ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായി; എല്‍.ഡി.എഫ് യോഗം വെള്ളിയാഴ്ച
തിരുവനന്തപുരം: സീറ്റ് സംബന്ധമായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് അന്തിമ തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫ് യോഗം വെള്ളിയാഴ്ച ചേരും.
ഉച്ചയ്ക്കുശേഷം മൂന്നിനാണ് യോഗം. ഇതിനിടയില്‍ ലോക്താന്ത്രിക് ജനതാദള്‍ വടകര സീറ്റ് നല്‍കണമെന്ന അവകാശവാദമുന്നയിച്ച് വീണ്ടും എല്‍.ഡി.എഫിനെ സമീപിച്ചിട്ടുണ്ട്. അതേസമയം സി.പി.എമ്മും സി.പി.ഐയും ധാരണയിലെത്തി അവരുടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയിലേക്കു കടന്നു. 15 സീറ്റില്‍ സി.പി.എമ്മും നാലു സീറ്റില്‍ സി.പി.ഐയും മത്സരിക്കാനാണ് ധാരണയായത്. ഒരു സീറ്റ് ഒഴിച്ചിട്ടിട്ടുണ്ട്. ജനതാദള്‍ എസില്‍നിന്ന് സി.പി.എം കോട്ടയം സീറ്റ് തിരിച്ചെടുക്കും. സീറ്റ് വേണമെന്ന ആവശ്യത്തില്‍ എല്‍.ഡി.എഫ് യോഗത്തില്‍ ഉറച്ചുനിന്നാല്‍ അവര്‍ക്കു മറ്റൊരു മണ്ഡലം നല്‍കിയേക്കും.
അതിനിടെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്നലെ ചേര്‍ന്നെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നടന്നില്ല. അത് ഇന്നത്തെ സംസ്ഥാന കൗണ്‍സിലിലേക്ക് മാറ്റി. ഇന്നു തീരുമാനമെടുത്തതിനു ശേഷം നാളെയും മറ്റന്നാളുമായി നടക്കുന്ന ദേശീയ എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങളില്‍ ചര്‍ച്ച ചെയ്ത് അന്തിമ പട്ടിക പ്രഖ്യാപിക്കും.
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് സി.പി.എമ്മും നാളെ തുടക്കമിടും. നാളെ സംസ്ഥാന സെക്രട്ടേറിയറ്റും അടുത്ത ദിവസം സംസ്ഥാന കമ്മിറ്റിയും കൂടുന്നുണ്ട്. സിറ്റിങ് എം.പിമാര്‍ക്കെല്ലാം വീണ്ടും അവസരം നല്‍കണോ എന്നും ജില്ലാ കമ്മിറ്റികള്‍ നിര്‍ദേശിച്ച പട്ടികയ്ക്കു പുറത്തുള്ളവരെ പരിഗണിക്കണമോ എന്നുമൊക്കെ ചര്‍ച്ചയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."