മൂന്നാറില്‍ ഇല്ലാത്ത വനഭൂമി റിസര്‍വായി വിജ്ഞാപനം; നടപടി ടാറ്റയുടെ കൈയേറ്റം മറച്ചുവയ്ക്കാന്‍
തൊടുപുഴ: മൂന്നാറില്‍ ഇല്ലാത്ത വനഭൂമി റിസര്‍വായി പ്രഖ്യാപിച്ച് വനംവകുപ്പ് വിജ്ഞാപനമിറക്കിയതായി റവന്യു വകുപ്പ്. റിസര്‍വ് വനമായി വിജ്ഞാപനം ചെയ്ത 17,066 ഏക്കറില്‍ നേരത്തേതന്നെ റിസര്‍വ് വനമായ ഇരവികുളം, ആനമുടി നാഷനല്‍ പാര്‍ക്കുകളുടെ ഭൂമി ഉള്‍പ്പെട്ടതായാണ് കണ്ടെത്തല്‍. 1980 ല്‍ വനം വകുപ്പിന് കൈമാറിയ 17,922 ഏക്കറില്‍ ഭൂരിഭാഗവും ടാറ്റ കൈയേറിയ സാഹചര്യത്തിലാണ് ഇല്ലാത്ത വനഭൂമി റിസര്‍വായി വനംവകുപ്പ് വിജ്ഞാപനം ചെയ്തത്. ടാറ്റയുടെ കൈയേറ്റം മറച്ചുവയ്ക്കാനാണ് വനം വകുപ്പിന്റെ നടപടിയെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ആറുവര്‍ഷം മുന്‍പ് വനഭൂമിയായി പ്രഖ്യാപിച്ച 17,066 ഏക്കര്‍ എവിടെയാണെന്ന് ഇപ്പോഴും വ്യക്തമല്ല.
2011 ജനുവരി ഏഴിന് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ ഏറെ കൊട്ടിഘോഷിച്ച് മൂന്നാറില്‍ നേരിട്ടെത്തി ഏറ്റെടുത്ത ഭൂമിയാണ് എവിടെയാണെന്ന് വനം വകുപ്പിന് ഇപ്പോഴും വ്യക്തതയില്ലാത്തത്. ഈ ഭൂമി ഇപ്പോഴും ടാറ്റയുടെയും കൈയേറ്റക്കാരുടെയും കൈവശമാണ്. മൂന്നാറില്‍ വനം വകുപ്പിന്റെ കൈവശമുണ്ടായിരുന്ന 17,922 ഏക്കര്‍ ഭൂമി നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇല്ലാത്ത ഭൂമി ഉണ്ടെന്ന രീതിയിലാണ് വിജ്ഞാപനം ചെയ്തത്. നയ്മക്കാട് ബ്ലോക്ക് നമ്പര്‍ 41 ല്‍ 148 ഹെക്ടര്‍ ഭൂമി ഇങ്ങനെ വിജ്ഞാപനം ചെയ്തു. ഇവിടെ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കപ്പെട്ടിരുന്നത് രണ്ടു ഭാഗങ്ങളായി 214 ഹെക്ടറാണ്. 107 ഹെക്ടര്‍ വീതമുള്ള രണ്ട് ഭാഗങ്ങളായാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. ഇതില്‍ 107 ഹെക്ടര്‍ വരുന്ന ഒരുഭാഗം നേരത്തെ ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായി വിജ്ഞാപനം ചെയ്തിരുന്നതാണ്.
ഈ ഭൂമിയും ചേര്‍ന്നുകിടക്കുന്ന 41 ഹെക്ടറുമാണ് വീണ്ടും വിജ്ഞാപനം ചെയ്തത്. രണ്ടാമത്തെ 107 ഹെക്ടറിലെ 66 ഹെക്ടര്‍ വനം വകുപ്പിന് നഷ്ടപ്പെട്ടതിനാലാണ് ഒരിക്കല്‍ വിജ്ഞാപനം ചെയ്ത ഭൂമി വീണ്ടും വിജ്ഞാപനം ചെയ്തത്. നയ്മക്കാട് വനഭൂമി ടാറ്റാ കൈയേറിയെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ റവന്യൂ വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന രേഖ. ബ്ലോക്ക് നമ്പര്‍ 37 ല്‍ വനംവകുപ്പിന് കൈമാറിയ ഭൂമി നഷ്ടപ്പെട്ടത് മറച്ചുവയ്ക്കാനാണ് ആനമുടി ഷോല നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായി നേരത്തെ വിജ്ഞാപനം ചെയ്ത ഭൂമി വീണ്ടും റസര്‍വ് വനമായി വിജ്ഞാപനം ചെയ്തതെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടുത്തെ 1599 ഹെക്ടറാണ് വനം വകുപ്പ് വിജ്ഞാപനം ചെയ്തത്. ഇവിടെ യഥാര്‍ഥത്തില്‍ 2285 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാരിനുള്ളത്. 726 ഹെക്ടറാണ് വനം വകുപ്പിന് നഷ്ടപ്പെട്ടത്. വനഭൂമിയായി വിജ്ഞാപനം ചെയ്ത 17,066 ഏക്കര്‍ ഭൂമി ടാറ്റയുടെ തേയിലത്തോട്ടങ്ങള്‍ക്കിടയില്‍ 16 ബ്ലോക്കുകളില്‍ 44 കഷ്ണങ്ങളായാണ് സ്ഥിതിചെയ്യുന്നതെന്ന് മാത്രമാണ് ഇപ്പോള്‍ വനം വകുപ്പ് പറയുന്നത്. ഈ ഭൂമി ക്ലിപ്തപ്പെടുത്താന്‍ സര്‍വേകള്‍ നിരവധി നടന്നെങ്കിലും റിപ്പോര്‍ട്ടുകളൊന്നും ടാറ്റയുടെ സ്വാധീനത്താല്‍ വെളിച്ചം കണ്ടില്ല. ഭൂമി അളന്നുതിരിക്കാതെ വിജ്ഞാപനം ചെയ്യുന്നതില്‍ കാര്യമില്ലെന്ന് പരിസ്ഥിതി സംഘടനകള്‍ അടക്കം അന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ ഈ ഭൂമി ആരുടെയും കൈവശമല്ലെന്നും അതിനാല്‍ അളക്കാതെ വിജ്ഞാപനം ചെയ്യുന്നതില്‍ തെറ്റില്ലെന്നുമായിരുന്നു അന്നത്തെ വനംമന്ത്രി ബിനോയ് വിശ്വം അടക്കമുള്ളവരുടെ നിലപാട്. ടാറ്റയെ സഹായിക്കുന്ന നിലപാടാണ് വനം വകുപ്പ് സ്വീകരിക്കുന്നതെന്ന് അന്നുതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."