മടങ്ങാനുള്ള ടിക്കറ്റ് സർക്കാർ ഏറ്റെടുക്കണം; പ്രവാസികളുടെ പ്രതിഷേധം ശക്തമാവുന്നു
ജിദ്ദ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസികളോട് കേന്ദ്ര സര്‍ക്കാര്‍ ക്രൂരത കാട്ടുകയാണെന്ന വിമര്‍ശനവുമായി പ്രവാസികൾ.
ഇപ്പോള്‍ പ്രഖ്യാപിച്ചതിന്റെ പകുതിയൊ അതില്‍ താഴെയോ ഉള്ള ടിക്കറ്റ് നിരക്കില്‍ വിദേശ രാജ്യങ്ങളിലെ വിമാനങ്ങള്‍ ആളുകളെ നാട്ടില്‍ എത്തിക്കാന്‍ തയ്യാറായിട്ടും ചില രാജ്യങ്ങള്‍ സൗജന്യമായി പോലും പ്രവാസികളെ നാട്ടിലെത്തിക്കാം എന്ന് പറഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ അതിന് തയ്യാറായില്ല.
ഇതിനായി എയര്‍പോര്‍ട്ടുകള്‍ തുറന്നുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. കഴിഞ്ഞ മൂന്ന് മാസക്കാലമായി പ്രവാസിസംഘടനകളും മറ്റ് മനുഷ്യ സ്‌നേഹികളും നല്‍കുന്ന ഭക്ഷണം കഴിച്ചു ജീവിതം മുന്നോട്ട് നീക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച തുക മുടക്കി നാട്ടില്‍ പോകാന്‍ സാധിക്കില്ലെന്നും വിവിധ പ്രവാസി സംഘടനകൾ അഭിപ്രായപ്പെട്ടു.
കമ്പനികള്‍ പലതും അടച്ചിരിക്കുകയാണ്. ജോലിക്കാര്‍ക്ക് കൊടുക്കാനുള്ള ആനുകൂല്യങ്ങള്‍ ഒന്നും നല്‍കിയിട്ടുമില്ല. സന്ദര്‍ശക വിസയില്‍ എത്തിയിട്ടുള്ള ആളുകള്‍ തിരിച്ചുപോകാനുള്ള ടിക്കറ്റ് എടുത്തുകൊണ്ടാണ് വന്നിട്ടുള്ളത്. അങ്ങനെയുള്ള ആളുകള്‍ അടച്ച ടിക്കറ്റ് ചാര്‍ജ് തിരികെ വാങ്ങി കൊടുക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.
ഇതുനു പുറമെ അടിയന്തിര ചികിത്സ ആവശ്യമുള്ള അനേകം ആളുകളുണ്ട്. നാട്ടില്‍ എത്തിച്ചു തുടര്‍ ചികിത്സ നടത്തിയെങ്കില്‍ മാത്രമേ ഇവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ സാധിക്കുകയുള്ളു. ഇപ്പോള്‍ പ്രഖ്യാപിച്ച തുക സ്വന്തമായി മുടക്കാന്‍ സാഹചര്യം ഇല്ലാത്ത ആളുകള്‍ക്ക് സൗജന്യ യാത്രാ ടിക്കറ്റ് നല്‍കാനുള്ള ക്രമീകരണം ഉണ്ടാകണമെന്നും എംബസികളില്‍ ഉള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഇത് പോലെയുള്ള ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കണമെന്നും പ്രവാസികൾ ആവിശ്യപ്പെടുന്നു.
എന്നാൽ ആഗോള മഹാമാരിയുടെ പശ്ചാത്തലത്തിൽ യുദ്ധസാഹചര്യമെന്നപോലെ സ്വന്തം പൗരന്മാരെ രക്ഷിച്ച് നാട്ടിലെത്തിക്കുന്നതിന് പണം വാങ്ങുന്നത് ഒരു ക്ഷേമരാഷ്ട്രത്തിന് ചേ൪ന്ന നടപടി അല്ല. ആഗോള തലത്തിൽ തന്നെ രാഷ്ട്രങ്ങൾ പൗരന്മാരോട് ചെയ്യേണ്ട ഉത്തരവാദിത്തമായാണ് ഇതിനെ വിലയിരുത്തുന്നത്.
ഇങ്ങനെ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനായി പ്രവാസികളിൽ നിന്നു തന്നെ പിരിച്ചെടുത്ത വലിയൊരു തുക സർക്കാറിന്റെ പക്കലുണ്ട്. വിദേശങ്ങളിെല ഇന്ത്യക്കാരുടെ അടിയന്തര ക്ഷേമ സഹായ പ്രവർത്തനങ്ങൾക്കായി 2009ൽ കേന്ദ്ര സർക്കാർ തുടങ്ങിയതാണ് ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഐ.സി.ഡബ്ല്യൂ.എഫ്). തുടക്കത്തിൽ 18 രാജ്യങ്ങളിലാണ് ഈ ഫണ്ട് ആരംഭിച്ചതെങ്കിൽ ഇന്ത്യക്കാരുടെ സാന്നിധ്യം ഏറെയുള്ള 43 രാജ്യങ്ങളിൽ ഇപ്പോൾ നിലവിലുണ്ട്. നൂറു കണക്കിന് കോടി രൂപയാണ് ആറ് ഗൾഫ് രാജ്യങ്ങളിലെ മാത്രം ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെ നിയന്ത്രണത്തിലായി ഈ ഫണ്ടിലുള്ളത്.
പ്രവാസികളുടെ അവകാശം തന്നെയാണ് ഫണ്ട്. അവരിൽ നിന്നുതന്നെ പിരിച്ച പണമാണിത്. എംബസികളിലും കോൺസുലേറ്റിലും പാസ്പോർട്ട്-വിസ പുതുക്കൽ, അറ്റസ്റ്റേഷൻ, മറ്റു കോൺസുലർ സേവനങ്ങൾ എന്നിവക്കായി എത്തുന്ന ഓരേ പ്രവാസിയിൽനിന്നും 100 രൂപക്ക് തുല്യമായ തുക കൂടുതൽ വാങ്ങിയാണ് ഫണ്ടിലേക്ക് മാറ്റുന്നത്. ഇതിന് പുറമെ പ്രവാസി സമൂഹത്തിൽനിന്ന് സംഭാവനയും സ്വീകരിക്കുന്നു. യു.എ.ഇയിൽ മാത്രം വർഷംതോറും ആറു കോടിയിലേറെ രൂപയാണ് ഇങ്ങനെ ഫണ്ടിലെത്തുന്നത്.
പാവപ്പെട്ട പ്രവാസികളുടെ അടിയന്തര ചികിത്സക്കും വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനും ആവശ്യമുള്ളവർക്ക് നിയമസഹായം നൽകുന്നതിനുമാണ് ഈ തുക പ്രധാനമായും വിനയോഗിക്കേണ്ടതെന്ന് ഇതുസംബന്ധിച്ച സർക്കാർ നിർദേശത്തിൽ തന്നെ പറയുന്നു. അപ്പോൾ ഇത്തരമൊരു മടക്കയാത്രയിൽ എന്തുകൊണ്ട്
ആ ഫണ്ട് വിനിയോഗിക്കുന്നില്ലെന്നും പ്രവാസികൾ ചോദിക്കുന്നു.
1990ൽ ഗൾഫ് യുദ്ധത്തിന് മുന്നോടിയായി കുവൈത്തിൽ നിന്ന് 1.70 ലക്ഷം ഇന്ത്യക്കാരെ നാട്ടിൽ സൗജന്യമായാണ് വിജയകരമായും എത്തിച്ചിരുന്നതെന്നു പ്രവാസികൾ പറഞ്ഞു.
അതേ സമയം സംസ്ഥാന സർക്കാർ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള ചിലവിന്‍റെ കാര്യത്തിലും വ്യക്തത വരുത്തണമെന്ന് പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."