വീടാക്രമിച്ച് പൊലിസ് വീട്ടുടമയെയും ഭാര്യയെയും മകനെയും മര്‍ദിച്ചു
പേരാമ്പ്ര: ബന്ധുക്കളുമായുള്ള സ്വത്തു തര്‍ക്കത്തില്‍ വീട്ടുടമയ്ക്കും ഭാര്യയ്ക്കും മകനും പൊലിസ് മര്‍ദനം. പാലേരി കുഴുമ്പില്മീത്തല്-തച്ചാര്കണ്ടി കുഞ്ഞിരാമന്റെ വീട്ടിലാണു വ്യാഴാഴ്ച രാത്രി 11.30ഓടെ നാലംഗ പൊലിസെത്തി അതിക്രമം നടത്തിയത്.
എ.എസ്.ഐയുടെ നേതൃത്വത്തില്‍ വീട്ടിലെത്തിയ പൊലിസ് വാതില്‍ ചവിട്ടിത്തുറന്ന് കുഞ്ഞിരാമനെ മര്‍ദിക്കുകയും തടയാന്‍ ശ്രമിച്ച ഭാര്യ രാധ(51), മകന് രജില്‍കുമാര്‍ എന്നിവരെ അക്രമിക്കുകയുമായിരുന്നു. പ്രാദേശിക സി.പി.എം നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്നാണ് പൊലിസ് അതിക്രമം നടത്തിയതെന്ന് ആരോപണമുണ്ട്. ബന്ധുക്കളുമായി നിലനില്‍ക്കുന്ന സ്വത്തുതര്‍ക്കത്തില്‍ കുഞ്ഞിരാമന്റെ ബന്ധുക്കളുടെ ഭാഗത്ത് സി.പി.എം ഇടപെട്ടതോടെയാണു പ്രശ്നമുണ്ടായത്.
കുഞ്ഞിരാമന് സ്വത്തു തര്‍ക്കത്തില്‍ ബന്ധുക്കളുടെ പേരില്‍ പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ സി.പി.എം നേതൃത്വം പൊലിസില്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയതായാണ് അറിയുന്നത്.
ആക്രമണത്തില്‍ പരുക്കേറ്റ ഭാര്യ രാധയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരുക്കേറ്റ കുഞ്ഞിരാമനും രജില്കുമാറിനും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കി.
അതേസമയം, നിരവധി കേസിലെ പ്രതിയായ കുഞ്ഞിരാമന്റെ വീട്ടിലെത്തി വിളിച്ചുണര്‍ത്തുക മാത്രമാണു ചെയ്തതെന്നും അക്രമം നടത്തിയിട്ടില്ലെന്നും പൊലിസ് പറഞ്ഞു. എന്നാല്‍, തന്റെ പേരില്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ടുള്ള കേസല്ലാതെ മറ്റൊന്നും നിലവിലില്ലെന്നും കേസ് പറഞ്ഞുതീര്‍ക്കാന്‍ തീരുമാനിക്കാനിരിക്കെയാണു മര്‍ദനമെന്നും കുഞ്ഞിരാമന് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."