ഗ്യാലറി കൈയടിയോടെ യാത്രയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."