ജെയ്‌ഷെയുടെ നീക്കം ഇന്ത്യ-പാക് യുദ്ധ സാഹചര്യത്തിന് ഇടയാക്കുന്നു
ന്യൂഡല്‍ഹി: പാകിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇന്ത്യക്കെതിരായി നടത്തിയ ആക്രമണത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ രണ്ടു തവണ യുദ്ധത്തിന്റെ വക്കിലെത്തിയതായി സുരക്ഷാ സൈന്യം.
ഇന്ത്യക്കെതിരേ വിശുദ്ധ യുദ്ധമെന്ന് വ്യക്തമാക്കിയാണ് ജെയ്‌ഷെ മുഹമ്മദ് ആക്രമണം നടത്തുന്നത്. പത്താന്‍ കോട്ട് വ്യോമ കേന്ദ്രം, ഉറിയിലെ സൈനിക കേന്ദ്രം, ശ്രീനഗറിലെ ബാദാമിബാദ് കണ്‍ടോണ്‍മെന്റ്, ജമ്മു കശ്മിര്‍ നിയമസഭാ മന്ദിരം തുടങ്ങിയവ ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങളെല്ലാം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ സാഹചര്യത്തിനാണ് വഴിവച്ചത്.
2001ല്‍ ജെയ്‌ഷെ നടത്തിയ പാര്‍ലമെന്റ് ആക്രണം പാകിസ്താനുമായുള്ള യുദ്ധത്തിന്റെ വക്കിലെത്തിച്ചിരുന്നു. ഇപ്പോള്‍ പുല്‍വാമയില്‍ ഫെബ്രുവരി 14ന് നടന്ന ചാവേര്‍ ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ജീവഹാനി നേരിട്ട സംഭവും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധത്തിന്റെ നിഴലില്‍ എത്തിച്ചിരിക്കുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മോശമാക്കുന്നതില്‍ ജെയ്‌ഷെ മുഹമ്മദിനും അവരുമായി അടുപ്പമുള്ള അല്‍ഖാഇദയും വലിയ പങ്കാണ് വഹിച്ചത്.
2017 നവംബര്‍ 27ന് പാകിസ്താനിലെ ഒകാര ജില്ലയില്‍ ചേര്‍ന്ന രഹസ്യ സമ്മേളനത്തില്‍ ഇരു സംഘടനകളും തമ്മില്‍ ഇതുസംബന്ധിച്ച് ധാരണയിലെത്തിയിരുന്നതായും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദനുമായി ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹര്‍ അടുപ്പം സൂക്ഷിച്ചിരുന്നു. 1999 ഡിസംബര്‍ 31ന് ഇന്ത്യയില്‍ നിന്ന് വിട്ടയച്ചശേഷമാണ് ലാദനുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നത്. കശ്മിര്‍ താഴ്്‌വരയില്‍ ആക്രമണ പരമ്പരയാണ് ജെയ്‌ഷെ നടത്തികൊണ്ടിരിക്കുന്നത്.
2000 ഏപ്രിലില്‍ സുരക്ഷാ സൈന്യത്തിനുനേരെ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 30 പേരാണ് വീരമൃത്യു വരിച്ചത്. തുടര്‍ന്ന് നിരവധി ആക്രമണങ്ങളാണ് കശ്മിരില്‍ ജെയ്‌ഷെയുടെ നേതൃത്വത്തില്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."